19 December Thursday

മദ്യാസക്തി ഗാര്‍ഹികാന്തരീക്ഷത്തെ 
സംഘര്‍ഷഭരിതമാക്കുന്നു: വനിത കമീഷന്‍

വെബ് ഡെസ്‌ക്‌Updated: Wednesday Dec 18, 2024
ആലപ്പുഴ
മദ്യപാനാസക്തി മൂലമുള്ള പ്രശ്‌നങ്ങൾ ഗാർഹികാന്തരീക്ഷത്തെ സംഘർഷഭരിതമാക്കുന്നതായി വനിത കമീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. സംസ്ഥാന വനിതാ കമീഷൻ ആലപ്പുഴ ഗസ്റ്റ്ഹൗസിൽ സംഘടിപ്പിച്ച ജില്ലാതല അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു കമീഷൻ അധ്യക്ഷ.  
ജില്ലയിലെ അദാലത്തിൽ ലഭിച്ച പരാതികളിൽ നല്ലൊരു ശതമാനവും ഗാർഹിക ചുറ്റുപാടുകളിലെ പ്രശ്‌നങ്ങളായിരുന്നു. അയൽപക്ക അതിർത്തിത്തർക്കങ്ങളും മദ്യപാനത്തെത്തുടർന്നുള്ള അയൽപക്ക കലഹങ്ങളും കമീഷന് മുമ്പാകെ എത്തിയിട്ടുണ്ട്. പല കേസുകളിലും പരാതി കൊടുത്താലും പൊലീസ് സമയബന്ധിതമായി ഇടപെടുന്നില്ല എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. സ്‌ത്രീകളുടെ പരാതികൾ കൈകാര്യം ചെയ്യുന്നതിൽ പൊലീസ് ജാഗ്രത പുലർത്തണമെന്ന് കമീഷൻ അധ്യക്ഷ പറഞ്ഞു.
പരാതികൾ ലഭിക്കുമ്പോൾ അന്വേഷിച്ച് ആവശ്യമായ തുടർനടപടികൾ എടുക്കുകയും കേസ് രജിസ്റ്റർചെയ്യേണ്ടവയിൽ കേസ് രജിസ്റ്റർചെയ്യുകയും വേണം. പൊലീസിൽ നൽകിയ പരാതികളിൽ പൊലീസിനോട് റിപ്പോർട്ട് തേടുകയാണ് കമീഷൻചെയ്യുന്നത്. പലപ്പോഴും സമയബന്ധിതമായി റിപ്പോർട്ട് ലഭിക്കാത്ത സ്ഥിതിയുണ്ട്. പണമിടപാട് തർക്കങ്ങളിൽ പൊലീസിനെതിരെ ആക്ഷേപം ഉയർന്ന പരാതികളും കമീഷന് മുമ്പാകെ എത്തിയിട്ടുണ്ട്. പൊലീസുകാർക്കെതിരായ പരാതികളിൽ അന്വേഷിച്ച് കൃത്യമായ റിപ്പോർട്ട് നൽകണമെന്ന് കമീഷൻ ആവശ്യപ്പെട്ടു.  
വാർഡുതല ജാഗ്രതാസമിതികളുടെ പ്രവർത്തനം ജില്ലയിൽ കൂടുതൽ കാര്യക്ഷമമാക്കണം. അയൽപക്ക തർക്കങ്ങളിലും മദ്യപാനംമൂലമുള്ള ഗാർഹിക പ്രശ്‌നങ്ങളിലും ജാഗ്രതാസമിതികളുടെ ഫലപ്രദമായ ഇടപെടൽ ആവശ്യമാണെന്നും കമീഷൻ നിരീക്ഷിച്ചു.
അദാലത്തിൽ കമീഷൻ 62 പരാതികളാണ്‌ പരിഗണിച്ചത്. 15 കേസുകൾ തീർപ്പാക്കി. 10 കേസുകളിൽ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് മൂന്ന് കേസുകളും ജാഗ്രതാസമിതിക്ക് രണ്ട് കേസുകളും കൈമാറി. 32 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. അദാലത്തിൽ പുതുതായി നാല് പരാതികളും ലഭിച്ചു.
 അദാലത്തിൽ കമീഷൻ അംഗമായ വി ആർ മഹിളാമണിയും പങ്കെടുത്തു. പാനൽ അഭിഭാഷകരായ അഡ്വ. ജീനു എബ്രഹാം, അഡ്വ. രേശ്‌മ ദിലീപ്, വനിതാ സെൽ എസ്‌ഐ എന്നിവരും സഹായിക്കാൻ ഉണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top