കരുനാഗപ്പള്ളി
ദൃശ്യം സിനിമ മോഡലിൽ സ്‌ത്രീയെ കൊന്നുകുഴിച്ചുമൂടിയ കേസിൽ പ്രതി ജയചന്ദ്രനെ പിടികൂടിയത് ‘ ദൃശ്യ’ത്തെ വെല്ലുന്ന ബുദ്ധിപൂർവ നീക്കങ്ങളിലൂടെയും അന്വേഷണത്തിലൂടെയും. കഴിഞ്ഞ ആറുമുതൽ വിജയലക്ഷ്മിയെ കാണാനില്ലെന്ന് 13നാണ് ബന്ധുക്കൾ പരാതി നൽകിയത്. ഇവർ കൊച്ചുമാംമൂടിനു സമീപം വാടകയ്ക്കു താമസിക്കുകയായിരുന്നു. കാണാനില്ലെന്ന് സമീപവാസികളാണ് ബന്ധുക്കളെ അറിയിച്ചത്.
വിജയലക്ഷ്മിയുടെ ഫോണിലേക്ക് ഇടയ്ക്കുവന്ന ഒരു കോളിൽ എറണാകുളത്ത് ഫോൺ റിങ് ചെയ്തതായി കണ്ടെത്തി. തുടർന്ന് ജയചന്ദ്രന്റെയും വിജയലക്ഷ്മിയുടെയും കോൾ വിശദാംശങ്ങളെടുത്ത് പരിശോധനയിലാണ് അതീവബുദ്ധിയോടെ ഒളിപ്പിക്കാൻ ശ്രമിച്ച കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. വിജയലക്ഷ്മിയുടെ ഫോൺ ഒരു മണിക്കൂറോളം അമ്പലപ്പുഴ ഭാഗത്തുണ്ടായിരുന്നുവെന്നും വിവരം ലഭിച്ചു. നിരവധിപേരെ ചോദ്യം ചെയ്തു. ഇതിൽനിന്നാണ് ജയചന്ദ്രനിലേക്ക് എത്തുന്നത്.
ജയചന്ദ്രനെ ചോദ്യം ചെയ്തെങ്കിലും ഇയാൾ തന്ത്രപൂർവം പൊലീസിനെ വഴിതെറ്റിക്കാൻ ശ്രമിച്ചു. ഓച്ചിറ ഭാഗത്തുണ്ടായിരുന്നു എന്ന് ആദ്യം മൊഴി നൽകി. ഇത് കളവാണെന്നു തെളിഞ്ഞു. സംഭവ സമയത്ത് കായംകുളത്ത് ഉണ്ടായിരുന്നെന്നും മൊഴിമാറ്റി. കൊലപാതകശേഷം എറണാകുളത്തേക്കു പോയെന്ന് സമ്മതിച്ചില്ല. ചോദ്യം ചെയ്യുന്നതിനിടെ ഇയാളുടെ പേഴ്സിൽനിന്നു ലഭിച്ച കെഎസ്ആർടിസി ടിക്കറ്റാണ് നിർണായക വഴിത്തിരിവിലേക്ക് എത്തിച്ചത്. കൂടുതൽ ചോദ്യം ചെയ്‌തപ്പോൾ ജയചന്ദ്രൻ കുടുങ്ങി.
കൊലപാതകം കഴിഞ്ഞ് എറണാകുളത്തെത്തി കണ്ണൂരിലേക്ക് പോയ കെഎസ്ആർടിസി ബസിൽ മൊബൈൽ ഉപേക്ഷിച്ചത് ദൃശ്യം സിനിമയ്‌ക്കു സമാനമാണ്. തലയ്ക്ക് അടിച്ചും വെട്ടിപ്പരിക്കേൽപ്പിച്ചുമാണ് മരണം ഉറപ്പാക്കിയതെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..