20 November Wednesday

8 മാസം; പൊലീസ്‌ ചികഞ്ഞെടുത്തത്‌ 
 6 കൊലപാതകം

സ്വന്തം ലേഖകൻUpdated: Wednesday Nov 20, 2024

ആലപ്പുഴ പൂങ്കാവ് പള്ളിക്ക് സമീപം കാണാതായ റോസമ്മയുടെ 
മൃതദേഹത്തിൽ നിന്ന് ലഭിച്ച മാല പൊലീസ് പുറത്തെടുക്കുന്നു

 

 
ആലപ്പുഴ 
ജില്ലയിൽ കഴിഞ്ഞ എട്ട്‌ മാസത്തിനിടെ ചുരുളഴിഞ്ഞത്‌ ആറ്‌ കൊലപാതകം. അമ്പലപ്പുഴ കരൂരിൽ ചൊവ്വാഴ്‌ച പൊലീസ്‌ കുഴിച്ചെടുത്തത്‌ ചൊരിമണലിൽ അഴുകിച്ചേരാൻ തുടങ്ങിയ അഞ്ചാമത്തെ മൃതദേഹമാണ്‌. മാന്നാറില്‍ 15 വര്‍ഷം മുമ്പ്‌ കാണാതായ യുവതിയുടേതും കൊലപാതകമാണെന്നുള്ള സൂചന ജൂലൈയിൽ ലഭിച്ചെങ്കിലും മൃതദേഹം കണ്ടെടുക്കാനായില്ല.  
എപ്രില്‍ 18‑ രണ്ടാം വിവാഹത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ വയോധികയായ സഹോദരിയെ സഹോദരന്‍ ചുറ്റികകൊണ്ട് തലയ്‌ക്കടിച്ച്‌ കൊന്നുകുഴിച്ചുമൂടിയത്‌ ആലപ്പുഴ പൂങ്കാവിൽ. കൊല്ലപ്പെട്ടത്‌ മാരാരിക്കുളം തെക്ക് പഞ്ചായത്ത് 12–--ാം വാര്‍ഡിൽ പൂങ്കാവ് വടക്കന്‍പറമ്പില്‍ റോസമ്മ (61). നാല്‌ ദിവസത്തിനുശേഷം സഹോദരന്‍ ബെന്നി (63) പൊലീസ്‌ സ്‌റ്റേഷനിലെത്തി പ്രതി കുറ്റം ഏറ്റുപറഞ്ഞു. 
ജൂലായ് രണ്ട് ‑ മദ്യപാനത്തിനിടെ പറഞ്ഞുപോയ കാര്യം ഊമക്കത്തായതോടെയാണ് 15 വര്‍ഷം മുമ്പ്‌ ചെന്നിത്തല -തൃപ്പെരുന്തുറയിൽനിന്ന്‌ യുവതിയെ കാണാതായ സംഭവത്തിൽ പൊലീസ്‌ വീണ്ടും അന്വേഷണം തുടരുന്നത്‌. അന്വേഷണത്തിൽ ചെന്നിത്തല -തൃപ്പെരുന്തുറ പഞ്ചായത്ത് ഇരമത്തൂര്‍ രണ്ടാംവാര്‍ഡ് ഐക്കര മുക്കിന്‌ സമീപം മുക്കത്ത് പായിക്കാട്ട് മീനത്തേതില്‍ കല (ശ്രീകല)യുടെ തിരോധനത്തിൽ കൊലപാതകസൂചന ലഭിച്ചു. 
കലയെ ഭര്‍ത്താവ് അനില്‍കുമാറും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിലിട്ടതായാണ് പിടിയിലായവര്‍ മൊഴി നല്‍കിയത്. പൊലീസ് സെപ്റ്റിക് ടാങ്കിലടക്കം പരിശോധന നടത്തി. ചില സൂചനകള്‍ ലഭിച്ചെങ്കിലും കൊലപാതകം സ്ഥിരീകരിക്കാനായില്ല.
ആഗസ്‌ത്‌ 7‑ കൊച്ചി കടവന്ത്രയിൽനിന്ന് കാണാതായ സുഭദ്ര (73)യെ കലവൂരിൽ കൊന്ന് കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്‌ സെപ്‌തംബർ 10ന്‌. മാരാരിക്കുളം തെക്ക് പഞ്ചായത്ത് കോർത്തുശേരി ക്ഷേത്രത്തിന് സമീപം വീടിന്‌ പിന്നിൽ ശുചിമുറിക്ക്‌ മുന്നിൽ മൂന്നടി താഴ്‌ചയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന്‌ ഒരുമാസത്തോളം പഴക്കമുണ്ടായിരുന്നു. 
