22 November Friday
സോണി വധക്കേസ്‌

രണ്ട്‌ പ്രതികൾക്ക്‌ ജീവപര്യന്തം തടവ്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024
 
സ്വന്തം ലേഖിക
ആലപ്പുഴ
ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട്‌ യുവാവിനെ വെട്ടിക്കൊന്ന കേസിലെ പ്രതികൾക്ക്‌ ജീവപര്യന്തം ശിക്ഷ. മാരാരിക്കുളം തെക്ക്‌ പഞ്ചായത്ത്‌ 11–-ാം വാർഡ്‌ തത്തങ്ങാട്ട്‌ വീട്ടിൽ സോണിയെ (36) കൊലപ്പെടുത്തിയ ആര്യാട്‌ കോമളപുരം കട്ടിക്കാട്ട്‌ വീട്ടിൽ സാജൻ (34) ആര്യാട്‌ പുതുവലിൽ നന്ദു (29) എന്നിവർക്കാണ്‌ ജീവപര്യന്തവും ഓരോ ലക്ഷം രൂപ പിഴയും വിധിച്ചത്‌. പിഴയൊടുക്കാൻ കഴിയില്ലെങ്കിൽ ഒരു വർഷം അധിക തടവ്‌ അനുഭവിക്കണമെന്ന്‌ അഡീഷണൽ ജില്ലാ ഒന്നാം കോടതി ജഡ്‌ജി റോയ്‌ വർഗീസ്‌ ശിക്ഷ വിധിച്ചു. 
പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചതിന്​ പ്രതിചേർത്ത അഭിഭാഷകൻ അടക്കം മൂന്ന്​ മുതൽ ഏഴുപ്രതികളെയും കോടതി വെറുതെവിട്ടു. മൂന്നാം പ്രതി ആര്യാട്‌ 18–-ാം വാർഡ്‌ വെളുത്തേടത്തിൽ ഷാരോൺ, നാലാം പ്രതി ആര്യാട്‌ തോട്ടയ്ക്കാട്‌ വീട്ടിൽ ബിബിച്ചൻ, അഞ്ചാം പ്രതി കാളാത്ത്‌ വള്ളിക്കാട്ട്‌ വീട്ടിൽ വർഗീസ്‌, പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ആറ്‌, ഏഴ്‌ പ്രതികളായ പ്രേംജിത്ത്‌, വിജീഷ്‌ എന്നിവരെയാണ്‌ കോടതി വെറുതെ വിട്ടത്‌. 
2017 മെയ്‌ ഒമ്പതിനാണ്‌ കേസിനാസ്‌പദമായ സംഭവം. ആലപ്പുഴ അയ്യങ്കാളി ജങ്ഷനിലെ വാടകവീട്ടിലായിരുന്നു കൊലപാതകം. സമീപത്തെ കല്യാണവീട്ടിൽനിന്നുള്ള ഭക്ഷണം ഭാര്യക്കും മക്കൾക്കും നൽകിയതുമായി ബന്ധപ്പെട്ട തർക്കമാണ്​ ആക്രമണത്തിൽ കലാശിച്ചത്​. രാത്രി 8.30ഓടെ സാജനും നന്ദുവും സോണിയെ വീട്ടിൽ നിന്ന്‌ വിളിച്ചിറക്കി സമീപത്തെ വീടിന്റെ മുന്നിലിട്ട്‌ വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. വെട്ടുകത്തിയും കത്തിയും ഉപയോഗിച്ചായിരുന്നു ആക്രമണം.  പരിക്കേറ്റ സോണിയെ ഉടൻ ജനറൽ ആശുപത്രിയിലും പിന്നീട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 
ആലപ്പുഴ നോർത്ത്​ സിഐയായിരുന്ന ജി സന്തോഷ്‌കുമാർ അന്വേഷണം നടത്തിയാണ്​ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്​. ദൃക്‌സാക്ഷികളിൽ സോണിയുടെ ഭാര്യയും മക്കളുമൊഴിച്ച്‌ ബാക്കി എല്ലാവരും പ്രതിഭാഗത്തിന്‌ അനുകൂലമായി മൊഴി മാറ്റിയിരുന്നു. ആകെ 51 സാക്ഷികളെയാണ്‌ വിസ്‌തരിച്ചത്‌. 
വിചാരണ കാലയളവിൽ കോടതിയിൽ സമർപ്പിച്ച തൊണ്ടിമുതലുകൾ മോഷണം പോയതും കേസിന്‌ വെല്ലുവിളിയായിരുന്നു. പിന്നീട്‌ മഹസറുകൾ തെളിവാക്കിയാണ്‌ കോടതി വിചാരണ നടത്തിയത്‌. സംഭവത്തിൽ നോർത്ത്‌ പൊലീസ്‌ സ്‌റ്റേഷൻ കേസ്‌ എടുത്തിരുന്നു. വിചാരണയ്ക്കായി പ്രതികളെ കോടതിയിൽ കൊണ്ടുവന്നപ്പോൾ പൊലീസ്‌ ഉദ്യോഗസ്ഥനെയും പബ്ലിക്‌ പ്രോസിക്യൂട്ടറായ അംബിക കൃഷ്‌ണനേയും ഭീഷണിപ്പെടുത്തിയിരുന്നു. പ്രോസിക്യൂഷന്‌ വേണ്ടി അഡീഷനൽ പബ്ലിക്​ പ്രോസിക്യൂട്ടർ അംബിക കൃഷ്​ണൻ ഹാജരായി.
പ്രതികൾ മറ്റൊരു 
കൊലക്കേസിലും പ്രതികൾ
ജീവപര്യന്തം തടവിന്‌ ശിക്ഷ ലഭിച്ച സാജനും നന്ദുവും കൈനകരി ജയേഷ്‌ കൊലപാതകത്തിൽ വിയ്യൂർ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നവർ. 2014 മാർച്ച് 28ന്​ രാത്രിയിലായിരുന്നു സംഭവം. വീട്ടിലെത്തിയ ഗുണ്ടാസംഘം കൈനകരി തോട്ടുവാത്തല ജയേഷ് ഭവനിൽ ജയേഷിനെ (26) വിളി​ച്ചിറക്കി ഭാര്യ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെ മുന്നിലിട്ട്‌​ ആക്രമിക്കുകയായിരുന്നു​. സമീപത്തെ പാടശേഖരത്തിലേക്ക്​ ഓടിരക്ഷപ്പെടുന്നതിനിടെ പ്രതികൾ ജയേഷിനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. നെടുമുടി പൊലീസ്​ അന്വേഷിച്ച്​ കുറ്റപത്രം സമർപ്പിച്ച കേസിലും ജീവപര്യന്തമായിരുന്നു ശിക്ഷ. ഈ കേസിലെ പ്രതികളെല്ലാം ബിജെപി –-ആർഎസ്‌എസ്‌ ബന്ധമുള്ളവരായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top