26 December Thursday
എൺപതും പാടം പാടശേഖരത്തിൽ മട വീണു

വേലിയേറ്റം അതിശക്തം; കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024

വേലിയേറ്റത്തിൽ പുളിങ്കുന്ന് മേച്ചേരി വാക്ക പാടശേഖരത്തിൽ വെള്ളം കയറിയപ്പോൾ

സ്വന്തം ലേഖകൻ
മങ്കൊമ്പ്
വേലിയേറ്റം ശക്തമായതിനെത്തുടർന്ന്‌ പുളിങ്കുന്ന്‌ കൃഷിഭവൻ പരിധിയിലെ എൺപതുംപാടം പാടശേഖരത്തിൽ മട വീണു. രാവിലെ വേലിയേറ്റ സമയത്ത് പാടശേഖരത്തിന്റെ ബണ്ടിൽ അള്ള വീണതിനെത്തുടർന്ന് ബണ്ടിൽ നിൽക്കുന്ന തെങ്ങുകൾ വെട്ടിയും പൊക്കമുള്ള ബണ്ടിൽനിന്ന് ജെസിബി ഉപയോഗിച്ച് മണ്ണ് മാന്തി ചാക്കിൽ നിറച്ചും മട തടയാൻ കർഷകരും പാടശേഖര സമിതി ഭാരവാഹികളും ശ്രമിച്ചെങ്കിലും വൈകിട്ട്‌ ആറോടെ മട വീണു. 65 ഏക്കറുള്ള പാടശേഖരത്തെ കർഷകരെല്ലാം നാമമാത്ര കർഷകരാണ്. മട വീണു വെള്ളം കയറി പാടശേഖരം മുങ്ങുന്നതോടെ ബണ്ടിന്‌ ചുറ്റും താമസിക്കുന്നവരുടെ പുരയിടങ്ങളിലും വീടുകൾക്കുള്ളിലും വെള്ളം കയറുമെന്ന സ്ഥിതിയാണ്. 
പുഞ്ചകൃഷിക്കായുള്ള പമ്പിങ്‌ ആരംഭിച്ചതും രണ്ടാംകൃഷിക്ക് വിളവെടുക്കാറായ പാടശേഖരങ്ങളെല്ലാം മടവീഴ്‌ച ഭീഷണിയിലാണ്. വേലിയേറ്റ സമയത്ത് ജലനിരപ്പ്‌ ഉയർന്നതിനാൽ പമ്പിങ്‌ നടത്താൻ കഴിയുന്നില്ല. കുട്ടനാട്ടിലെ താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. 
പുലർച്ചെ ആരംഭിക്കുന്ന വേലിയേറ്റം പകൽ 11 വരെ നിൽക്കും. പിന്നെ വെള്ളം ഇറങ്ങിത്തുടങ്ങും. വൈകുന്നേരം  വേലിയേറ്റം വീണ്ടും ശക്തമാകും. പാടശേഖരങ്ങൾക്കുള്ളിൽ താമസിക്കുന്ന കുടുംബങ്ങളെ ഇപ്പോൾ വെള്ളപ്പൊക്കം ബാധിച്ചിട്ടില്ല. നടവഴികളും ഇടറോഡുകളും ഇപ്പോഴും വെള്ളത്തിൽ തന്നെയാണ്. പുളിങ്കുന്ന് പഞ്ചായത്തിലെ 13, 14 വാർഡുകളിലെ ഭൂരിഭാഗം വീടുകളും വെള്ളത്തിലാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top