23 December Monday
ഗത്യന്തരമില്ലാതെ 
വെളിപ്പെടുത്തൽ

ചുരുളഴിച്ച്‌ ചടുലനീക്കം

ജി അനില്‍കുമാര്‍Updated: Wednesday Nov 20, 2024

കൊല്ലപ്പെട്ട വിജയലക്ഷ്‌മിയുടെ മൃതദേഹം കുഴിച്ചിട്ട സ്ഥലം

 ആലപ്പുഴ 

ഓരോതവണ അന്വേഷണം വഴിതെറ്റിക്കാൻ ജയചന്ദ്രൻ ശ്രമിക്കുമ്പോഴും പൊലീസ്‌ ഡിജിറ്റൽ തെളിവുകൾ നിരത്തി അതെല്ലാം പൊളിച്ചു. ഒടുവിൽ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ ഗത്യന്തരമില്ലാതെ പൊലീസിനോട്‌ വെളിപ്പെടുത്തുകയായിരുന്നു  പ്രതി. 
  ഞായറാഴ്‌ച കസ്‌റ്റഡിയിലായ ഇയാളിൽനിന്ന്‌ ദുരൂഹതയുടെ ചുരുളഴിച്ച പൊലീസ്‌ അന്നുതന്നെ കൊലപാതകസ്ഥലത്തെത്തി. വീടും പരിസരവുമടക്കം പരിശോധിച്ച്‌  സാഹചര്യത്തെളിവുകൾ ശേഖരിച്ചു. തിങ്കളാഴ്‌ചയും ഇവിടെയെത്തിയ പൊലീസ്‌ ചില സമീപവാസികളുടെ സഹായത്തോടെ മൃതദേഹം അടുത്തപുരയിടത്തിൽ ഉള്ളതായി സ്ഥിരീകരിച്ചു. 
  13നാണ്‌ വിജയലക്ഷ്‌മിയെ കാണാനില്ലെന്ന പരാതി കരുനാഗപ്പള്ളി പൊലീസിന്‌ ലഭിക്കുന്നത്‌. ഒമ്പതുമുതൽ കാണാനില്ലെന്നായിരുന്നു സഹോദരി തഴവ കൊച്ചയ്യത്തുവീട്ടിൽ ഗീത(43)യുടെ പരാതി.  എന്നാൽ തിരോധാനം ആറുമുതലെന്ന്‌ അന്വേഷണത്തിൽ കണ്ടെത്തി. അയൽവാസികളിൽ നിന്നാണ്‌ ഈ വിവരങ്ങൾ ശേഖരിച്ചത്‌.  വിജയലക്ഷ്‌മി എറണാകുളത്തുണ്ടെന്നാണ്‌ ആദ്യം പ്രതി പറഞ്ഞത്‌. പിന്നീട്‌ മറ്റെവിടേക്കോ പോയെന്നായി. ഇവരുമായി  ബന്ധമില്ലെന്ന്‌ സ്ഥാപിക്കാനടക്കം നടത്തിയ ശ്രമങ്ങളെല്ലാം തെളിവുകൾ നിരത്തിയ ചോദ്യംചെയ്യലിൽ നിഷ്‌പ്രഭമായി. 
  കരുനാഗപ്പള്ളി സ്വദേശിയായ വിജയലക്ഷ്മിയെ ഇടുക്കിയിലാണ് വിവാഹം കഴിച്ചയച്ചത്. ഈ ബന്ധത്തിൽ രണ്ട്‌ കുട്ടികളുമുണ്ട്. എന്നാൽ അവരുമായി അകന്ന ഇവർ കരുനാഗപ്പള്ളിയിൽ തിരിച്ചെത്തി കുലശേഖരപുരം കൊച്ചുമാമ്മൂട്‌ ലീലാഭവനത്തിൽ വാടകയ്‌ക്ക്‌ താമസിക്കുകയായിരുന്നു. ഇതിനിടെയാണ് തുറമുഖത്ത് മീൻപിടിത്ത ബോട്ടിൽ തൊഴിലാളിയായി വന്ന ജയചന്ദ്രനുമായി സൗഹൃദത്തിലായത്. 
തമ്മിൽ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നതായാണ് വിവരം. ജയചന്ദ്രന്‌ ഭാര്യയും മകനുമുണ്ട്‌. ഭാര്യ ചങ്ങനാശേരിഭാഗത്ത്‌ വീട്ടുജോലിക്കു പോയിരുന്നു. മകൻ പുറക്കാട്‌ അമ്മയുടെ വീട്ടിലായിരുന്നു.   വിജയലക്ഷ്മിക്ക് മറ്റൊരു സൃഹൃത്തുമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇതേച്ചൊല്ലിയുണ്ടായ തർക്കമാണ്‌ കൊലപാതകത്തിലെത്തിയത്‌. 
