22 December Sunday
പരാതി പരിഗണിക്കാൻ 8 കൗണ്ടർ

തദ്ദേശഭരണ അദാലത്ത് നാളെ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024
 
സ്വന്തം ലേഖകൻ
ആലപ്പുഴ
സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് തദ്ദേശസ്വയംഭരണമന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ നടത്തുന്ന ജില്ലാതല അദാലത്ത് വ്യാഴം രാവിലെ എസ്ഡിവി സെന്റിനറി ഹാളിൽ നടക്കും. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ പൊതുജനങ്ങളുടെ തീർപ്പാകാത്ത പരാതികൾ തീർപ്പാക്കുന്നതിനും തത്സമയം ലഭിക്കുന്ന പരാതികളിൽ തീരുമാനം എടുക്കാനുമാണ്‌ അദാലത്ത്‌. രാവിലെ 8.30ന് രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും. ജില്ലാതല ഉദ്ഘാടനം 9.30ന്  മന്ത്രി എം ബി രാജേഷ് നടത്തും. പി പി ചിത്തരഞ്‌ജൻ എംഎൽഎ അധ്യക്ഷനാകും. ജില്ലയിലെ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കലക്‌ടർ തുടങ്ങിയവർ പങ്കെടുക്കും. 
പരാതി പരിഗണിക്കാൻ എട്ട്‌ കൗണ്ടറാണ് സജ്ജമാക്കിയിട്ടുള്ളത്. നിശ്ചിത തീയതിക്കകം അദാലത്തിൽ ഓൺലൈനായി അപേക്ഷ നൽകിയവർക്ക് പ്രത്യേക കൗണ്ടറിൽ ബന്ധപ്പെടാം. പുതുതായി അപേക്ഷകൾ നൽകുന്നവർക്കും അപ്പോൾ തന്നെ പരിഹാരം നിർദേശിക്കാനുള്ള സംവിധാനം ഉണ്ട്. 
പരാതികൾ പരിഗണിക്കുന്ന അഞ്ച് ഡെസ്‌കിന്‌ പുറമേ ഉപജില്ലാതല പരിഹാര ഡെസ്‌ക്‌, ജില്ലാതല പരിഹാര ഡെസ്‌ക്‌, സംസ്ഥാനതല പരിഹാര ഡെസ്‌ക്‌  എന്നിവയും പ്രവർത്തിക്കും. അപേക്ഷകർ അവരവർ വരുന്ന തദ്ദേശസ്ഥാപനത്തിനുള്ള കൗണ്ടറിലെത്തി പരാതി നൽകണം. ഇവർക്ക് ടോക്കൺ നൽകും. പൊതുജനങ്ങളെ സഹായിക്കുന്നതിന്‌ വളന്റിയർമാരുടെ സഹായവുമുണ്ടാകും.
 
