27 December Friday
നഗരത്തിന്റെ മുഖച്ഛായ മാറ്റും പദ്ധതി സാക്ഷാത്കാരത്തിലേക്ക്‌

കോടതിപ്പാലം പൈലിങ്‌ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024

പുതിയ ജില്ലാ കോടതിപ്പാലത്തിന്റെ പൈലിങ്‌ വീക്ഷിക്കുന്ന എംഎൽഎമാരായ എച്ച് സലാമും പി പി ചിത്തരഞ്ജനും

സ്വന്തം ലേഖകൻ
ആലപ്പുഴ
പുതിയ ജില്ലാ കോടതിപ്പാലത്തിന്റെ പൈലിങ്‌ തുടങ്ങി. വാടക്കനാലിന് കുറുകെ റൗണ്ട് ടേബിൾ മാതൃകയിൽ നിർമിക്കുന്ന പാലം ആലപ്പുഴയുടെ സ്വപ്നം സാക്ഷാത്കരിക്കുന്ന പദ്ധതികളിലൊന്നാണ്‌. ഇടുങ്ങിയതും ഗതാഗത അസൗകര്യങ്ങൾ നിറഞ്ഞതുമായ പാലം പൊളിച്ചുനീക്കി കൂടുതൽ വാഹനങ്ങൾക്ക് യഥേഷ്ടം കടന്നുപോകാൻ കഴിയുന്ന പാലം നിർമാണത്തിനാണ് തുടക്കമിട്ടത്.
  നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ഒന്നാം പിണറായി സര്‍ക്കാരാണ് ആലപ്പുഴയ്‌ക്ക് പദ്ധതി അനുവദിച്ചത്. 2016 ഒക്ടോബറിൽ ഭരണാനുമതിയും 2021 ഫെബ്രുവരിയില്‍ 120.52 കോടി രൂപയുടെ സാമ്പത്തികാനുമതിയും ലഭിച്ചു. തുടര്‍ന്ന് രണ്ടാം പിണറായി സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കൽ പൂർത്തീകരിച്ച് ടെൻഡര്‍ നടപടി സ്വീകരിച്ചു. 2024 ജൂലൈയിൽ കരാറുകാരന് എല്‍ഒഎ നല്‍കി. ആഗസ്‌തിൽ കരാര്‍ ഒപ്പുവച്ചു. രണ്ടുവര്‍ഷത്തിൽ നിര്‍മാണം പൂര്‍ത്തിയാകും. 
ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് പുറമെ നഗര സൗന്ദര്യം വര്‍ധിപ്പിക്കുന്നതുമാണ്‌ പദ്ധതി. പാലം വരുന്നതോടെ നഗരത്തിന്റെ മുഖച്ഛായ മാറും. കനാലിന്റെ ഇരുകരകളിലും മൂന്നുവരി വീതമുള്ള ഗതാഗതമുണ്ടാകും. 5.5 മീറ്റർ വീതിയിൽ ഫ്ലൈ ഓവറും 7.5 മീറ്റർ വീതിയിൽ അടിപ്പാതയും വെളിയിൽ 5.5 മീറ്റർ വീതിയിൽ റാമ്പുകളുമുണ്ടാകും. ഫ്ലൈ ഓവറുകളിലും റാമ്പുകളിലും ഓരോ ദിശയിലേക്കുള്ള ഗതാഗതം. അടിപ്പാത വഴി ഇരുഭാഗങ്ങളിലേക്കും ഗതാഗതമുണ്ടാകും.  
കനാലിന്റെ വടക്കേ കരയിലെ ഫ്ലൈ ഓവറുകളുടെ പൈലിങ്ങാണ്‌ തിങ്കൾ രാവിലെ ആരംഭിച്ചത്. എംഎൽഎമാരായ എച്ച് സലാം, പി പി ചിത്തരഞ്ജൻ, തോമസ് കെ തോമസ്, കലക്ടർ അലക്സ് വർഗീസ്, നഗരസഭാധ്യക്ഷ കെ കെ ജയമ്മ, കൗൺസിലർ കെ ബാബു, കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനിയർ റിജോ തോമസ് മാത്യു, അസി. എൻജിനിയർ ജയകുമാർ, കരാറുകാരൻ റജി ചെറിയാൻ എന്നിവർ പങ്കെടുത്തു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top