സ്വന്തം ലേഖകൻ
ആലപ്പുഴ
കലവൂരിൽ വയോധിക കൊല്ലപ്പെട്ടത് വാരിയെല്ലുകൾക്കും കഴുത്തിനുമേറ്റ ഗുരുതര പരിക്കുമൂലം. പ്രതികൾക്കായി കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷയിലാണ് മരണകാരണം സംബന്ധിച്ച വിവരങ്ങളുള്ളത്. ശരീരത്തിന്റെ മുന്നിലും പിന്നിലുമായി എട്ട് വാരിയെല്ലുകൾ തകർന്ന നിലയിലാണ്. കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിക്കുന്നതിനിടെ കഴുത്തിലെ തൈറോയ്ഡ് കാർട്ടിലേജിനും പൊട്ടലുണ്ട്. ഗുരുതരമായ പരിക്കുകളാണ് സുഭദ്രയുടെ മരണത്തിന് കാരണമായത്. തലയുടെ ഇരുവശവും മുറിവേറ്റിരുന്നു. വലതുകൈ ഒടിഞ്ഞ നിലയിലുമായിരുന്നു. കൈക്ക് ഒഴികെയുള്ള മുഴുവൻ പരിക്കുകളും മരിക്കുന്നതിന് മുമ്പ് സംഭവിച്ചതാണെന്നും അപേക്ഷയിൽ പറയുന്നു.
സ്‌നേഹം നടിച്ചു
കൂടെനിന്ന്
കൊലപാതകം
2016ൽ പരിചയപ്പെട്ടതുമുതൽ സുഭദ്രയുടെ സാമ്പത്തിക സ്ഥിതിമനസിലാക്കിയാണ് ശർമിള നിരന്തര ബന്ധംപുലർത്തിയതെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നു. ബന്ധം മുതലെടുത്ത് ശർമിള സുഭദ്രയിൽനിന്ന് പലപ്പോഴായി സാമ്പത്തിക സഹായം സ്വീകരിച്ചിരുന്നു. കേസിലെ മൂന്ന് പ്രതികളുടെയും സാമ്പത്തികാവശ്യങ്ങൾക്ക് പണം തികയാതെ വന്നതോടെ പണവും സ്വർണവും കവരുന്നതിനായിരുന്നു കൊലപാതകം.
മൃതദേഹം
ബെഡ്‌ഷീറ്റിൽ
പൊതിഞ്ഞ് സൂക്ഷിച്ചു
വാടകവീടിന്റെ ഹാളിന്റെ തിണ്ണയിൽ കമിഴ്‌ത്തി കിടത്തിയാണ് ശർമിളയും മാത്യൂസും ചേർന്ന് കഴുത്തിൽ ഷാൾ മുറുക്കി സുഭദ്രയെ ശ്വാസം മുട്ടിച്ച് കൊന്നത്. തുടർന്ന് മൃതദേഹം ബെഡ്‌ഷീറ്റിൽ പെതിഞ്ഞ് കട്ടിലിനടിയിൽ ഒളിപ്പിച്ചു. രാത്രിയോടെ തെളിവ് നശിപ്പിക്കുന്നതിന് ഷാളും മൃതദേഹം പൊതിഞ്ഞു സൂക്ഷിച്ച ബെഡ്‌ഷീറ്റും കത്തിച്ചുകളഞ്ഞതായും അപേക്ഷയിലുണ്ട്. സുഭദ്രയുടെ മൊബൈൽ ഫോണും നശിപ്പിച്ചു.
ആദ്യം
കുടിവെള്ളത്തിൽ,
പിന്നാലെ ചായയിൽ
കേസിൽ പ്രതികൾ സുഭദ്രക്ക് മയങ്ങുന്നതിന് മരുന്ന് നൽകിയത് ആദ്യം കുടിവെള്ളത്തിൽ. ആഗസ്‌ത് നാലിന് വൈകിട്ട് നാലോടെ ശർമിളയ്‌ക്കൊപ്പം സുഭദ്ര വീട്ടിൽ എത്തിയ ഉടനെയായിരുന്നു ഇത്. അഞ്ചിന് പാതിമയക്കത്തിലായ സുഭദ്രയുടെ കൈയിലെ വള പ്രതികൾ ഉൗരിയെടുത്തു. പകരം മുക്കുപണ്ടം അണിയിച്ചു. ഉച്ചയ്‌ക്ക് ശേഷം സുഭദ്രയുമായി ആലപ്പുഴയിലെത്തി വള ജ്വല്ലറിയിൽ വിറ്റു. മടങ്ങിയെത്തിയ ശേഷം ചായയിലും മരുന്ന് നൽകി അബോധാവസ്ഥയിലാക്കി. രണ്ട് ദിവസത്തെ മയക്കത്തിന് ശേഷം ഏഴിന് രാവിലെ ബോധം വീണ്ടെടുത്ത സുഭദ്ര കൈയിലുള്ള വള മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞു. വീട്ടിൽ പോകണമെന്നും ആഭരണങ്ങൾ മടക്കിനൽകാനും ആവശ്യപ്പെട്ടതോടെയായിരുന്നു കൊലപാതകം. പിന്നീട് മൃതദേഹത്തിൽനിന്ന് കമ്മലും മൂക്കുത്തിയും അപഹരിച്ചു.
സ്വകാര്യ
അഭിഭാഷകരില്ല
സുഭദ്ര കൊലപാതക കേസിൽ പ്രതികൾ ആരും ഇതുവരെ സ്വകാര്യ അഭിഭാഷകരെ നിയമിച്ചിട്ടില്ല. കസ്റ്റഡി അപേക്ഷ പരിഗണിക്കവേ പ്രതികൾക്കായി കോടതിയിൽ ഹാജരായത് ലീഗൽ സർവീസ് അതോറിറ്റിക്ക് കീഴിലെ ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസിൽ സിസ്റ്റം ആലപ്പുഴ ചീഫ് അഡ്വ. പി പി ബൈജു, ഡെപ്യൂട്ടി ചീഫുമാരായ എസ് സുജിത്ത്, ശ്രീജ കെ നായർ എന്നിവരാണ്. സുപ്രീം കോടതി മാനദണ്ഡ പ്രകാരം പ്രതികൾക്ക് സൗജന്യ നിയമ സഹായം ഉറപ്പാക്കുന്നതിന് രൂപം നൽകിയ സംവിധാനമാണിത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..