26 December Thursday

കരളായി; എങ്കിലും ഓമനക്കുട്ടനായി കരളലിയണം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024
ആലപ്പുഴ 
ആലപ്പുഴ പാലസ് വാർഡിൽ കൊട്ടാരപ്പറമ്പിൽ ജി ഓമനക്കുട്ടന്റെ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക്‌ നാടൊന്നിക്കുന്നു. 24 ന് ചികിൽസാസഹായ സമിതി നേതൃത്വത്തിൽ നാട്ടുകാരിൽ നിന്നും ധനശേഖരണം നടക്കും.  ഓമനക്കുട്ടന്റെ കരളിന്റെ പ്രവർത്തനം 95 ശതമാനവും നിലച്ച സാഹചര്യത്തിലാണ്  കരൾമാറ്റ  ശസ്ത്രക്രിയ അനിവാര്യമായത്. പ്രാഥമികപരിശോധനയ്ക്കായി മാത്രം  രണ്ടരലക്ഷം രൂപ ചെലവായി. 30 ലക്ഷം രൂപയാണ് ശസ്ത്രക്രിയയ്ക്കും തുടർചികിൽസയ്ക്കും ചെലവ്. ഡിസംബർ മൂന്നിനാണ് കരൾമാറ്റിവയ്‌ക്കൽ ശസ്ത്രക്രിയയ്ക്കായി ഓമനക്കുട്ടൻ ആശുപത്രിയിലെത്തേണ്ടത്. മകൻ ശ്രീജിത്ത്‌ തന്റെ കരൾ പകുത്ത് നൽകാൻ തയ്യാറായിട്ടുണ്ട്.
 ഡിസംബർ മൂന്നിന് 15 ലക്ഷവും ഏഴിന് എട്ടുലക്ഷവും ആശുപത്രി വിടുമ്പോൾ ബാക്കിത്തുകയും അടയ്ക്കണമെന്നാണ് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. കരാർ ജോലികൾ ചെയ്തിരുന്ന ഓമനക്കുട്ടൻ കരൾരോഗവുമായി ബന്ധപ്പെട്ട് മൂന്നുവർഷമായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം ഗുരുതരമായതിനെത്തുടർന്നാണ് കൊച്ചിയിലെ ആശുപത്രിയിലേക്കു മാറ്റിയത്. ഇതുവരെയുള്ള ചികിൽസയ്ക്കായി സാമ്പാദ്യമെല്ലാം ചെലവിട്ടു. മൂന്നുവർഷമായി ഓമനക്കുട്ടന്റെ വരുമാനം നിലച്ചതോടെ കുടുംബം കടക്കെണിയിലായി. 
ഇനി സുമനസുകളുടെ സഹായം മാത്രമാണ് പ്രതീക്ഷ. ആലപ്പുഴ ജനറൽ ആശുപത്രിക്കു സമീപം മൂന്നുസെന്റു സ്ഥലത്തെ ചെറിയൊരു വീട്ടിലാണ് കുടുംബം താമസം. ഇളയമകൾ പ്ലസ് വൺ വിദ്യാർഥിനിയാണ്. കൗൺസിലർമാരായ എ എസ് കവിതയുടെയും പി എസ് ഫൈസലിന്റെയും നേതൃത്വത്തിൽ രൂപീകരിച്ച സഹായസമിതിയാണ് ശസ്ത്രക്രിയ ചികിൽസാ ചെലവുകൾ കണ്ടെത്താൻ  പ്രവർത്തിക്കുന്നത്.
ഓമനക്കുട്ടൻ ചികിത്സാസഹായധനഫണ്ട് എന്നപേരിൽ ഫെഡറൽ ബാങ്കിന്റെ ആലപ്പുഴ ശാഖയിൽ 10150200020569 നമ്പർ അക്കൗണ്ടുണ്ട്. ഐഎഫ്എസ്‌സി: FDRL0001015. സുമനസുകളുടെ സഹായമുണ്ടാകണമെന്ന് സഹായ സമിതി ഭാരവാഹികൾ അഭ്യർഥിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top