ആലപ്പുഴ
വേഷപ്പകർച്ചകളിലൂടെ മലയാളത്തിന്റെ അഭ്രപാളികളിൽ വിസ്‌മയമായ കവിയൂർ പൊന്നമ്മയിലെ നടി ജനിക്കുന്നത് കേരള പീപ്പിൾസ് ആർട്ട്‌സ് ക്ലബിന്റെ (കെപിഎസി) പിന്നണിയിൽ. കെപിഎസിയുടെ പ്രശസ്‌തമായ ‘മൂലധനം’ എന്ന നാടകത്തിലാണ് ആദ്യമായി വേഷമിട്ടത്. പാട്ടുപാടാനെത്തിയ പൊന്നമ്മയെ നാടകാചാര്യൻ തോപ്പിൽ ഭാസിയാണ് അഭിനയ രംഗത്തേക്ക് കൈപിടിച്ചു കയറ്റിയത്. പിന്നീട് നാടക രംഗത്തുനിന്നും സിനിമയുടെ ലോകത്തെത്തിയെങ്കിലും തന്റെ അഭിനയകലയുടെ ഗുരുവായി തോപ്പിൽ ഭാസിയെയാണ് പൊന്നമ്മ മനസിൽ പ്രതിഷ്ഠിച്ചത്.
അച്ഛൻ ടി പി ദാമോദരനിൽനിന്ന് പകർന്നുകിട്ടിയ സംഗീതത്തോടായിരുന്നു പൊന്നമ്മക്ക് അഭിനിവേശം. കുട്ടിക്കാലം മുതൽ സംഗീതവും പഠിച്ചിരുന്നു. എം എസ് സുബ്ബലക്ഷ്മിയായിരുന്നു ആരാധനപാത്രം. സംഗീതംതന്നെയാണ് പൊന്നമ്മയെ കെപിഎസിയിൽ എത്തിച്ചതും. പാട്ടുപാടാനെത്തിയ കൗമാരക്കാരിയിലെ അഭിനേത്രിയെ കണ്ട നാടകാചാര്യൻ തോപ്പിൽ ഭാസിയാണ് നടനത്തിന്റെ വിത്തുപാകുന്നത്. ‘മൂലധന’ത്തിൽ പാടാനായി 12–-ാം വയസിൽ സംഗീത സംവിധായകൻ ജി ദേവരാജന്റെ കൈപിടിച്ചാണ് ആലപ്പുഴയിലെത്തുന്നത്. ഗായികയായി തിളങ്ങിയ കൗമാരക്കാരി പിന്നീട് അതേ നാടകത്തിൽ അഭിനേത്രിയായി.
തോപ്പിൽ ഭാസിയുടെ നിർബന്ധമായിരുന്നു വഴിത്തിരിവായത്. അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞ് വിതുമ്പിയ പൊന്നമ്മയ്‌ക്ക് തോപ്പിൽ ഭാസിയാണ് ധൈര്യം നൽകുന്നത്. ‘എടീ കൊച്ചേ, അഭിനയം അത്ര വലിയ കാര്യമൊന്നുമല്ല. ഞാൻ പറയുന്നതുപോലെ ചെയ്താൽ മതി’ –- തോപ്പിൽ ഭാസിയുടെ വാക്കുകൾ കരുത്തായി. പിന്നീട് കെപിഎസിയിലെ പ്രധാന നടിയായി പൊന്നമ്മ മാറി. തിരക്കുകൾക്കിടയിലും സംഗീതം ഉപേക്ഷിച്ചില്ല. അന്നത്തെ പ്രശസ്ത ഗായിക കവിയൂർ രേവമ്മയുടെ പിൻഗാമിയാവട്ടെ എന്ന ആശംസകളോടെ നാട്ടുപ്രമാണിയായിരുന്ന പ്രവർത്യാരാണ് ആദ്യമായി കവിയൂർ പൊന്നമ്മ എന്ന് വിളിക്കുന്നത്. മറ്റ് നാടക സമിതികൾക്കായി വേഷമിടുമ്പോഴും കെപിഎസിയിൽനിന്ന് വിളിയെത്തിയാൽ പൊന്നമ്മ എപ്പോഴും തയ്യാർ. ആറോളം നാടകങ്ങളിൽ കെപിഎസിയ്‌ക്കായി പൊന്നമ്മ വേഷമിട്ടു. സിനിമയിൽ വലിയ നേട്ടങ്ങളുടെ പട്ടിക കയറുമ്പോഴും കെപിഎസിയോട് സ്‌നേഹം കാത്തു. മാതൃസ്ഥാപനത്തോടുള്ള ബഹുമാനവും സ്‌നേഹവുമായിരുന്നു മനസിൽ. തിരക്കുകൾക്കിടയിലും പലകുറി കെപിഎസി സ്‌കൂൾ ഓഫ് ആർട്ട്‌സിന്റെ വാർഷിക സമ്മേളനങ്ങളിൽ ഉദ്‌ഘാടകയായി. 2017ൽ വാർഷിക ചടങ്ങിലാണ് തോപ്പിൽ ഭാസി തന്നിലെ നടിയെ കണ്ടെത്തിയ കെപിഎസിയുടെ മണ്ണിലേക്ക് പൊന്നമ്മ അവസാനമായി എത്തുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..