23 December Monday

വീടിന്‌ കല്ലിട്ട സ്ഥലത്ത്‌ മൃതദേഹം; ഞെട്ടൽ മാറാതെ കൃപ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024

വീടിന് കല്ലിടുന്ന കൃപ (ഫയല്‍ ചിത്രം)

 

അമ്പലപ്പുഴ 
വീടിന്‌ കല്ലിട്ട സ്ഥലത്ത്‌ മൃതദേഹം കുഴിച്ചിട്ടെന്ന വിവരം അറിഞ്ഞ് ഞെട്ടൽ മാറാതെ കൃപ. മത്സ്യത്തൊഴിലാളിയായ പുറക്കാട് അഴിക്കകത്ത് വീട്ടിൽ  മനു–--കൃപ ദമ്പതികൾ വാങ്ങിയ സ്ഥലത്താണ് കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്‌മി(48)യുടെ മൃതദേഹം കുഴിച്ചിട്ടത്.
ഏറെക്കാലത്തെ പ്രതീക്ഷയ്‌ക്കൊടുവിൽ ഒരു സംഘടനയാണ് ഇവർക്ക് വീട് നിർമിച്ചുനൽകാമെന്നറിയിച്ചത്.    എട്ടിനാണ്‌ കല്ലിട്ടത്. അപ്പോഴും അറിഞ്ഞില്ല പുരയിടത്തിന്റെ ഒരു കോണിൽ മണ്ണിനടിയിൽ മൃതദേഹമുണ്ടെന്ന്. ചൊവ്വാഴ്‌ച രാവിലെ നാട്ടുകാരാണ് കൃപയെ വിവരമറിയിച്ചത്. മനു മാലിദ്വീപിലാണ്‌. പിതൃസഹോദരൻ രാജീവനൊപ്പമാണ്‌ സ്ഥലത്തെത്തിയത്‌.  സ്വന്തം പുരയിടത്തിലേക്ക് പ്രവേശിക്കാനാകാതെ പൊലീസ് വിലക്കേർപ്പെടുത്തിയത് കണ്ട് കൃപ വിതുമ്പി. ഇനി എന്ന് വീട് നിർമിക്കാനാകുമെന്ന ആശങ്കയിലാണ് കൃപ. ഏറെക്കാലത്തെ പ്രതീക്ഷയായിരുന്നു സ്വന്തമായൊരു വീട്‌.സാമ്പത്തിക പ്രതിസന്ധിയിൽ വീട്‌ വിറ്റശേഷം മനുവും ഭാര്യ കൃപയും രണ്ട് മക്കളുമാെന്നിച്ച് വാടക വീട്ടിലാണ് കഴിഞ്ഞിരുന്നത്. 
  മീൻപിടിത്തത്തിലൂടെ കിട്ടുന്ന വരുമാനത്തിൽനിന്ന്‌ മിച്ചംപിടിച്ചും സ്വർണം പണയം വച്ചും ബന്ധുക്കളുടെ സഹായത്താലുമാണ് പുറക്കാട് മൂന്നാം വാർഡ് ഐവാട്ടുശേരിയിൽ 4.5 സെന്റ്‌ സ്ഥലം എട്ടുവർഷം മുമ്പ് വാങ്ങിയത്. കേസും തുടരന്വേഷണവും മൂലം വീട്‌ നിർമിക്കാനാകാത്ത സ്ഥിതിയാകുമോ എന്ന ആശങ്കയിലാണ്‌ ഇവർ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top