കരൂർ (ആലപ്പുഴ)
‘ഞങ്ങളാരോടും മിണ്ടാറില്ല. കാണുന്നതുതന്നെ അപൂർവമാണ്.’–- കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മിയെ കൊന്നുകുഴിച്ചുമൂടിയ കേസിൽ പ്രതി ജയചന്ദ്രനെയും കുടുംബത്തെയും കുറിച്ച് കരൂർ നിവാസികൾ പറയുന്നത് ഇതാണ്. ഒന്നരവർഷമായി കരൂർ മൂന്നാം വാർഡിൽ വീടുവച്ച് ജയചന്ദ്രനും ഭാര്യ സുനിയും മകനും താമസം ആരംഭിച്ചിട്ട്.
പകൽ പുറത്ത് ജോലിക്ക് പോകുന്നവരാണ് അയൽവീടുകളിലെ താമസക്കാർ. പ്രായമായ സ്‌ത്രീകൾ മാത്രമാകും പകൽ വീട്ടിലുണ്ടാവുക. രാത്രി നേരത്തെ അയൽവീടുകളിൽ ലൈറ്റ് അണയും. നാലുവശവും വീടുകളാൽ ചുറ്റപ്പെട്ട പുരയിടത്തിൽനിന്നാണ് ചൊവ്വ രാവിലെ വിജയലക്ഷ്മിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. തൊട്ടടുത്ത് വീടുകളുണ്ടായിട്ടും ഏഴിന് രാത്രി മൃതദേഹം കുഴിച്ചുമൂടാൻ കുഴിയെടുത്തതോ, പിന്നീട് സിമിന്റ് മിശ്രിതം ഒഴിച്ച് പ്രദേശം ബലപ്പെടുത്താൻ ശ്രമിച്ചതോ ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല.
ജയചന്ദ്രന്റെ കുടുംബം വീട്ടിലുണ്ടാകുന്നത് കുറവായിരുന്നതായി നാട്ടുകാർ പറയുന്നു. വീട്ടുജോലിക്കാരിയായ ജയചന്ദ്രന്റെ ഭാര്യയും വിദ്യാർഥിയായ മകനും മാതാപിതാക്കൾക്കൊപ്പം പുന്നപ്രയിലെ വീട്ടിലായിരുന്നു അധികവും താമസം. ഇവർ ഇടയ്‌ക്കിടെ മാത്രമാണ് വീട്ടിലെത്തിയത്. ബോട്ട് ജീവനക്കാരനായ ജയചന്ദ്രനും കൂടുതൽ സമയവും ബോട്ടിലും പുറത്തുമായിരുന്നു. വീട്ടിൽവരുന്നതും മടങ്ങിപോകുന്നതും മാത്രമാണ് നാട്ടുകാർ കാണാറ്.
കൊലപാതകം സംശയിച്ച് മൂന്നു ദിവസം പൊലീസ് സംഭവസ്ഥലത്തെത്തുകയും ജയചന്ദ്രന്റെ വീട് പരിശോധിക്കുകയും ചെയ്‌തിട്ടും അധികമാരുമറിഞ്ഞില്ല. ചൊവ്വ രാവിലെ സമീപത്തെ പുരയിടത്തിൽനിന്ന് മൃതദേഹം കണ്ടെടുക്കാൻ പൊലീസ് എത്തിയപ്പോഴാണ് അടുത്ത വീട്ടുകാർ പോലും വിവരമറിഞ്ഞത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..