20 December Friday
സിപിഐ എം ജില്ലാ സമ്മേളനം

ഉണരുന്നു രണസ്‌മരണകൾ

സ്വന്തം ലേഖകൻUpdated: Friday Dec 20, 2024

 

ഹരിപ്പാട്
സിപിഐ എം ആലപ്പുഴ ജില്ലാ സമ്മേളന നഗരിയിലേക്കുള്ള പതാകയും കൊടിമരവും കൊണ്ടുവരുന്നത്‌ നാടിന്റെ മോചനത്തിനായി നടത്തിയ ഐതിഹാസിക പോരാട്ടങ്ങളിൽ ചുടുരക്തം പകർന്ന ധീരരക്തസാക്ഷികളുടെ ബലികുടീരങ്ങളിൽനിന്ന്‌. ദിവാൻ ഭരണത്തിനെതിരെ വാരിക്കുന്തമേന്തി പോരാടി ചരിത്രം രചിച്ച വയലാർ, വോട്ടവകാശത്തിനുവേണ്ടി പോരാടി മരിച്ച വെൺമണി ചാത്തൻ, കുടികിടപ്പവകാശത്തിനായി നടത്തിയ പോരാട്ടത്തിൽ രക്തസാക്ഷികളായ നീലകണ്‌ഠൻ, ഭാർഗവി എന്നിവരുടെ സ്‌മരണതുടിക്കുന്ന മണ്ഡപങ്ങളിൽനിന്നാണ്‌ രക്തപതാകയും  കൊടിമരവും എത്തിക്കുന്നത്‌. 2025 ജനുവരി ഒമ്പതിനാണ്‌ പതാക, കൊടിമര ജാഥകൾ.  വൈകിട്ടോടെ എത്തിക്കുന്ന പതാകകളും കൊടിമരവും സ്വാഗതസംഘം ജനറൽ കൺവീനർ എം സത്യപാലൻ ഏറ്റുവാങ്ങും. ചെയർമാൻ ടി കെ ദേവകുമാർ പൊതുസമ്മേളന നഗരിയിൽ പതാക ഉയർത്തും.
പ്രതിനിധിസമ്മേളനം നടക്കുന്ന കോടിയേരി ബാലകൃഷ്ണൻ നഗറിൽ (ഹരിപ്പാട് ശബരി കൺവൻഷൻ സെന്റർ) ഉയർത്താനുള്ള പതാക വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ജില്ലാ സെക്രട്ടറിയറ്റംഗം കെ പ്രസാദിന്റെ നേതൃത്വത്തിലാണ് കൊണ്ടുവരുന്നത്. ജില്ലാ സെക്രട്ടറി ആർ നാസർ പതാക കൈമാറും. വയലാറിൽനിന്ന് പതാകജാഥ തീരദേശ റോഡ് വഴി തോട്ടപ്പള്ളിയിലെത്തും. അവിടെനിന്ന് പല്ലന കുമാരകോടി, കരുവാറ്റ, ചെറുതന വഴി സമ്മേളന നഗറിലെത്തും.
പൊതുസമ്മേളനം നടക്കുന്ന സീതാറാം യെച്ചൂരി നഗറിൽ (ഹരിപ്പാട് മാധവ ജങ്‌ഷനിലെ മണ്ണാറശാല ഗ്രൗണ്ട്) ഉയർത്താനുള്ള ചെങ്കൊടി വെൺമണി ചാത്തന്റെ സ്മൃതി മണ്ഡപത്തിൽനിന്ന് ജില്ലാ സെക്രട്ടറിയറ്റംഗം ജി ഹരിശങ്കറിന്റെ നേതൃത്വത്തിൽ ജാഥയായി എത്തിക്കും. കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത പതാക കൈമാറും. മാന്നാർ വഴിയാണ് ജാഥ പൊതുസമ്മേളന നഗരിയിലെത്തുക.
കൊടിമരം കള്ളിക്കാട്ടെ നീലകണ്ഠന്റെയും ഭാർഗവിയുടെയും സ്മൃതികുടീരത്തിൽനിന്ന്‌ ജില്ലാ സെക്രട്ടറിയറ്റംഗം കെ എച്ച് ബാബുജാന്റെ നേതൃത്വത്തിലാണ് കൊണ്ടുവരുന്നത്‌. സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു കൊടിമരം കൈമാറും.  പെരുമ്പള്ളി, കായംകുളം, പുല്ലുകുളങ്ങര, കാർത്തികപ്പള്ളി, മഹാദേവികാട്, കുമാരപുരം, ഡാണാപ്പടി വഴി സമ്മേളന നഗറിലെത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top