22 December Sunday
വെള്ളക്കെട്ട് രൂക്ഷം

അപ്പർകുട്ടനാട് വെള്ളപ്പൊക്ക ഭീഷണിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024

മുട്ടാറിൽ വെള്ളം കയറിയ തങ്കമ്മയുടെ വീട്

 

മാന്നാർ
കാലവർഷം ശക്തി പ്രാപിച്ച് നദികളിൽ ജലനിരപ്പുയർന്നതോടെ അപ്പർകുട്ടനാടൻ മേഖലകൾ വെള്ളപ്പൊക്ക ഭീഷണിയിലായി. കലങ്ങി മറിഞ്ഞ് വരുന്ന കിഴക്കൻ വെള്ളം തീരദേശ വാസികളെയും കർഷകരെയും ആശങ്കയിലാക്കുന്നു. മഴ കാരണം പമ്പാനദി, അച്ചൻകോവിലാറ്, കുട്ടമ്പേരൂർ ആറ്, പുത്തനാറ് എന്നിവിടങ്ങളിലെ ജലനിരപ്പാണ് ഉയർന്നത്. അപ്പർകുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂ​ക്ഷമാണ്. പരുമല, പന്നായി, പാവുക്കര, വള്ളക്കാലി, മേൽപ്പാടം ഭാഗങ്ങളിലെ പമ്പയാറിന്റെ തീരങ്ങളിൽ താമസിക്കുന്നവർ ആശങ്കയിലാണ്. കുരട്ടിക്കാട് കോട്ടക്കൽ കടവ് പാലം, -പരുമല ആശുപത്രി റോഡ് എന്നിവിടങ്ങളിൽ കനത്ത വെള്ളക്കെട്ടുണ്ട്‌.
  പാവുക്കര വൈദ്യൻ നഗർ, മൂർത്തിട്ട ഭാഗം എന്നിവിടങ്ങളിൽ വെള്ളം കയറിത്തുടങ്ങി. വിരുപ്പിൽ ക്ഷേത്രത്തിനു സമീപം മിക്ക വീടുകളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. പുഞ്ചപ്പാടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്.  ഇലമ്പനം തോട്  മാലിന്യം നിറഞ്ഞ് വെള്ളം ഒഴുകിപ്പോകാനാവാത്ത അവസ്ഥയിലാണ്. തൈച്ചിറ ന​ഗർ, പൊതുവൂർ, മുക്കത്ത് ന​ഗർ, വള്ളാംകടവ്, സ്വാമിത്തറ, പുത്തനാർ, തേവർകടവ്, കുരയ്ക്കലാർ, തകിടി, നാമങ്കേരി, ഇഞ്ചയ്ക്കത്തറ, പറയങ്കേരി, കാരിക്കുഴി, കാങ്കേരിൽ ദ്വീപ്, പാമ്പനംചിറ, വാഴക്കൂട്ടം, വലിയപെരുമ്പുഴ, ഈഴക്കടവ് എന്നിവിടങ്ങളിലെ വീടുകളും വെള്ളക്കെട്ടിലാണ്. മരച്ചില്ലകൾ വൈദ്യുതി ലൈനുകളിൽ വീണ് വൈദ്യുതി മുടക്കവും പതിവാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top