അഞ്‌ജലി ഗംഗ
ആലപ്പുഴ
ഭർത്താവ് കുക്കറുകൊണ്ട് തലയ്‌ക്കടിച്ച് ഗുരുതരമായി പരിക്കേറ്റ യുവതി. കൊടിയ ഗാർഹിക പീഡനത്തെത്തുടർന്ന് പ്രാഥമിക കർത്തവ്യങ്ങൾ നിർവഹിക്കാൻപോലും കഴിയാത്ത അവസ്ഥയിലായിരുന്നു അവർ. നടക്കാൻപോലും പരസഹായം വേണ്ടിവന്നു. ശാരീരിക ബുദ്ധിമുട്ടുകൾ ചെറുതായെന്ന് ഭേദമായപ്പോഴാണ് വനിതാ സംരക്ഷണ ഓഫീസിലെത്തിയത്. ഇനിയും സഹിക്കാൻ വയ്യെന്ന് പറഞ്ഞാണ് അവസാന പ്രതീക്ഷയുമായി സിവിൽ സ്‌റ്റേഷന്റെ പടവുകൾ ചവിട്ടിയത്. പരാതി ലഭിച്ച് രണ്ട് ദിവസത്തിനകം ചികിത്സയ്‌ക്ക് ആവശ്യമായ ധനസഹായം വനിതാ ശിശുവകുപ്പിൽനിന്ന് ലഭ്യമാക്കി. ദാമ്പത്യബന്ധം വേണ്ട എന്ന് തീർത്തുപറഞ്ഞ യുവതിക്ക് ലീഗൽ സർവീസ് അതോറിറ്റിവഴി നിയമസഹായവും നൽകി.
ഈ വർഷം ലഭിച്ചത്
271 പരാതി
ചെറുതും വലുതുമായി വനിതാ സംരക്ഷണ ഓഫീസിലേക്ക് ഈ വർഷം നവംബർവരെ ലഭിച്ചത് 271 പരാതിയാണ്. ഇതിൽ നേരിട്ട് ലഭിച്ച പരാതികളാണ് അധികവും. പൊലീസ് റഫർചെയ്‌തത് – -35 കേസ്, 181 ഹെൽപ്പ്‌ലൈൻ –- 36, വനിതാ കമീഷൻ വഴി ലഭിച്ചത് –- അഞ്ച്, സ്‌നേഹിത – -21, ഭൂമിക –- രണ്ട്, സീതാലയം –- രണ്ട് എന്നിങ്ങനെയാണ് കണക്കുകൾ. ബാക്കിയുള്ളവ നേരിട്ട് ലഭിച്ചു. ഇതിൽ 91 പരാതി മധ്യസ്ഥ ചർച്ചകളിലൂടെയും കൗൺസലിങ്ങിലൂടെയും പരിഹരിച്ചു. 180 കേസ് കോടതിയുടെ പരിഗണനയ്‌ക്ക് അയച്ചു.
കോടതിയിൽ നിലനിൽക്കുന്ന കേസുകളിലും തീർപ്പായ കേസുകളിലും വനിതാ സംരക്ഷണ ഓഫീസിൽനിന്ന് ഫോൺ മുഖാന്തരവും നേരിട്ടും ഫോളോ അപ് നടത്തി സ്ഥിതിഗതിയിൽ മാറ്റമുണ്ടോ എന്ന് പരിശോധിക്കും. സംരക്ഷണം ആവശ്യമായ സ്‌ത്രീകൾക്ക് ലഭിച്ച പ്രൊട്ടക്ഷൻ ഓർഡർ ലംഘിക്കുകയാണെങ്കിൽ നിയമപ്രകാരം തുടർനടപടികൾ സ്വീകരിക്കും. പിന്നീട് നിയമം അനുശാസിക്കുന്നത് പോലെ പൊലീസിന്റെ സഹായത്തോടെ പ്രതിയെ റിമാൻഡുംചെയ്യാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..