സ്വന്തം ലേഖിക
ആലപ്പുഴ
വിലക്കയറ്റം പിടിച്ചുനിർത്തി മലയാളികൾക്ക് പഞ്ഞമില്ലാതെ ഓണമുണ്ണാൻ ഇക്കുറിയും കൺസ്യൂമർ ഫെഡിന്റെ ഓണച്ചന്തകൾ. 90 സംഘങ്ങളിലൂടെയും 14 ത്രിവേണി സ്‌റ്റോറിലൂടെയുമായി 104 വിപണന കേന്ദ്രങ്ങളിലൂടെയാണ് ജില്ലയിൽ സെപ്‌തംബർ 7 മുതൽ 14 വരെ ചന്തകൾ പ്രവർത്തിക്കുക. സബ്‌സിഡി തുകയിൽ 13 ഇനങ്ങളാണ് ലഭ്യമാക്കുക. ജയ അരി, കുറുവ അരി, കുത്തരി എന്നിവ ചേർത്ത് എട്ട് കിലോയും പച്ചരി രണ്ട് കിലോയും പഞ്ചസാര –- ഒരു കിലോ, ചെറുപയർ –- ഒരു കിലോ, വൻകടല –- ഒരു കിലോ, ഉഴുന്ന് –- ഒരു കിലോ, വൻപയർ –- ഒരു കിലോ, തുവരപരിപ്പ് –- ഒരു കിലോ, മുളക് –-500 ഗ്രാം, മല്ലി –-500 ഗ്രാം, വെളിച്ചെണ്ണ –- 500 എംഎൽ എന്നിവയാണ് ഒരു ഉപഭോക്‌താവിന് നൽകുന്ന അളവ്.
വെളിച്ചെണ്ണ @ 110
വെളിച്ചെണ്ണയ്ക്ക് മാർക്കറ്റ് വില 185 രൂപയാണ്. ഇത് 110 രൂപയ്ക്ക് ലഭിക്കും. 75 രൂപയാണ് ലാഭം. 100 ഗ്രാമിന് 98 രൂപ വിലയുള്ള മുളകുപൊടി 500 ഗ്രാം 75 രൂപയ്ക്ക് നൽകും. 48 കിലോയുള്ള ജയ അരി കിലോയ്ക്ക് 29 രൂപയ്ക്കും.
സബ്‌സിഡി സാധനങ്ങൾ ഹരിപ്പാട് കൺസ്യൂമർ ഫെഡ് ഗോഡൗൺ നമ്പർ ഒന്നിലും നോൺ സബ്‌സിഡി സാധനങ്ങൾ കാർത്തികപ്പള്ളിയിലെ കോസ്‌മെറ്റിക്‌സ് ഗോഡൗണിലുമാണ് ശേഖരിക്കുന്നത്. ഈ മാസം 25 നകം മുഴുവൻ സാധനങ്ങളും ശേഖരിക്കും. ഗുണനിലവാരം ഉറപ്പാക്കുന്നതിന് കാഷ്യൂ എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യയെ (സിഇപിസിഐ) നിയോഗിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..