20 October Sunday
78–-ാമത്‌ പുന്നപ്ര ‑ വയലാർ വാരാചരണം

ഇന്ന്‌ ചെങ്കൊടി ഉയരും

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024
ആലപ്പുഴ
പിറന്നനാടിന്റെ മോചനപ്പോരാട്ടത്തിൽ രക്തംകൊണ്ട്‌ ചരിത്രത്തെ ചുവപ്പിച്ച പുന്നപ്ര–-വയലാർ വീരേതിഹാസത്തിന്‌ ഞായറാഴ്‌ച എഴുപത്തെട്ടാണ്ട്. വാർഷിക വാരാചരണത്തിന്‌ തുടക്കം കുറിച്ച് രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിലും സമരപോരാളികൾ വെടിയേറ്റുവീണ പുന്നപ്ര സമരഭൂമിയിലെ രക്തസാക്ഷി മണ്ഡപനടയിലും മാരാരിക്കുളത്തെ രക്തസാക്ഷി മണ്ഡപത്തിനുമുന്നിലും ചെങ്കൊടി ഉയരും. തൊഴിലിടങ്ങളിലും പ്രധാനകേന്ദ്രങ്ങളിലും രാവിലെ വാരാചരണ കമ്മിറ്റികളുടെ നേതൃത്വത്തിൽ പതാക ഉയർത്തും.
വലിയചുടുകാട്‌ രക്തസാക്ഷി മണ്ഡപത്തിൽ വിപ്ലവ ഗായിക പി കെ മേദിനിയും പുന്നപ്രയിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ്‌ ഇ കെ ജയനും വൈകിട്ട്‌ അഞ്ചിന്‌ പതാക ഉയർത്തും. മാരാരിക്കുളത്ത്‌ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ വൈകിട്ട്‌ ആറിന്‌ പതാക ഉയർത്തും. വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ഉയർത്താനുള്ള പതാക വഹിച്ചുള്ള ജാഥ ഞായർ രാവിലെ ഒമ്പതിന് മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽനിന്നാരംഭിക്കും. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു ജാഥാ ക്യാപ്റ്റൻ എം കെ ഉത്തമന് പതാക കൈമാറും. 21ന്‌ പകൽ 11ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ വയലാറിൽ പതാക ഉയർത്തും.
വലിയ ചുടുകാട്ടിൽ ഉയർത്താനുള്ള രക്തപതാകകൾ രക്തസാക്ഷികളായ കാട്ടൂർ ജോസഫിന്റെയും കാക്കരിയിൽ കരുണാകരന്റെയും വീടുകളിൽനിന്ന്‌ എത്തിക്കും. പകൽ മൂന്നിന് കാട്ടൂർ ജോസഫിന്റെ വീട്ടിൽനിന്ന്‌ മകൻ സിൽവസ്റ്ററുടെ ഭാര്യ റോസമ്മ സിൽവസ്റ്റർ പതാക താലൂക്ക് വാരാചരണ കമ്മിറ്റി സെക്രട്ടറി പി കെ സദാശിവൻ പിള്ളയ്ക്ക് കൈമാറും. തുടര്‍ന്ന്, സിൽവസ്റ്ററിന്റെ മകൻ ജോസ്‌മോൻ പതാക ഏറ്റുവാങ്ങി ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ വലിയചുടുകാട്ടിൽ എത്തിക്കും.
പതാക കൈമാറുന്നതിനായി കാട്ടൂർ ജോസഫിന്റെ വസതിയിൽ ചേരുന്ന ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, സി പി ഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് തുടങ്ങിയവർ പങ്കെടുക്കും. വി ടി അജയകുമാർ അധ്യക്ഷനാകും.
ബീച്ച് വാർഡിൽ കാക്കരിയിൽ കരുണാകരന്റെ വീട്ടിൽനിന്ന്‌ വാരാചരണ കമ്മിറ്റി മേഖല പ്രസിഡന്റ്‌ പി പി പവനൻ ഏറ്റുവാങ്ങുന്ന രക്തപതാക പ്രകടനമായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ വലിയ ചുടുകാട്ടിൽ എത്തിക്കും. പതാക ഉയർത്തലിനുശേഷം സി എച്ച് കണാരൻ അനുസ്മരണ സമ്മേളനത്തിൽ വി എസ് മണി അധ്യക്ഷനാകും. കെ അനിൽകുമാർ, ടി ജെ ആഞ്ചലോസ് തുടങ്ങിയവർ സംസാരിക്കും.
പുന്നപ്ര രക്തസാക്ഷിമണ്ഡപത്തിനുമുന്നിൽ ഉയർത്താനുള്ള പതാക, സിപിഐ എം തോട്ടപ്പള്ളി ലോക്കൽ കമ്മിറ്റി അംഗമായിരുന്ന സുബ്രഹ്മണ്യന്റെ സ്‌മരണാർഥം ഭാര്യ വിജയലക്ഷ്‌മിയിൽനിന്ന് എച്ച് സലാം എംഎൽഎ ഏറ്റുവാങ്ങി സിപിഐ മണ്ഡലം സെക്രട്ടറിയറ്റംഗം പി സുരേന്ദ്രന് കൈമാറും. 
കൊടിമരം ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ ആദിച്ചംപറമ്പിൽ കരുണാകരന്റെ സ്‌മരണാർഥം മകൻ ബാബുക്കുട്ടനിൽനിന്ന്‌ എ ഓമനക്കുട്ടൻ ഏറ്റുവാങ്ങി ആർ രജിമോന് കൈമാറും. തുടർന്ന്‌ രക്തസാക്ഷി മണ്ഡപത്തിനുമുന്നിൽ പതാകയുയർത്തും. വൈകിട്ട് ആറിന് രക്തസാക്ഷി നഗറിൽ സി എച്ച് കണാരൻ അനുസ്‌മരണ സമ്മേളനം. 6.30ന് ‘പുന്നപ്ര–- വയലാറിന്റെ സമകാലിക പ്രസക്തി’ സെമിനാർ പിന്നാക്ക വികസന കോർപറേഷൻ ചെയർമാൻ കെ പ്രസാദ് ഉദ്ഘാടനംചെയ്യും. ഡോ. മൈക്കിൾ സെബാസ്റ്റ്യൻ അധ്യക്ഷനാകും.
മാരാരിക്കുളം രക്തസാക്ഷി മണ്ഡപത്തിൽ ഉയർത്താനുള്ള പതാക മുഹമ്മയിൽനിന്നും കൊടിക്കയർ കണിച്ചുകുളങ്ങരയിൽനിന്നും ബാനർ മാരാരിക്കുളത്തുനിന്നും ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പ്രകടനമായി കൊണ്ടുവരും. വൈകിട്ട് 6.30ന് ചേരുന്ന സി എച്ച് കണാരൻ അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ്യും. വാരാചരണ കമ്മിറ്റി പ്രസിഡന്റ് കെ ബി ബിമൽറോയ് അധ്യക്ഷനാകും. മന്ത്രി പി പ്രസാദ് സംസാരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top