19 December Thursday

ഓടിയെത്തും, ഒപ്പമുണ്ടാകും ഇവരുടെ റോബോട്ട്‌

അഞ്ജലി ഗംഗUpdated: Monday Aug 19, 2024

ജോർജ് ആന്റണി, എബി ജോർജ് തോമസ് , ആരോൺ ജോസഫ് തോമസ് എന്നിവർ ഹ്യൂമൻ ഫോളോയിങ്‌ ബാസ്‌കറ്റുമായി

ആലപ്പുഴ
വലിയ മാളുകളിലും കടകളിലും പോയാൽ പുഷ്‌ട്രോളിയുമായി സാധനം വാങ്ങുന്നത്‌ തന്നെ ഒരു ചടങ്ങാണ്‌. തിരക്കാണെങ്കിൽ പിന്നെ നിരങ്ങിനീങ്ങാൻ പെടാപ്പാടും. എന്നാൽ പോകുന്നയിടത്തേക്ക്‌ ഒരു റോബോട്ട്‌ കൂടെ വന്നാലോ? അതിൽ സാധനങ്ങൾ വാങ്ങിയിടാം, കൈയും ഫ്രീയാകും. 
കുട്ടനാട്‌ സെന്റ്‌ അലോഷ്യസ്‌ സ്‌കൂളിലെ മൂന്ന്‌ എട്ടാം ക്ലാസ്‌ വിദ്യാർഥികൾ ഇത്തരമൊരു ആശയം യാഥാർഥ്യമാക്കിയിരിക്കുകയാണ്‌. ടെക്‌നോ വേൾഡ്‌ ഗ്രൂപ്പ്‌ അംഗങ്ങളായ ജോർജ്‌ ആന്റണി, എബി ജോർജ്‌ തോമസ്‌, ആരോൺ ജോസഫ്‌ തോമസ്‌ എന്നിവരാണ്‌ ഹ്യൂമൻ ഫോളോയിങ്‌ ബാസ്‌കറ്റ്‌ എന്ന ആശയം എടിഎൽ (അടൽ ടിങ്കറിങ്‌ ലാബ്‌) മാരത്തൺ 2023–-2024ൽ അവതരിപ്പിച്ച്‌ ദേശീയതലത്തിൽ നാലാമതെത്തിയത്‌. രാജ്യത്തെ വിവിധ സ്‌കൂളുകളിൽനിന്ന്‌ ലഭിച്ച 19,700 പ്രോജക്‌ടുകളിൽനിന്നാണ്‌ ഈ നേട്ടം കൈവരിച്ചത്‌. ആദ്യ പത്തിലുള്ള കേരളത്തിലെ ഒരേയൊരു സ്‌കൂളും ഇവരുടേതാണ്‌. ഇവർക്ക്‌ അഡൽ ഇന്നോവേറ്റീവ്‌ മിഷൻ നൽകുന്ന ഇന്റേൺഷിപ്പും ലഭിക്കും. ആകെ 500 പ്രോജക്‌ട്‌ തെരഞ്ഞെടുത്തു. ഇതിൽ കേരളത്തിലെ 31 പ്രോജക്‌ട്‌ ഇടംനേടി. 
ദൈനംദിന ജീവിതത്തിൽ നേരിടുന്ന പ്രശ്‌നങ്ങൾ സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഹരിക്കുക എന്നതായിരുന്നു മാരത്തണിന്റെ ആശയം. ഈ ആശയം മുൻനിർത്തിയാണ്‌ പുഷ്‌ട്രോളിയെ വയോധികർക്കും ഭിന്നശേഷിക്കാർക്കും ഉപകരിക്കുന്ന തരത്തിൽ മനുഷ്യരെ പിന്തുടരുന്ന റോബോട്ടാക്കി ഇവർ മാറ്റിയെടുത്തത്‌. 
അർഡ്യൂനോ ബോർഡുകൾ, അൾട്രാസോണിക്‌ സെൻസർ, ഇൻഫ്രാറെഡ്‌ സെൻസറുകൾ എന്നിവ ഉപയോഗിച്ചാണ്‌ റോബോട്ട്‌ നിർമിച്ചത്‌. അൾട്രാസോണിക് സെൻസർ റോബോട്ടും വാങ്ങുന്നയാളും തമ്മിലെ വിടവ് തുടർച്ചയായി അളന്ന്‌ സുരക്ഷിതമായ ദൂരം നിലനിർത്തും. അതേസമയം ഇൻഫ്രാറെഡ് സെൻസറുകൾ ഇരുവശത്തുമുള്ള തടസങ്ങൾ കണ്ടെത്തും. നാല്‌ വീലുകളിലാണ്‌ സഞ്ചാരം. സ്‌കൂളിലെ അഡൽ ടിങ്കറിങ്‌ ലാബിലെ പഠനമാണ്‌ കുട്ടികൾക്ക്‌ മാരത്തണിൽ മികച്ച പ്രകടനത്തിന്‌ ഉപകരിച്ചത്‌. സ്‌കൂളിലെ അധ്യാപകനും അഡൽ ടിങ്കറിങ്‌ ലാബ്‌ കോ–-ഓർഡിനേറ്ററുമായ ജെസ്‌റ്റിൽ കെ ജോണാണ്‌ മാർഗനിർദേശങ്ങൾ നൽകിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top