ആര്യാട്
ആര്യാട് ലൂഥറൻ ഹയർ സെക്കൻഡറി സ്കൂളിലെ 23 വിദ്യാർഥികളെ ഛർദിയെ തുടർന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യ വിഷബാധയാണോ എന്ന് സംശയം. ഒന്നിലെയും നാലാം ക്ലാസിലെയും കുട്ടികളാണിവർ. 18 പേരെ ജില്ലാ ജനറൽ ആശുപത്രിയിലും , അഞ്ച് പേരെ സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
സാധാരണ ദിനങ്ങളിൽ ഉച്ചഭക്ഷണത്തിന് പച്ചമോര് ഉപയോഗിക്കാറില്ല. എന്നാൽ വെള്ളിയാഴ്‌ച മോര് ഉപയോഗിച്ചിരുന്നു. ഇതിൽ നിന്നാകാം ഛർദി ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്‌ച സ്വകാര്യ ഫാമിൽ നിന്നും വാങ്ങിയ പാൽ വെള്ളിയാഴ്‌ച മോരാക്കി നൽകുകയായിരുന്നുവെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. കൂടെ സാമ്പാറും വൻപയർ കറിയുമുണ്ടായിരുന്നു. പച്ചമോര് ഉപയോഗിച്ച കുട്ടികൾക്കാണ് ഛർദി ഉണ്ടായതെന്ന് പറയുന്നു.
വൈകുന്നേരം മൂന്നരയോടെ സ്‌കൂളിലും വീട്ടിൽ ചെന്നതിനു ശേഷവുമാണ് കുട്ടികൾക്ക് ഛർദി ഉണ്ടായത്. തുടർന്ന് ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭക്ഷ്യവിഷബാധയാണെന്ന് സംശയിക്കുന്നതായി ജനറൽ ആശുപത്രി ആർഎംഒ ഡോ.ആശ മോഹൻദാസ് പറഞ്ഞു. ആരോഗ്യ വകുപ്പിന്റെയും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരും സ്‌കൂളിലെത്തി പാചകപ്പുരയടക്കം പരിശോധിച്ചു. ഭൂഗർഭജലമാണ് പാചകത്തിനായി ഉപയോഗിച്ചത്. ഈ വെള്ളവും അരി, പയർ തുടങ്ങിയവയും പരിശോധനയ്‌ക്കായി എടുത്തിട്ടുണ്ട്. പാൽ വാങ്ങിയ ഫാമിലും പരിശോധന നടത്തി.
പി പി ചിത്തരഞ്ജൻ എംഎൽഎ, എച്ച് സലാം എംഎൽഎ, നഗരസഭ അധ്യക്ഷ കെ കെ ജയമ്മ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ, ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് എസ് സന്തോഷ്‌ലാൽ, ജി ബിജുമോൻ, എ എസ് കവിത, സ്‌കൂൾ അധികൃതർ തുടങ്ങിയവർ കുട്ടികളെ സന്ദർശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..