ആലപ്പുഴ
വിവാഹസ്ഥലത്തേക്ക് പൂമാലയും ചൂടിയെത്തിയത് ഒരു കെഎസ്‌ആർടിസി ബസ്. വഴി തെറ്റി വന്നതാണോയെന്ന് ശങ്കിച്ചവരുടെ മുന്നിലേക്ക് ഡോർ തുറന്ന് ഇറങ്ങിവന്നത് ചെക്കൻ കൂട്ടർ. ‘‘ഇതിപ്പോ പഴയകാലത്തേക്ക് തിരിച്ചുപോക്കാണല്ലോ’’ എന്ന് മുതിർന്നവർ തമ്മിൽപ്പറഞ്ഞു. മുൻപ് കല്യാണവണ്ടിയായി ഓടിയിരുന്ന കെഎസ്‌ആർടിസി ബസുകൾ ഇതിനായി വീണ്ടും കളത്തിലിറങ്ങിയിരിക്കുകയാണ്.
ജില്ലയിലെ കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെല്ലിലൂടെ കല്യാണ ആവശ്യങ്ങൾക്കായി സെപ്‌തംബർ എട്ടിന് മാത്രം ബുക്ക്‌ചെയ്‌തത് ഏഴ് യാത്രകളാണ്. മാവേലിക്കര (മൂന്ന്), ഹരിപ്പാട് (രണ്ട്), ചേർത്തല (രണ്ട്) എന്നിങ്ങനെയായിരുന്നു ഡിപ്പോ തിരിച്ചുള്ള ബുക്കിങ്. ഫാസ്റ്റ് പാസഞ്ചർ ബസാണ് കൂടുതലും ആളുകൾ തെരഞ്ഞെടുക്കുന്നത്.
മിനി ബസ്, ഓർഡിനറി, സിറ്റി, സിറ്റി ഫാസ്റ്റ്, രാജധാനി, മലബാർ, വേണാട്, ഫാസ്റ്റ് പാസഞ്ചർ, ലോ ഫ്ലോർ നോൺ എസി, സൂപ്പർ ഫാസ്റ്റ്, സൂപ്പർ എക്‌സ്‌പ്രസ്, സൂപ്പർ ഡീലക്‌സ്, വോൾവോ ലോ ഫ്ലോർ എസി, വോൾവോ മൾട്ടി ആക്‌സിൽ, സ്‌കാനിയ മൾട്ടി ആക്‌സിൽ എന്നീ ബസുകളാണ് സ്വകാര്യാവശ്യങ്ങൾക്കായി വിട്ടുനൽകുന്നത്. ദൂരപരിധിയും മണിക്കൂറും കണക്കാക്കിയാണ് തുക നിശ്ചയിക്കുക. 75 മുതൽ 300 കിലോമീറ്റർ വരെയുള്ള ദൂരപരിധി നാലു സ്ലാബായി തിരിച്ചാണ് നിരക്ക്. 8000 മുതൽ 45000 രൂപയുടെ നിരക്കുകളുള്ള വണ്ടികളുണ്ട്.
‘ഞാനൊരു പൊതുമേഖലാ ജീവനക്കാരനായിരുന്നു. അതിനാൽ തന്നെ മകന്റെ കല്യാണത്തിനും മറ്റൊരു പൊതുമേഖലാ സ്ഥാപനത്തെ സഹായിക്കാമെന്ന് കരുതിയാണ് കെഎസ്‌ആർടിസി ബസ് ബുക്ക് ചെയ്തത്. ബസ് കഴുകി നന്നായി വൃത്തിയാക്കിയാണ് വിട്ടുനൽകിയത്. ജീവനക്കാരുടെ പെരുമാറ്റവും ഹൃദ്യമായിരുന്നു’ –- റിട്ട. ഓട്ടോകാസ്റ്റ് ലിമിറ്റഡ് ജീവനക്കാരൻ ചേർത്തല സ്വദേശി ഉദയപ്പൻ പറയുന്നു. കെഎസ്‌ആർടിസി സ്വകാര്യ ആവശ്യങ്ങൾക്കായി ബുക്ക് ചെയ്യുന്നതിന് 9846475874 നമ്പറിൽ വിളിക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..