 മൃതദേഹം 
ആഴംകുറഞ്ഞ കുഴിയിൽ
ആറിന്‌ അമ്പലപ്പുഴയിലെത്തിയ ഇരുവരും ഇവിടെനിന്ന് സന്ധ്യയോടെ ഓട്ടോറിക്ഷയിൽ ജയചന്ദ്രന്റെ കരൂരുള്ള വീട്ടിലെത്തി. ഹോം നഴ്സായി ജോലിചെയ്യുന്ന ഭാര്യ ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. മാസത്തിൽ ഏതാനും ദിവസങ്ങളേ ഇവർ വീട്ടിലുണ്ടാകാറുള്ളൂ എന്ന് അയൽവാസികൾ പറഞ്ഞു. മകനും വീട്ടിലില്ലായിരുന്നു. വിജയലക്ഷ്‌മി മുമ്പും പലതവണ ഇവിടെ വന്നിട്ടുണ്ടെന്ന്‌ പ്രദേശവാസികൾ പറഞ്ഞു. 
    മലയാലപ്പുഴ ക്ഷേത്രത്തിൽ പോകാമെന്ന് പറഞ്ഞാണ് കരുനാഗപ്പള്ളിയിൽനിന്ന് വിജയലക്ഷ്മിയെ കരൂരിലെത്തിച്ചതെന്ന്‌ പൊലീസ് പറഞ്ഞു. കരൂരിലെ വീട്ടിലാണ് കൊലപാതകം. വിജയലക്ഷ്മിയുടെ മൂന്നര പവൻ ആഭരണങ്ങൾ  ഇതുവരെ കണ്ടെടുത്തിട്ടില്ല. മൂന്നു ദിവസത്തിനുശേഷം പ്രതി എറണാകുളത്തെത്തിയാണ്‌ മൊബൈൽ ഫോൺ  ഉപേക്ഷിച്ചത്‌.  
  അധികം ആഴത്തിലല്ലാതെ കുഴിയിലാണ്‌ മൃതദേഹം മറവുചെയ്‌തത്. സിമന്റ്‌ ലായനിയും ഒഴിച്ചു. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു.  
അമ്പലപ്പുഴ തഹസിൽദാർ അൻവർ ഇൻക്വസ്‌റ്റിന്‌ നേതൃത്വം നൽകി.  ജില്ലാ പൊലീസ്‌ മേധാവി എം പി മോഹനചന്ദ്രൻ,  സബ് കലക്ടർ സമീർ കിഷൻ, കൊല്ലം എസിപി അഞ്ജലി ഭാവന, അമ്പലപ്പുഴ ഡിവൈഎസ്‌പി കെ എൻ രാജേഷ്‌, ഐഎസ്‌എച്ച്‌ഒ വി ബിജു, എസ്‌ഐമാരായ എം ഷെമീർ, കണ്ണൻ, ഷാജിമോൻ, വേണു, ജോയ്‌, എസ്‌സിപിഒമാരായ രാജീവ്‌, ഹാഷിം, അനിത, ബിന്ദു എന്നിവരുടെ നേതൃത്വത്തിലായിരുന്നു മൃതദേഹം പുറത്തെടുത്തത്‌.  രാമങ്കരി, എടത്വ സ്‌റ്റേഷനുകളിലെ പൊലീസിനെയും സ്ഥലത്ത്‌ വിന്യസിച്ചിരുന്നു. വിരലടയാള വിദഗ്‌ധരും ഫോറൻസിക്‌ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ശാസ്‌ത്രീയ തെളിവുകൾ ശേഖരിച്ചു. 
   മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പോസ്‌റ്റുമോർട്ടത്തിന്‌ ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. സംസ്‌കാരം വ്യാഴാഴ്‌ച രാവിലെ കരുനാഗപ്പള്ളിയിൽ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top