മണ്ണഞ്ചേരി
ഓൺലൈനിലൂടെ 10 ലക്ഷം രൂപ സാമ്പത്തിക തട്ടിപ്പു നടത്തിയ കേസിലെ പ്രതിയായ ഒരാൾ കൂടി റിമാൻഡിൽ . മണ്ണഞ്ചേരി സ്വദേശിയായ യുവാവിന്റെ പക്കൽനിന്ന് ഷെയർ ട്രേഡിങ്ങിലൂടെ പണം സമ്പാദിക്കാം എന്ന് പറഞ്ഞ് ആൾമാറാട്ടം നടത്തി പണം തട്ടിയെടുത്ത കേസിലെ പ്രതി ജാർഖണ്ഡ് ധൻബാദ് ജാരിയ സ്വദേശിയായ സമീർ അൻസാരിയാണ് റിമാൻഡിലായത്. പ്രതിയെ പ്രൊഡക്ഷൻ വാറണ്ട് പ്രകാരമാണ് ആലപ്പുഴയിൽ ഹാജരാക്കിയത്.
ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഏലിയാസ് പി ജോർജ് , സബ്ഇൻസ്പെക്ടർ ശരത്ചന്ദ്രൻ, സിവിൽ പൊലീസ് ഓഫീസർ ജേക്കബ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം റാഞ്ചിയിൽ എത്തി അന്വേഷണം നടത്തിയപ്പോൾ പ്രതി സമാന സാമ്പത്തിക തട്ടിപ്പുകേസിൽപ്പെട്ട് ജയിലിലാണെന്ന് അറിഞ്ഞു. തുടർന്ന് ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രൊഡക്ഷൻ വാറണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയും പ്രതിയെ റാഞ്ചിയിൽനിന്ന് ആലപ്പുഴയിൽ എത്തിക്കുകയുമായിരുന്നു. ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ അപേക്ഷ പ്രകാരം പ്രതിയെ കോടതി റിമാൻഡ് ചെയ്യുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയെ ഗുജറാത്തിൽനിന്ന് മുൻപ് ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. സൈബർ തട്ടിപ്പിനു ഇരയായ ഉടൻ പരാതി രജിസ്റ്റർ ചെയ്തതിനാൽ പ്രതിയുടെ അക്കൗണ്ട് മരവിപ്പിക്കാൻ സാധിച്ചിരുന്നു. തുക പരാതിക്കാരനു തിരികെ ലഭിക്കുന്നതിനു കോടതി വഴി നടപടി സ്വീകരിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..