23 December Monday

പ്രപഞ്ചത്തെ തൊട്ടറിഞ്ഞ്‌ ശാസ്‌ത്രസഭ

സ്വന്തം ലേഖകൻUpdated: Monday Oct 21, 2024

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്‍റ്റ് ജില്ലാതല മത്സരത്തോടനുബന്ധിച്ച് സയൻസ് പാർലമെന്റിൽ ക്ലാസെടുക്കുന്ന കുസാറ്റ് അധ്യാപകൻ ഡോ. എൻ ഷാജി

ആലപ്പുഴ

"ഓസോൺ പാളിയിലെ വിള്ളൽ വളരുന്നത്‌ ഭൂമിയുടെ നിലനിൽപ്പ്‌ അപകടത്തിലാക്കുമോ?’ സയൻസ്‌ പാർലമെന്റിൽ പങ്കെടുത്ത രക്ഷിതാവ്‌ എം ജി ശോഭനയുടെ ആശങ്ക നിറഞ്ഞ ചോദ്യം. മുഴുവൻ പേരുടെയും സംശയങ്ങൾ ദൂരീകരിക്കാൻ പാകത്തിലായിരുന്നു ക്ലാസ്‌ നയിച്ച കുസാറ്റ്‌ അധ്യാപകൻ ഡോ. എൻ ഷാജിയുടെ ഉത്തരങ്ങൾ.  

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റിന്റെ ഭാഗമായാണ്‌ ‘നമ്മുടെ പ്രപഞ്ചം; പുതിയ കണ്ടെത്തലുകൾ’എന്ന വിഷയത്തിൽ സയൻസ്‌ പാർലമെന്റ്‌ സംഘടിപ്പിച്ചത്‌. പ്രപഞ്ചത്തെയും പ്രപഞ്ച പ്രതിഭാസങ്ങളെയും കുറിച്ച്‌ ദൃശ്യങ്ങളുടെ സഹായത്തോടെയായിരുന്നു വിശദീകരണം. 

ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ഭീമൻ ഉൽക്കയെക്കുറിച്ചും അത്‌ പതിക്കുമ്പോഴുണ്ടാകുന്ന അപകടമൊഴിവാക്കാൻ ശാസ്‌ത്രലോകം സ്വീകരിച്ച നടപടികളെക്കുറിച്ചുമായിരുന്നു രക്ഷിതാവ്‌ എം ടി ശാലിനിയുടെ ചോദ്യം. ബിഗ്‌ ബാങ്ങിനുശേഷം സൂര്യൻ അഗ്നിഗോളമായി നിലനിൽക്കുന്നതിനെക്കുറിച്ചും സൂര്യന്റെ അന്ത്യത്തെക്കുറിച്ചുമായിരുന്നു വിദ്യാർഥിയായ ഇന്ദ്രജിത്ത്‌ പി പിള്ള ചോദിച്ചത്‌. ഭൂമിയിൽ സ്വർണം രൂപപ്പെട്ടതിനെക്കുറിച്ചും സൂര്യനുചുറ്റും ഭൂമിയുടെ സഞ്ചാരത്തെക്കുറിച്ചും ബഹിരാകാശത്തെ ഉപഗ്രഹങ്ങളുടെ നിയന്ത്രണമടക്കമുള്ള വിവിധ കാര്യങ്ങളിലും സംശയങ്ങളുയർന്നു. 

പ്രോക്‌സിമ സെന്റോറി, ആകാശഗംഗ, പ്രപഞ്ചവീക്ഷണമാകെ തിരുത്തിക്കുറിച്ച സിദ്ധാന്തങ്ങൾ, ആൽബർട്ട്‌ ഐൻസ്‌റ്റീൻ, ഐസക് ന്യൂട്ടൻ, പ്രപഞ്ചത്തിൽ മൂലകങ്ങൾ ഉടലെടുത്തതും അത്‌ കണ്ടെത്തിയതുമെങ്ങനെ, നക്ഷത്രങ്ങൾ പൊട്ടിത്തെറിക്കുന്ന സൂപ്പർ നോവയെന്ന പ്രക്രിയ, ബ്ലാക്ക്‌ ഹോളുകളുടെ സംയോജനം തുടങ്ങി കണ്ടും കേട്ടും സംവദിച്ചും ബഹിരാകാശ വിസ്‌മയങ്ങളുടെ ചെപ്പ്‌ തുറന്നുള്ള യാത്രയായിരുന്നു ക്ലാസ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top