26 December Thursday
കുട്ടികൾ കരുത്താകും

കുട്ടനാടൻ അതിജീവനത്തിന്‌ 
‘ഒഴുകുന്ന ഉദ്യാനങ്ങൾ’

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023
 
ആലപ്പുഴ
അടിക്കടിയെത്തുന്ന കിഴക്കൻ വെള്ളപ്പാച്ചില്‍, പോളശല്യം... കുട്ടനാടിന്റെ കാർഷിക പ്രശ്‌നങ്ങൾക്ക്‌ പരിഹാരവുമായി കുട്ടിക്കൂട്ടം. സമഗ്രശിക്ഷാ കേരളം നടപ്പാക്കുന്ന ‘സ്കിൽ ഷെയർ’ പദ്ധതിയിൽ മങ്കൊമ്പ് അവിട്ടം തിരുനാൾ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികളാണ്‌ വെള്ളപ്പൊക്കത്തെ അതിജീവിക്കാൻ കഴിയുന്ന ‘ഒഴുകുന്ന ഉദ്യാനങ്ങൾ’ എന്ന ആശയത്തിന്‌ പിന്നിൽ. പച്ചക്കറിയും പൂക്കളുമാണ്‌ വെള്ളത്തിൽ ഒഴുകുന്ന ഉദ്യാനങ്ങളിൽ കൃഷിചെയ്യുക. 
വിദ്യാർഥികൾ ആർജിക്കുന്ന അറിവുകള്‍ അടിസ്ഥാനമാക്കി നൂതന ആശയങ്ങൾ പ്രാവർത്തികമാക്കുക, ഈ ആശയങ്ങൾ ഉപയോഗിച്ച്‌ സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണാനുള്ള പ്രാവീണ്യം രൂപപ്പെടുത്തുക എന്നിവയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകൾക്കായി ആവിഷ്കരിച്ച 'സ്കിൽ ഷെയർ' പദ്ധതിയുടെ ലക്ഷ്യം. വേമ്പനാട്ട്‌ കായലിന്റെ കൈവഴികളിലൊന്നായ മണിമലയാറിലാണ്‌ ആദ്യഘട്ടം കൃഷി. കായലിൽനിന്നും വീടുകളിൽനിന്നുമുള്ള പ്ലാസ്റ്റിക് കുപ്പികളും മുളയും ഉപയോഗിച്ച് ചങ്ങാട മാതൃകയിൽ ഫ്ലോട്ടിങ്‌ നിർമിച്ച് കായലിലെ പോള ഉണക്കി മണ്ണിനു പകരം ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോ​ഗമിക്കുകയാണ്. 
 പ്രിൻസിപ്പൽ എസ്‌ സുരാജ്‌, അധ്യാപകരായ രാജേഷ്‌കുമാർ, അഭിഷേക്‌ എ സുശീലൻ, വിഷ്‌ണുപ്രിയ, ജിൻസി തോമസ്‌, അജിത്ത്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ നൂറിലധികം കുട്ടികളാണ്‌ ശ്രമത്തിന്‌ പിന്നിൽ. നെൽകൃഷിയെ മാത്രം ആശ്രയിക്കുന്ന കുട്ടനാടിന്റെ കാർഷിക ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും കുട്ടനാട്ടിലെ ടൂറിസം മേഖലയിൽ പുത്തൻ കാഴ്‌ചാനുഭവമാകാനും ഒഴുകുന്ന ഉദ്യാനങ്ങൾക്ക്‌ കഴിയും. 
കായലിൽ പ്ലാസ്‌റ്റിക് ഇല്ലാതാക്കാനും പോളയുടെ വളർച്ചയിലൂടെ ജലാശയങ്ങളിൽ ഓക്സിജന്റെ അളവ് കുറയുന്നതും ജല​ഗതാ​ഗതം തടസപ്പെടുന്നതും ഇല്ലാതാക്കാൻ പദ്ധതിക്ക്‌ കഴിയും. പദ്ധതിക്കായി രണ്ടുഘട്ടങ്ങളിലായി 50,000 രൂപ വരെ  എസ്‌എസ്‌കെ സഹായം നൽകും. 40 ശതമാനം തുക സ്‌കൂളിന് മുൻകൂറായും ബാക്കി തുക പ്രവർത്തന പുരോഗതി വിലയിരുത്തി രണ്ട് ഘട്ടമായി 30 ശതമാനം തുക വീതമാണ്‌ നൽകുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top