21 December Saturday
ക്രിസ്‌മസ്‌ വിപണി

വർണമഴ തൂകി ലേസർ ലൈറ്റുകൾ

സ്വന്തം ലേഖികUpdated: Friday Dec 20, 2024

നഗരത്തിലെ ക്രിസ്മസ്‍ വിപണിയിൽനിന്ന് നക്ഷത്രങ്ങൾ വാങ്ങുന്നവർ

 

ആലപ്പുഴ
പേപ്പർ, പ്ലാസ്‌റ്റിക്‌ നക്ഷത്രങ്ങൾ എന്ന വൻമരങ്ങൾ വീണു. ഇനിയാര്‌? ഇതിന്‌ ഒറ്റ ഉത്തരമേയുള്ളൂ ലേസർ ലൈറ്റുകൾ. ക്രിസ്‌മസ്‌ ആഘോഷങ്ങൾക്കുൾപ്പെടെ നിറം പകരാൻ പുതുതലമുറ അന്വേഷിക്കുന്നത്‌ ലേസറുകളാണ്‌. പലനിറങ്ങളിൽ പലരീതികളിൽ പ്രവർത്തിക്കാമെന്നതാണ്‌ ഈ ലൈറ്റിനെ യുവാക്കൾക്കിടയിൽ പ്രിയങ്കരമാക്കുന്നത്‌. 
ബഹുവർണങ്ങളിലുള്ള എൽഇഡി ബൾബുള്ള നക്ഷത്രങ്ങൾ വന്നതോടെ പ്ലാസ്‌റ്റിക്‌, പേപ്പർ നക്ഷത്രങ്ങളുടെ വിൽപനയിൽ ഇടിവുണ്ടായി. പേപ്പർ നക്ഷത്രങ്ങൾക്ക്‌ ബൾബും സോക്കറ്റും വയറുമെല്ലാം വേറെ വാങ്ങണമെന്നതായിരുന്നു എൽഇഡി നക്ഷത്രങ്ങൾക്ക്‌ ഡിമാൻഡ്‌ വർധിപ്പിച്ചത്‌. എന്നാൽ പഴയ തലമുറ ഇപ്പോഴും തിരക്കിവരുന്നത് പേപ്പർ നക്ഷത്രങ്ങളാണെന്ന്‌ കടയുടമകൾ സാക്ഷ്യപ്പെടുത്തുന്നു. എൽഇഡി നക്ഷത്രങ്ങൾക്ക്‌ 150 മുതൽ 650 വരെയാണ്‌ വില. പേപ്പർ, പ്ലാസ്‌റ്റിക്‌ നക്ഷത്രങ്ങൾക്ക്‌ വലുപ്പമനുസരിച്ചാണ്‌ വില കണക്കാക്കുന്നത്‌. 150 മുതൽ 450 രൂപയ്‌ക്ക് വരെ‌ നക്ഷത്രങ്ങൾ ലഭ്യമാണ്‌.
400 രൂപമുതൽ 4000 രൂപവരെ വരുന്ന ക്രിസ്‌മസ്‌ ട്രീ, 150 മുതൽ 400 രൂപവരുന്ന അലങ്കാരവസ്‌തുക്കൾ, ഒറ്റ, ബഹുനിറ വർണങ്ങളിലുള്ള ഫെയറി ലൈറ്റുകൾ എന്നിവയാണ്‌ വേഗത്തിൽ വിറ്റഴിയുന്നത്‌. പലവലുപ്പത്തിൽ റെഡിമെയ്ഡ് പുൽക്കൂടും വിപണിയിലെത്തിയിട്ടുണ്ട്‌. മുള, പ്ലാസ്റ്റിക്, ഫൈബർ എന്നിവ കൂടാതെ ഈറ്റ ഉപയോഗിച്ചുള്ള കൂടുകളുമുണ്ട്‌. പുൽക്കൂടിൽവയ്‌ക്കാനുള്ള ചെറിയ രൂപങ്ങളും ഓട്ടോമാറ്റിക്‌ മെഴുകുതിരികളുമെല്ലാം വിപണിയിലെ കൗതുകക്കാഴ്‌ചകളാണ്‌.  
ചുവപ്പും വെളുപ്പും നിറമുള്ള വസ്‌ത്രങ്ങൾക്കും ക്രിസ്‌മസ്‌ അടുത്തതോടെ ഡിമാൻഡാണ്‌.  സാന്താക്ലോസ് വേഷവും വിൽപനയ്‌ക്കെത്തി. 260 രൂപ മുതൽ 1200 രൂപവരെയാണ്‌ വില. കുഞ്ഞുങ്ങൾക്കായി മാനിന്റെയും സാന്താക്ലോസിന്റെയും രൂപത്തിലുള്ള ബോകളുമുണ്ട്‌. 100 മുതൽ 260 രൂപയാണ്‌ മുഖംമൂടിയുടെ വില. എൽഇഡി പിടിപ്പിച്ച ക്രിസ്‌മസ് തൊപ്പികൾക്ക്‌ 100ഉം. ഇക്കുറി കഴിഞ്ഞ വർഷത്തേക്കാൾ 20ശതമാനം അധിക വിൽപനയാണ്‌  പ്രതീക്ഷിക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top