05 November Tuesday

കൃഷി കരയിലും കായലിലും; 
ഫ്രാൻസിസ് ചേട്ടൻ പെർഫെക്‌ട്‌ ഒ കെ

നെബിൻ കെ ആസാദ്‌Updated: Monday Aug 19, 2024

കുളത്തിൽനിന്ന് പിടിച്ച കരിമീനുകളുമായി കെ ജെ ഫ്രാൻസിസ്

ആലപ്പുഴ
വെള്ളൂരിലെ  ഹിന്ദുസ്ഥാൻ ന്യൂസ്‌ പ്രിന്റ്‌ ലിമിറ്റഡ്‌ (ഇപ്പോൾ കെപിപിഎൽ) മാനേജർ പദവിയിൽനിന്ന്‌ 2015ൽ വിരമിക്കുമ്പോൾ ഫ്രാൻസിസിന്‌  ഇനിയെന്ത്‌ ചെയ്യണമെന്ന്‌ സംശയമൊന്നുമുണ്ടായിരുന്നില്ല. തറവാട്‌ വീടിനോട്‌ ചേർന്ന്‌  വാങ്ങിയ ഒന്നരയേക്കർ സ്ഥലം മത്സ്യക്കൃഷിക്കായി ഒരുക്കി. ഒപ്പം ഇവിടെ വിനോദസഞ്ചാരത്തിന്റെ സാധ്യത മുതലെടുക്കാനായി ഉദ്യാനവും തീർത്തു. ഇപ്പോൾ കായലോരത്ത്‌ പൂന്തോട്ടവും മത്സ്യക്കൃഷിയുമൊക്കെയായി വിശ്രമജീവിതം ആനന്ദഭരിതമാക്കുകയാണ്‌ ചേർത്തല നെടുമ്പ്രക്കാട്‌ ആര്യാടൻ വാതുക്കൽ കെ ജെ ഫ്രാൻസിസ്‌. 
2019 മുതൽ മത്സ്യക്കൃഷിയാരംഭിച്ചു. 70 സെന്റിലാണ്‌ കൃഷി. കരിമീനും പൂമീനുമാണ്‌ പ്രധാനം. കായലിനോട്‌ ചേർന്നായതിനാൽ ആറുമാസം ഉപ്പുജലത്തിലാണ്‌ കൃഷി. കരിമീനുകൾക്കായി വല ഉപയോഗിച്ച്‌ സ്ഥലം തിരിച്ചിട്ടുണ്ട്‌. കുളത്തിന്‌ മുകളിൽ വല വിരിച്ചിട്ടുണ്ട്‌. കഴിഞ്ഞവർഷംവരെ വലയിൽ പയറും പാവലും കോവലുമൊക്കെ പടർത്തിയിരുന്നു. ചെറുവഞ്ചി തുഴഞ്ഞുവേണമായിരുന്നു വിളവെടുപ്പ്‌. പച്ചക്കറിയും ഏലവും വാഴയും മക്കോട്ടദേവയുമൊക്കെ പറമ്പിലുണ്ട്‌. പരാഗണം എളുപ്പമാക്കാൻ രണ്ടുപെട്ടി തേനീച്ചയും കൃഷിയിടത്തിന്റെ കാവലിന്‌ "റോക്കി' എന്ന നായയും. 
2022 മുതൽ മത്സ്യവകുപ്പുമായി ചേർന്ന്‌ മത്സ്യക്കൃഷി വിപുലീകരിച്ചു.  "വർഷം രണ്ടുലക്ഷത്തിന്‌ മുകളിൽ വരുമാനമുണ്ട്‌. ലാഭം നോക്കിയല്ല കൃഷിയാരംഭിച്ചത്‌, എനിക്കിതിഷ്‌ടമാണ്‌, തീറ്റ കൊടുക്കാനും മറ്റു കാര്യങ്ങൾക്കുമായി ഈ കുളത്തിനും ചുറ്റും പലതവണ നടക്കുമ്പോൾ ശരീരവും മനസും ഒ കെയാണ്‌'–- ഫ്രാൻസിസ്‌ പറയുന്നു. മത്സ്യക്കൃഷിക്കൊപ്പം ചെറിയ രീതിയിൽ ബോട്ടിങ്ങും ഒഴിവ്‌ സമയം ചെലവഴിക്കാനുള്ള വിനോദങ്ങളുമൊക്കെ സ്ഥലത്തൊരുക്കിയിട്ടുണ്ട്‌. 2022ൽ ചേർത്തല നഗരസഭയിലെ മികച്ച സമ്മിശ്ര കർഷകനായും ഈ വർഷം കഞ്ഞിക്കുഴി ബ്ലോക്കിലെ മികച്ച മത്സ്യകർഷകനായും തെരഞ്ഞെടുക്കപ്പെട്ടു. ഏത്‌ സീസണായാലും വില കൂടിയ സമയമായാലും ഫ്രാൻസിസ്‌ കരിമീൻ വിൽക്കുന്നത്‌ കിലോക്ക്‌ 500 രൂപ നിരക്കിലാണ്‌.  ഭാര്യ ഓമനയും മക്കളായ റോസ്‌മിയും സച്ചിനും (ഇരുവരും ആസ്‌ട്രേലിയ) ടെസ്‌മിയും (ബംഗളൂരു) ചേരുന്നതാണ്‌ കുടുംബം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top