22 December Sunday
ക്രൈം മാപ്പിങ്ങിന്‌ ഒരുക്കങ്ങളാകുന്നു

പ്രതിരോധമാകാൻ വീണ്ടും 
കുടുംബശ്രീ

സ്വന്തം ലേഖകൻUpdated: Monday Aug 19, 2024
ആലപ്പുഴ
കുറ്റകൃത്യങ്ങൾ തടയാൻ കുടുംബശ്രീ ഇക്കുറിയും ‘ക്രൈം മാപ്പിങ്‌’ നടത്തും. കുറ്റകൃത്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണ്ടെത്തി തടയുക, നടക്കാൻ ഇടയുള്ള മേഖലകൾ കണ്ടെത്തുക, അവ രേഖപ്പെടുത്തി ഭൂപടം തയ്യാറാക്കുക തുടങ്ങിയവയാണ്‌ ക്രൈം മാപ്പിങ്ങിന്റെ ഭാഗമായി നടത്തുക.
സമൂഹത്തിൽ ഏറ്റവും താഴെത്തട്ടിലുൾപ്പെടെ നടക്കുന്ന അതിക്രമങ്ങളെ ചെറുക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് അയൽക്കൂട്ടങ്ങൾ കേന്ദ്രീകരിച്ച് സംവിധാനം തയ്യാറാക്കുന്നത്. സ്‌ത്രീപക്ഷ നവകേരളത്തിനായി കുടുംബശ്രീ നടപ്പാക്കുന്ന പരിപാടികളുടെ ഭാഗമാണിത്. പെരുമ്പളം, ദേവികുളങ്ങര, തണ്ണീർമുക്കം, മാരാരിക്കുളം സൗത്ത്, ചെറുതന, താമരക്കുളം സിഡിഎസുകളിലാണ്‌ പദ്ധതി നടപ്പാക്കുക. മാനസികം, ശാരീരികം, സാമ്പത്തികം, ലൈംഗികം (വീടിനുള്ളിലും പുറത്തും) , സാമൂഹികം, വാചികം തുടങ്ങി ഏഴുതരം കുറ്റകൃത്യങ്ങളെ കേന്ദ്രീകരിച്ചാകും മാപ്പിങ്. കുറ്റകൃത്യങ്ങൾ വിശകലനംചെയ്യാൻ വിദഗ്ധർ സ്വീകരിക്കുന്ന രീതിയാണ്‌ സ്വീകരിക്കുക. 
അയൽക്കൂട്ടപരിധിയിൽ കുട്ടികളെയും സ്‌ത്രീകളെയും അപമാനിക്കുന്ന സ്ഥലങ്ങളുണ്ടെങ്കിൽ വാർഡിന്റെ മാപ്പിൽ സൂചിപ്പിക്കും. അക്രമങ്ങളെ വിവിധ നിറത്തിലായിരിക്കും രേഖപ്പെടുത്തുക. ശാരീരികമായ പീഡനം നടന്നതും നടക്കാൻ സാധ്യതയുള്ളതുമായ പ്രദേശങ്ങൾ ചുവന്നനിറത്തിലും ഭാവപ്രകടനങ്ങളിലൂടെയുള്ള അതിക്രമം നടക്കുന്ന  പ്രദേശങ്ങളെ മഞ്ഞനിറത്തിലുമാകും അടയാളപ്പെടുത്തുക. പിന്നീട്‌ വാർഡിലെ മുഴുവൻ അയൽക്കൂട്ടങ്ങളെയും ഒരു മാപ്പിൽ  അടയാളപ്പെടുത്തും. ഓരോ പഞ്ചായത്തിലെയും മാപ്പുകളും മറ്റ് വിവരങ്ങളും രഹസ്യസ്വഭാവത്തോടെ കലക്‌ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും സാന്നിധ്യത്തിൽ വിശകലനംചെയ്യും. 
സ്‌ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ, ഗാർഹിക പീഡനം തുടങ്ങിയവയെക്കുറിച്ച്‌ ബോധവൽക്കരണവും നടത്തും. വിശദമായ സർവേ നടത്തുന്നതിന്‌ ആറ്‌ സിഡിഎസുകളിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട 36 റിസോഴ്‌സ്‌ പേഴ്‌സൺമാർക്ക്‌ പരിശീലനം നൽകി. സിഡിഎസ്‌ പരിധിയിലെ ഓരോ വാർഡിൽനിന്ന്‌ 50 കുടുംബശ്രീ, ഓക്‌സിലറി ഗ്രൂപ്പ്‌ അംഗങ്ങൾ വിവരശേഖരണത്തിന്റെ ഭാഗമാകും. പ്രാദേശികമായി അതിക്രമങ്ങളുടെ സ്വഭാവം മനസിലാക്കി പ്രതിരോധിക്കാനും തദ്ദേശസ്ഥാപനങ്ങൾക്കും ഏജൻസികൾക്കും സ്വീകരിക്കാവുന്ന നടപടികൾ ആസൂത്രണംചെയ്യാനും മാപ്പിങ്‌ സഹായകമാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top