20 November Wednesday

തലയോട്ടിയിൽ 13 വെട്ട്‌

ഫെബിൻ ജോഷിUpdated: Wednesday Nov 20, 2024

വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെടുക്കാന്‍ കുഴിയെടുക്കുന്നു

കരൂർ (ആലപ്പുഴ)
അമ്പലപ്പുഴ കരൂരിൽ കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി വിജയലക്ഷ്മിയെ(48) കൊലപ്പെടുത്തിയത്‌ അതിക്രൂരമായെന്ന്‌ പൊലീസ്‌.  വെട്ടുകത്തികൊണ്ട്‌ തലയുടെ പിന്നിൽ 13 തവണയിലധികം വെട്ടിയതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. 
   ആറിനാണ്‌ ക്ഷേത്രദർശനത്തിനായി വിജയലക്ഷ്മിയെത്തുന്നത്‌. തുടർന്ന്‌ ജയചന്ദ്രനൊപ്പം കരൂരിലെ വീട്ടിലെത്തി. ഇരുവരും ഒരുമിച്ചിരിക്കുമ്പോൾ രാത്രി ഒന്നോടെയാണ്‌ വിജയലക്ഷ്‌മിയുടെ ഫോണിലേക്ക്‌ സുഹൃത്തിന്റെ വിളിവരുന്നത്‌. ഇതേച്ചൊല്ലിയാണ്‌  തർക്കമുണ്ടാകുന്നത്‌. തർക്കത്തിനിടെ ഉന്തിലുംതള്ളിലും വിജയലക്ഷ്മി കട്ടിലിൽ തലയിടിച്ച്‌ വീണ്‌ അബോധാവസ്ഥയിലായി. മരിച്ചെന്ന്‌ കരുതി വിജയലക്ഷ്‌മിയെ എടുത്ത്‌ വീടിന്‌ പുറത്തെത്തിക്കാൻ ജയചന്ദ്രൻ നോക്കിയെങ്കിലും കഴിഞ്ഞില്ല. ഇതോടെ കയർ ഉപയോഗിച്ച്‌ കഴുത്തിൽ കുരുക്കിട്ട്‌ വലിച്ച്‌ പുറത്തിറക്കാൻ ശ്രമിക്കുന്നതിനിടെ വിജയലക്ഷ്‌മി ബോധം വീണ്ടെടുത്തു. ഇതോടെ വീട്ടിൽ കരുതിയ വെട്ടുകത്തികൊണ്ട്‌ തലയുടെ പിന്നിൽ 13 തവണയിലധികം ആഞ്ഞുവെട്ടുകയായിരുന്നു. 
  മരണമുറപ്പാക്കിയ ശേഷം മൂന്നര പവൻ ആഭരണങ്ങൾ അഴിച്ചെടുത്തു. രാത്രി രണ്ടോടെ സമീപത്തെ പുരയിടത്തിൽ കുഴിയെടുത്തു. ഒരു മീറ്ററിൽ താഴെ മാത്രമായിരുന്നു കുഴിയുടെ ആഴം. ശേഷം വിജയലക്ഷ്‌മിയെ കഴുത്തിൽ കയറിട്ട്‌ വലിച്ചിഴച്ചാണ്‌ കുഴിയിലെത്തിച്ചത്‌. മൂന്നോടെ കുഴിമൂടി. പിന്നീട്‌ വീടിനകത്ത്‌ രക്തംവീണത്‌ വൃത്തിയാക്കി. ഇതിന്‌ശേഷം ജയചന്ദ്രൻ ഭാര്യയും കുട്ടിയുമായി വീട്ടിൽ വന്നിരുന്നതായും 13ന്‌ ബോട്ടിൽ ജോലിക്ക്‌ പോയതായും വിവരമുണ്ട്‌.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top