23 December Monday
18 മാസത്തിനകം പൂർത്തിയാക്കും

9 മണ്ഡലങ്ങളിൽ 
63 കോടിയുടെ പദ്ധതികൾ

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024

നവകേരള സദസ്സില്‍ ഉയര്‍ന്ന വികസന പദ്ധതികള്‍ തെരഞ്ഞെടുക്കുന്നതിന് കൃഷി മന്ത്രി 
പി പ്രസാദിന്റെ നേതൃത്വത്തിൽ ചേർന്ന യോഗം

ആലപ്പുഴ
നവകേരള സദസ്സിൽ ഉയർന്ന വികസന പദ്ധതികൾക്കായി വകയിരുത്തിയ 1000 കോടി രൂപയിൽനിന്ന് ഒരു നിയോജക മണ്ഡലത്തിൽ ഏഴ് കോടി രൂപ നിരക്കിൽ ജില്ലയിൽ പദ്ധതികൾ തെരഞ്ഞെടുക്കാൻ മന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് കലക്ടറേറ്റിൽ മന്ത്രിതല യോഗം വിളിച്ചത്. നിയോജക മണ്ഡലത്തിൽ ജനപ്രതിനിധികൾ തെരഞ്ഞെടുക്കുന്ന ഏഴുകോടി രൂപയുടെ പദ്ധതിയാണ് അംഗീകരിക്കുകയെന്ന് മന്ത്രി പറഞ്ഞു. 18 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കണമെന്നത് മാത്രമാണ് നിബന്ധനയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതികൾക്ക് ഭൂമി ലഭ്യമാണോയെന്ന് വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും കലക്ടറും ഉറപ്പാക്കണം.  ഭൂമി ഏറ്റെടുക്കുന്നതിന്‌ തീരെ ബുദ്ധിമുട്ടുള്ള പദ്ധതികൾ  ഒഴിവാക്കാനും മന്ത്രി നിർദ്ദേശം നൽകി. 
എംഎൽഎമാരായ ദലീമ, പി പി ചിത്തരഞ്ജൻ, എച്ച് സലാം, തോമസ് കെ തോമസ്, എം എസ് അരുൺകുമാർ, കായംകുളം എംഎൽഎയുടെ പ്രതിനിധി, കലക്ടർ അലക്‌സ് വർഗീസ്, സബ് കലക്ടർ സമീർ കിഷൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. 
അരൂർ മണ്ഡലത്തിൽ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള പദ്ധതി നടപ്പാക്കും. ചേർത്തലയിൽ വികസനത്തിന് ഏറെ അനുയോജ്യമായ പദ്ധതിയായിരിക്കും അംഗീകരിക്കുകയെന്ന് മന്ത്രി പറഞ്ഞു. ആലപ്പുഴ മണ്ഡലത്തിൽ നെഹ്‌റുട്രോഫി സ്ഥിരം പവലിയനും അമിനിറ്റി സെന്ററും നിർമിക്കുന്ന പദ്ധതിക്ക്‌ എസ്റ്റിമേറ്റ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്നു. അമ്പലപ്പുഴയിൽ ആലപ്പുഴ ജനറൽ ആശുപത്രി ഐപി ബ്ലോക്കിന്റെ നിർമാണ പ്രവർത്തനമാണ് നടപ്പാക്കുക. കുട്ടനാട് തേവർകാട്-വെള്ളാമത്ര റോഡ്, മുട്ടാർ റോഡ് ഉയർത്തൽ എന്നിവയ്ക്കാണ് തുക വിനിയോഗിക്കുക. ഹരിപ്പാട് മണ്ഡലത്തിൽ ഹരിതം ഹരിപ്പാട് രണ്ടാം ഘട്ടത്തിനാണ് തുക വിനിയോഗിക്കുക. മാവേലിക്കര മണ്ഡലത്തിൽ റോഡുകളുടെ നവീകരണമാണ് നടത്തുക. ചങ്ങംകുളങ്ങര-വാലുകുറ്റി റോഡ്, വെട്ടിയാർ-പള്ളിമുക്ക് റോഡ്, ഗുരുനാഥൻ കുളങ്ങര -കണ്ണനാകുഴി- പലയൂർ റോഡ് എന്നിവയാണ് ഉൾപ്പെടുത്തുക. കായംകുളത്ത് ജില്ല ഓട്ടിസം സെന്റർ, കുന്നത്താലുംമൂട്-  കൂട്ടും വാതിൽക്കടവ് റോഡ് എന്നിവയാണ് പരിഗണിക്കുക. ചെങ്ങന്നൂരിൽ മാന്നാർ ചെങ്ങന്നൂർ പൈതൃക ഗ്രാമ പദ്ധതിയാണ് നടപ്പാക്കുക.
നവകേരള സദസ്‌ സംബന്ധിച്ച്‌ ഉദ്യോഗസ്ഥർ നിരുത്തരവാദപരമായ മറുപടി നൽകരുതെന്നും സദസിൽ ലഭിച്ച പരാതികൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ യോഗം ഒരാഴ്ചയ്ക്കുള്ളിൽ വിളിക്കുമെന്നും  മന്ത്രി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top