05 November Tuesday

കുട്ടനാട്ടിനെ മുക്കി കിഴക്കൻവെള്ളം

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024

വീട്ടിൽ വെള്ളം കയറിയതിനെത്തുടർന്ന്, കൊച്ചുമകന് അനുവദിച്ചുകിട്ടിയ പഠനമുറിയിൽ താമസിക്കുന്ന ആറുപാറയിൽ ശാന്തമ്മ രാജപ്പനും കുടുംബവും

മങ്കൊമ്പ്
പമ്പ, മണിമലയാറുകൾ നിറഞ്ഞുകവിഞ്ഞതോടെ കിഴക്കൻവെള്ളത്തിന്റെ വരവ്‌ കൂടുതൽ ശക്തമായി. ഇതോടെ കുട്ടനാട്ടിലെ കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിലായി. തലവടി, മുട്ടാർ, പുളിങ്കുന്ന്, വെളിയനാട്, കാവാലം പഞ്ചായത്തിലെ കുന്നുമ്മ എന്നിവിടങ്ങളിലെ താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി.  പ്രധാന റോഡുകളിൽ എത്താനുള്ള ഗ്രാമീണ  റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങി. 
ചതുർഥ്യാകരി–-പുളിങ്കുന്ന്, കണ്ണാടി-–-വെളിയനാട് റോഡ്, വാലടി–-മുളക്കാൻതുരുത്തി റോഡിൽ കൃഷ്‌ണപുരം ഭാഗത്തും, പുന്നക്കുന്നം, മാമ്പുഴക്കരി–-എടത്വ, മുട്ടാർ–-നീരേറ്റുപുറം, പുളിങ്കുന്ന്–-ജങ്കാർ റോഡിലും വെള്ളം കയറി. 
വ്യാഴാഴ്‌ച സ്‌കൂളുകൾ പ്രവർത്തിച്ചെങ്കിലും ഭൂരിഭാഗം വിദ്യാർഥികൾക്കും എത്താനായില്ല. മുട്ടാർ പഞ്ചായത്തിലെ സ്‌കൂളുകൾ ഒന്നും പ്രവർത്തിച്ചില്ല. ജലനിരപ്പ് അപകടകരമാം വിധം ഉയർന്നിട്ടും അവധി നൽകാതിരുന്നത് രക്ഷകർത്താക്കളുടെ പ്രതിഷേധത്തിന് കാരണമായി. ബുധനാഴ്‌ചയെക്കാളും വ്യാഴാഴ്‌ച ജലനിരപ്പുയർന്ന്‌ നിൽക്കുകയാണ്. പാടശേഖരങ്ങൾക്കുള്ളിലെ ജലനിരപ്പ്‌ ജലാശയങ്ങളിലേക്കാളും ഉയർന്നതിനാൽ നൂറുകണക്കിന് വീടുകളാണ്‌ വെള്ളത്തിൽ മുങ്ങിയത്‌.
തലവടിയിൽ 100 ഓളം വീടുകളിലും മുട്ടാറ്റിൽ 60 ലേറെ വീടുകളിലും വെള്ളം കയറിയിരുന്നു. ഇത്‌ മാറിയിട്ടില്ല. തോട്ടപ്പള്ളി സ്പിൽവേ വഴി വെള്ളം പുറത്തേയ്ക്ക് വിടുന്നതാണ് അപ്പർ കുട്ടനാട്ടിൽ വെള്ളം കുറയാൻ കാരണം.
      മഴയ്ക്ക് നേരിയ ശമനം ലഭിച്ചെങ്കിലും ജലനിരപ്പ് കാര്യമായി കുറയാത്തതിനാൽ തലവടി, മുട്ടാർ പ്രദേശത്തെ നിരവധി കുടുംബങ്ങൾ ക്യാമ്പുകളിലേക്ക് മാറിയിട്ടുണ്ട്. തലവടി പഞ്ചായത്തിൽ രണ്ട് ക്യാമ്പ്‌  തുറന്നു. നീരേറ്റുപുറം പുത്തൻപറമ്പ് ബിൽഡിങിലും, മണലേൽ സ്കൂളിലുമാണ് ക്യാമ്പ്. ഇവിടെ 75 ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. കുന്നുമ്മാടി -കുതിരച്ചാൽ പ്രദേശത്തെ താമസക്കാരാണ് അധികവും ക്യാമ്പുകളിലേയ്ക്ക് മാറിയത്. 
    മഴ വീണ്ടും കനത്താൽ സ്ഥിതി ഗുരുതരമാകും. കിഴക്കൻ മേഖലയിൽ  മഴ ശക്തി പ്രാപിച്ചാൽപോലും പമ്പ, മണിമല, അച്ചൻകോവിലാറുകൾ വഴി ഒഴുകിയെത്തുന്ന വെള്ളം കുട്ടനാട്ടിൽ പ്രളയസമാനമായ സ്ഥിതിയുണ്ടാക്കും. കുട്ടനാട്ടിലെ പ്രധാന ലിങ്ക് റോഡുകളിൽ കെഎസ്‌ആർടിസി സർവീസ് ബുധനാഴ്ച മുതൽ നിർത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top