22 November Friday

വയനാടിന്‌ വരത്താങ്ങ്‌: കൈകോർത്ത്‌ കലാകാരൻമാരും

സ്വന്തം ലേഖികUpdated: Wednesday Aug 21, 2024

വയനാട്ടില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കേരള ചിത്രകലാപരിഷത്ത് ആലപ്പുഴയില്‍ സംഘടിപ്പിച്ച പ്രദർശനം

ആലപ്പുഴ > പെയിന്റിങ്‌ ബ്രഷ്‌ കൈയിലെടുത്ത്‌ അവർ വരച്ചു, തൊട്ടുമുന്നിലിരിക്കുന്ന ആളും പ്രകൃതിയുമെല്ലാം കാൻവാസുകളിൽ തെളിഞ്ഞു. വയനാട്ടിലെ പേരറിയാത്ത മനുഷ്യർക്കായാണ്‌ ഒരുകൂട്ടം ചിത്രകാരൻമാർ ബോട്ട്‌ ജെട്ടിക്ക്‌ എതിർവശം ഒത്തുകൂടിയത്‌. സംസാരശേഷിയില്ലാത്ത നൂറു മുഹമ്മദ്‌ തന്റെ പ്രിയപ്പെട്ട ചിത്രങ്ങൾ നിരത്തി. വിലയിട്ട തുകയിൽ എത്ര കുറഞ്ഞാലും കുഴപ്പമില്ല സഹജീവികൾക്ക്‌ കരുത്താകാൻ കൂടെയുണ്ടായാൽ മതിയെന്ന്‌ ചിരിയോടുള്ള ആംഗ്യവും. 
 
കേരള ചിത്രകല പരിഷത്ത്‌ സംഘടിപ്പിച്ച ‘വയനാടിന്‌ വരത്താങ്ങി’ ലാണ്‌ നൂറു മുഹമ്മദ്‌ അടക്കം മുപ്പതോളം പേർ പങ്കെടുത്തത്‌. മുമ്പ്‌ വരച്ച ചിത്രങ്ങളും പ്രദർശനത്തിലുണ്ടായിരുന്നു. 20,000 രൂപമുതൽ വിലയിട്ട ചിത്രങ്ങളുണ്ട്‌. എന്നാൽ ആ വിലയ്‌ക്കല്ല വിൽക്കുന്നത്‌. ഇഷ്‌ടമുള്ള തുക തരാം. വയനാടിനായി അത്‌ കൈമാറും. പരിപാടിയുടെ സംഘാടകൻ കൂടിയായ ആന്റണി അടൈക്കളം പറഞ്ഞു. സംസ്ഥാനത്തെ 14 ജില്ലകളിലും ഇത്തരത്തിൽ ശേഖരിക്കുന്ന തുക പിന്നീട്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ കൈമാറും. വഴിയാത്രക്കാർക്ക്‌ ഏറെ പ്രിയം തോന്നിയത്‌ കാരിക്കേച്ചറുകളായിരുന്നു. 15 പേർ തങ്ങളുടെ പടം വരയ്‌ക്കാൻ എത്തിച്ചേർന്നു.  
 
കോവിഡ്‌ കാലത്ത്‌ ചിത്രം വരച്ചുതുടങ്ങിയ ഷീബയും റിയലിസ്‌റ്റ്‌ ചിത്രകാരനായ അൻവർ പല്ലനയും ഹണി ഹർഷനും ചിത്രങ്ങളുമായെത്തി. പ്രശസ്‌ത വ്യക്തികളുടെ കാരിക്കേച്ചറുകളും മോഡൽ പെയിന്റിങും ചാർക്കോൾ പെയിന്റിങ്ങും നൈഫ്‌ പെയിന്റിങ്ങുമെല്ലാം പ്രദർശനത്തിലുണ്ടായി. വയനാട്‌ പശ്ചാത്തലമായുള്ള ചിത്രങ്ങളും വരച്ചു. വൈകിട്ട്‌ അഞ്ചുവരെ നടന്ന പ്രദർശനത്തിൽ ഒമ്പത്‌ പെയിന്റിങ്ങുകൾ വിറ്റഴിഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top