ആലപ്പുഴ
‘ഞങ്ങൾ എന്ത് ചെയ്യാനാണ്. ഇവിടെത്തന്നെ ഇങ്ങനെ മുന്നോട്ടുപോകും. ഭാര്യക്ക് ക്യാൻസറാണ്. അവൾക്ക് ക്യാമ്പിലൊന്നും പോയി നിൽക്കാനാകില്ല. കുട്ടനാട്ടുകാർ ആയതുകൊണ്ടുമാത്രമാണ് പിടിച്ചുനിൽക്കുന്നത്’–- മുട്ടാർ വായ്‌പ്പുകരി വീട്ടിൽ വി കെ ഗോപാലൻ (83) വെള്ളക്കെട്ടിലെ ജീവിതത്തെക്കുറിച്ച് പറഞ്ഞു. സംസാരത്തിനിടെ മുറ്റത്തെ അരപ്പൊക്കം വെള്ളത്തിലൂടെ ഭാര്യ പാർവതി ഗോപാലനും വീടിനകത്തെത്തി. പിന്നീട് ഒരടിപ്പൊക്കത്തിൽ വെള്ളംകയറിയ മുറിയിലെ കട്ടിലിലിരുന്ന് ഇരുവരും സംസാരിച്ചുതുടങ്ങി. വർഷം അഞ്ചും ആറും തവണ വെള്ളം കയറും. ഇത്തവണ ഇത് മൂന്നാമത്തെതാണ്. ചെറുവള്ളം മാത്രമാണ് പുറത്തിറങ്ങാൻ ആശ്രയം. വെള്ളവും വെള്ളക്കെട്ടുമെല്ലാം ജീവിതത്തിന്റെ ഭാഗമായി – പാർവതിയമ്മ പറഞ്ഞു.
-മിനിമോൾ റോഡിൽ കാപ്പുപാടത്തിന് സമീപമുള്ള വീട്ടിൽ തൊഴിലാളിയായ ഗോപാലനും ഭാര്യയും തനിച്ചാണ് താമസം. തൊട്ടടുത്ത വീട്ടിൽ താമസിച്ചിരുന്ന സഹോദരി തങ്കമ്മ വെള്ളം പൊങ്ങിയതോടെ മകന്റെ വീട്ടിലേക്ക് മാറി. വൻകുടലിനും ശ്വാസകോശത്തിനും ക്യാൻസർ ബാധിച്ച പാർവതിയമ്മയ്‌ക്ക് ചികിത്സയ്‌ക്കുശേഷം വീടുവിട്ടുപോകാൻ കഴിയില്ല. വീടിനകത്ത് ബ്ലോക്ക് കട്ട ഉപയോഗിച്ച് കട്ടിൽ ഉയർത്തിയാണ് കിടക്കുന്നത്. കട്ടയ്‌ക്ക് മുകളിൽ പലകവിരിച്ചാണ് നടക്കുന്നത്. ഇതെല്ലാം കുട്ടനാട്ടുകാരുടെ ജീവിതത്തിന്റെ ഭാഗമാണെന്നവർ ആശ്വസിക്കുന്നു. ഉടൻ വെള്ളമിറങ്ങുമെന്ന പ്രതീക്ഷയിൽ കഴിയുകയാണ് ഇരുവരും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..