05 November Tuesday
നീലംപേരൂർ പൂരം പടയണി

പൂമരം എത്തി; തട്ടുകുട ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024

നീലംപേരൂർ പൂരം പടയണി രണ്ടാംഘട്ടത്തിൽ പളളിഭഗവതി ക്ഷേത്രത്തിലെ പടയണിക്കളത്തിൽ പൂമരം എഴുന്നള്ളിയപ്പോൾ

മങ്കൊമ്പ്
നീലംപേരൂർ പൂരം പടയണിയുടെ രണ്ടാംഘട്ടം തുടങ്ങി. ഒന്നാംഘട്ടമായ ചൂട്ടുപടയണി പച്ച കാണിക്കൽ ചടങ്ങുകളോടെ വ്യാഴാഴ്‌ച സമാപിച്ചു. രണ്ടാംഘട്ടമായി കുട പടയണി വെള്ളിയാഴ്‌ച രാത്രി ആരംഭിച്ചു. ആദ്യദിനത്തിൽ കുടപ്പൂമരം പടയണികളത്തിൽ എത്തി. 
ശനിയാഴ്‌ച തട്ടുകുടയെത്തും. പെരുമരത്തിന്റെ ഇലകൾ മടക്കി അതിൽ വട്ടയില കുത്തി മറച്ചാണ് തട്ടുകുട നിർമിക്കുന്നത്. രാത്രി പത്തിനാണ് തട്ടുകുട പടയണികളത്തിൽ എത്തുക. തുടർന്ന്  പാറാവളയം എത്തും. ശേഷം രണ്ടാംഘട്ടത്തിന് സമാപനം കുറിച്ച് നടക്കുന്ന കുടനിർത്തിനൊപ്പം പൂ പടയണിയിലെ കോലങ്ങൾ ഒന്നിച്ച് കളത്തിൽ എഴുന്നള്ളും. കുടനിർത്ത് ചടങ്ങോടെ രണ്ടാംഘട്ടം അവസാനിക്കും. 
ചൂട്ട്, കുട, പ്ലാവില കോലം, പിണ്ടിയും കുരുത്തോലയും എന്നിങ്ങനെ നാല് ഘട്ടങ്ങളായാണ് പടയണി. കല്യാണസൗഗന്ധികം തേടിയുള്ള ഭീമസേനന്റെ യാത്രയ്‌ക്കിടയിൽ ഭീമൻ കാണുന്ന കാഴ്‌ചകളാണ് നീലംപേരൂരിൽ പടയണിയായി അവതരിപ്പിക്കുന്നത്. മൂന്നാംഘട്ടത്തിൽ താപസക്കോലം, ആന, ഹനുമാൻ, ഭീമസേനൻ എന്നീ പ്ലാവിലക്കോലങ്ങൾ എത്തും. 
നാലാംഘട്ടത്തിൽ കൊടിക്കൂറ, കാവൽപ്പിശാച്, അമ്പലക്കോട്ട, സിംഹം എന്നിവ പടയണി കളത്തിലെത്തും. അരിയും തിരിയും വയ്‌ക്കുന്നതോടെ ചടങ്ങുകൾ പൂർത്തിയാകും. നീലംപേരൂർ പൂരം പടയണിയുടെ ആവേശക്കാഴ്‌ചയായ പുത്തൻ അന്നങ്ങളുടെ നിർമാണവും ക്ഷേത്ര പരിസരത്ത് പുരോഗമിക്കുന്നുണ്ട്. തടിപ്പണികൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസം മുതൽ ഇവ ക്ഷേത്ര പരിസരത്തേക്ക് എത്തിച്ചുതുടങ്ങി. ഇതിന്റെ വരിച്ചിൽ ജോലികളും ആരംഭിച്ചിട്ടുണ്ട്. പൂരം പടയണി ദിവസം നേർച്ചയായാണ് പുത്തൻ അന്നങ്ങൾ ക്ഷേത്ര സന്നിധിയിൽ സമർപ്പിക്കുന്നത്. സന്താനസൗഭാഗ്യം, ജോലി തുടങ്ങിയ വിഷയങ്ങളിൽ കാര്യസാധ്യത്തിനായും നന്ദിസൂചകവുമായാണ്‌ പുത്തൻ അന്നങ്ങളെ നടക്കിരുത്തുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top