  ഇവിടെ വാടകയ്‌ക്ക്‌ താമസിച്ചിരുന്ന കാട്ടൂർ പള്ളിപ്പറമ്പിൽ സ്വദേശി മാത്യൂസ്‌ (നിധിൻ –- 33), ഉടുപ്പി സ്വദേശി ശർമിള (30) എന്നിവരായിരുന്നു പ്രതികൾ. ആഗസ്‌ത്‌ ഏഴിന്‌ ഉച്ചയോടെ മാത്യൂസും ശർമിളയും ചേർന്ന്‌ കഴുത്തിൽ ഷാൾ മുറുക്കിയാണ്‌ സുഭദ്രയെ കൊന്നത്‌. സ്വർണം കവരാനായിരുന്നു കൊലപാതകം. പൊലീസ്‌ അന്വേഷണം ആരംഭിച്ചതോടെ നാടുവിട്ടു. മൃതദേഹം കണ്ടെടുത്ത്‌ രണ്ട്‌ ദിവസത്തിനകം പ്രതികളെ ഉഡുപ്പിയിൽനിന്ന്‌ പിടികൂടി.
ആഗസ്‌ത്‌ 11 ‑ നാലുദിവസം പ്രായമുള്ള ചോരക്കുഞ്ഞിന്റെ ശരീരം തകഴി കുന്നുമ്മയിലെ പാടശേഖരത്തിന്റെ പുറംബണ്ടില്‍ കുഴിച്ചുമൂടിയത്‌ കണ്ടെത്തി.  അന്വേഷണത്തിൽ ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിനിയും അവിവാഹിതയുമായ ഡോണാ ജോജിയുടെ കുഞ്ഞാണ് കൊല്ലപ്പെട്ടതെന്ന്‌ തിരിച്ചറിഞ്ഞു. പാണാവള്ളി പഞ്ചായത്ത് 13–--ാം വാര്‍ഡില്‍ ആനമൂട്ടില്‍ച്ചിറ ഡോണാ ജോജി (22), സുഹൃത്ത്‌ തകഴി വിരുപ്പാല രണ്ടുപറ പുത്തന്‍പറമ്പ് തോമസ് ജോസഫ് (24), ഇയാളുടെ സുഹൃത്ത് തകഴി കുന്നുമ്മ ജോസഫ് സദനത്തില്‍ അശോക് ജോസഫ് (30) എന്നിവർ അറസ്‌റ്റിലായി.
ആഗസ്‌ത്‌ 31 ‑ രണ്ട് കുട്ടികളുടെ അമ്മയായ ചേർത്തല ചേന്നം പള്ളിപ്പുറം 17–--ാം വാർഡിൽ ആശ പ്രസവശേഷം ആഗസ്‌ത്‌ 31-നാണ്‌ ചേർത്തലയിലെ സ്വകാര്യ ആശുപത്രി വിട്ടത്. യുവതി വീട്ടിലെത്തിയെങ്കിലും മൂന്നാമത്തെ കുഞ്ഞ് ഇവർക്കൊപ്പമുണ്ടായിരുന്നില്ല. കുഞ്ഞിനെ കാണാതായതോടെ ആശാവർക്കർമാരാണ് ജനപ്രതിനിധികളെയും പൊലീസിനെയും വിവരമറിയിച്ചത്. കുഞ്ഞിനെ മക്കളില്ലാത്ത തൃപ്പൂണിത്തുറ സ്വദേശികൾക്ക് വിറ്റെന്നായിരുന്നു അമ്മയും സുഹൃത്തും മൊഴി നൽകിയത്. ചോദ്യംചെയ്‌തതോടെ കൊലപാതകം പുറത്തായി. അമ്മ ആശയും സുഹൃത്ത് രതീഷും ചേർന്ന് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന്‌ വീടിന്‌ സമീപം കുഴിച്ചിട്ടെന്നായിരുന്നു മൊഴി. പൊലീസ്  പരിശോധനയിൽ രതീഷിന്റെ വീട്ടിലെ ശുചിമുറിയിൽ ഒളിപ്പിച്ച നിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top