ആലപ്പുഴ
അഞ്ചുവർഷം കൊണ്ട് 100 പാലങ്ങൾ നിർമിക്കുകയെന്ന ലക്ഷ്യം മൂന്നുവർഷം കൊണ്ടുതന്നെ എൽഡിഎഫ് സർക്കാർ പൂർത്തിയാക്കിയെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പുന്നമട നെഹ്റുട്രോഫി പാലത്തിന്റെ നിർമാണോദ്‌ഘാടനം നടത്തുകയായിരുന്നു മന്ത്രി. വികസനങ്ങൾ ജനങ്ങളുടെ മനസിൽ തൊടുന്നതാകണം.
പുന്നമട -നെഹ്റുട്രോഫി പാലം നാടിന്റെ ചിരകാല സ്വപ്നവും അനിവാര്യതയുമായിരുന്നു. ഇത്തരത്തിൽ 100 പാലങ്ങൾ അഞ്ചുവർഷം കൊണ്ട് പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിട്ടത്. മൂന്നുവർഷം കൊണ്ടുതന്നെ ലക്ഷ്യത്തിലെത്തി. ജില്ലയിൽ 24 പാലങ്ങൾ നിർമിച്ചു. സമയബന്ധിതമായി പുന്നമട - നെഹ്റുട്രോഫി പാലത്തിന്റെ നിർമാണം പൂർത്തീകരിക്കാൻ ഇടപെടലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
വിദേശികളെയടക്കം കേരളത്തിലേക്ക് ആകർഷിക്കുന്ന നെഹ്റുട്രോഫി വള്ളംകളി ടൂറിസം ഇവന്റ് കൂടിയാണ്. വയനാട് ദുരന്തപശ്ചാത്തലത്തിൽ മാറ്റിവയ്ക്കേണ്ടി വന്നെങ്കിലും കൂടുതൽ ആകർഷകമായി വള്ളംകളി നടത്തുമെന്നും മന്ത്രി പറഞ്ഞു.
ഉയരും.. ശരവേഗം
ആലപ്പുഴ
നാടിന്റെ ചിരകാല സ്വപ്നമായ പുന്നമട നെഹ്റുട്രോഫി പാലത്തിന്റെ നിർമാണം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനംചെയ്തു. പി പി ചിത്തരഞ്ജന്‍ എംഎല്‍എ അധ്യക്ഷനായി. കിഫ്ബി ഫണ്ടിൽ നിന്ന് 65.62 കോടി രൂപ വിനിയോഗിച്ചാണ് പാലം നിർമിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിർമാണം ഏറ്റെടുത്തിട്ടുള്ളത്. പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ നെഹ്‌റുട്രോഫി വാർഡ്, കൈനകരി പഞ്ചായത്തിലെ നടുത്തുരുത്ത് നിവാസികൾക്കും നഗരത്തിലേക്കുള്ള യാത്രാദുരിതത്തിന് പരിഹാരമാവും. ടൂറിസം രംഗത്തും വലിയ മുന്നേറ്റമാവും. പുന്നമട കായലിലൂടെയുള്ള ഹൗസ്ബോട്ട് യാത്രയെ ബാധിക്കാത്ത നിലയിലും ദേശീയജലപാതയില്‍ തടസംവരാത്ത നിലയിലുമാണ് 384.1 മീറ്റര്‍ നീളത്തിൽ പാലം നിര്‍മിക്കുക.
കെആര്‍എഫ്ബി പ്രോജക്ട് ഡയറക്ടര്‍ എം അശോക് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ കെ ജയമ്മ, ജില്ലാ കലക്ടര്‍ അലക്സ് വര്‍ഗീസ്, സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, നഗരസഭാധ്യക്ഷൻ പി എസ് എം ഹുസൈൻ, മുൻ നഗരസഭാധ്യക്ഷരായ തോമസ് ജോസഫ്, സൗമ്യ രാജ് തുടങ്ങി വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലയിലുള്ളവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..