 
തദ്ദേശ അദാലത്ത് പാർക്കിങ്‌ നിയന്ത്രണം
ആലപ്പുഴ
എസ്ഡിവി സ്‌കൂൾ സെന്റിനറി ഹാളിൽ വ്യാഴാഴ്‌ച നടക്കുന്ന തദ്ദേശ അദാലത്തിന് ഓഡിറ്റോറിയം ഗ്രൗണ്ടിൽ പാർക്കിങ്‌ നിയന്ത്രണം. മന്ത്രിമാർ, എംഎൽഎമാർ, മുതിർന്ന ഉദ്യോഗസ്ഥർ, മാധ്യമങ്ങൾ എന്നിവരുടെ വാഹനങ്ങൾക്ക് പുറമേ അദാലത്തിൽ പങ്കെടുക്കുന്നവർക്ക്‌ മാത്രമാണ് ഓഡിറ്റോറിയത്തിന് സമീപം വാഹന പാർക്കിങ്‌. അദാലത്തിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥരുമായി എത്തുന്ന സർക്കാർ വാഹനങ്ങൾ ഉദ്യോഗസ്ഥരെ ഓഡിറ്റോറിയത്തിന് സമീപം ഇറക്കിയശേഷം ഇ എം എസ് സ്‌റ്റേഡിയത്തിൽ പാർക്ക് ചെയ്യണം.
വിശദമായ ട്രാഫിക് ക്രമീകരണം
മന്ത്രിമാർ, എംഎൽഎമാർ,  മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ വരുന്ന വാഹനങ്ങൾ ഓഡിറ്റോറിയത്തിന്റെ കിഴക്കേ ഗേറ്റിലൂടെ ഓഡിറ്റോറിയം ഗ്രൗണ്ടിൽ പ്രവേശിച്ച് ആളെ ഇറക്കിയശേഷം പടിഞ്ഞാറ്‌ ഭാഗത്ത്‌ പാർക്കിങ്‌ ഗ്രൗണ്ടിലെ പ്രത്യേകം റിസർവ് ചെയ്‌തിരിക്കുന്ന സ്ഥലത്ത്‌ നിർത്തണം. ഇരുചക്രവാഹനങ്ങൾ പാർക്കിങ്‌ ഗ്രൗണ്ടിന് തെക്കുവശം ഓഡിറ്റോറിയത്തിന്റെ പടിഞ്ഞാറേ ഗേറ്റിന് പടിഞ്ഞാറ്‌ ഭാഗത്തായും ഓട്ടോറിക്ഷകൾ ഓഡിറ്റോറിയത്തിന്റെ കിഴക്കേ ഗേറ്റിന് കിഴക്ക് ഭാഗത്തായും പാർക്ക് ചെയ്യുക.
മാധ്യമപ്രവർത്തകർ ഗ്രൗണ്ടിൽ അവർക്കായി റിസർവ് ചെയ്‌തിരിക്കുന്ന സ്ഥലത്ത് പാർക്ക് ചെയ്യണം. അദാലത്തിനായി കാറുകളിൽ എത്തുന്ന പൊതുജനങ്ങൾ പാർക്കിങ്‌ ഗ്രൗണ്ടിന്റെ പടിഞ്ഞാറ് ഭാഗത്ത് പാർക്ക് ചെയ്യണം.
അദാലത്തിന്‌ ടെമ്പോ ട്രാവലറുകളിലും മിനി ബസുകളിലും എത്തുന്ന പൊതുജനങ്ങൾ പാർക്കിങ്‌ ഗ്രൗണ്ടിന് മുന്നിൽ അൽപ്പം പടിഞ്ഞാറോട്ട് മാറ്റി റോഡ് സൈഡിൽ വണ്ടി നിർത്തി വാഹനത്തിൽനിന്ന്‌ ഇറങ്ങി റിസപ്ഷൻ സെന്ററിൽ എത്തണം. ശേഷം വാഹനങ്ങൾ അവിടെനിന്ന്‌ കനാലിന്റെ തെക്കുഭാഗത്തുകൂടി പടിഞ്ഞാറോട്ട് പോയി കടപ്പുറത്തുള്ള പൊലീസ് റിക്രിയേഷൻ ഗ്രൗണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം. അദാലത്തിന് ഉദ്യോഗസ്ഥരുമായി വരുന്ന തദ്ദേശസ്ഥാപനങ്ങളുടെ വാഹനങ്ങളും മറ്റ് സർക്കാർ വാഹനങ്ങളും ഓഡിറ്റോറിയത്തിന്റെ മുൻഭാഗത്ത്‌ അൽപ്പം കിഴക്കോട്ട് മാറി ഉദ്യോഗസ്ഥരെ ഇറക്കിയ ശേഷം ഇ എം എസ് സ്‌റ്റേഡിയത്തിലോ കടപ്പുറത്തുള്ള റിക്രിയേഷൻ ഗ്രൗണ്ടിലോ വാഹനങ്ങൾ പാർക്ക് ചെയ്യണം. ഓഡിറ്റോറിയത്തിന് മുൻഭാഗത്തുള്ള റോഡ് വൺവേ ആണ്. ഇത് കർശനമായി പാലിക്കണം. റോഡിന്റെ വശങ്ങളിൽ വാഹനങ്ങൾ നിർത്തിയിടരുത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top