23 December Monday

ഇഞ്ചോടിഞ്ച്‌ ഹയർസെക്കൻഡറിയും യുപിയും

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

 ആലപ്പുഴ 

ശാസ്‌ത്രലോകവും സമകാലിക സംഭവങ്ങളും കോർത്തിണക്കിയ മത്സരത്തിനായിരുന്നു ഞായറാഴ്‌ച ആലപ്പുഴ ബോയ്‌സ്‌ എച്ച്‌എസ്‌എസ്‌ സാക്ഷ്യം വഹിച്ചത്‌. പ്രപഞ്ചത്തിലെ സർവ വിജ്ഞാനകേന്ദ്രങ്ങളെയും സ്‌പർശിച്ചാണ്‌ 20 ചോദ്യങ്ങൾ തയ്യാറാക്കിയത്‌. യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി 22 പേർ വീതം 66 കുട്ടികളാണ്‌ മത്സരിച്ചത്‌. 
യുപി മത്സരത്തിൽ അഞ്ച്‌ റൗണ്ടുകൾ അവസാനിച്ചപ്പോൾ തൊട്ടുപിന്നിലുള്ളവരേക്കാൾ ഒരു പോയിന്റ്‌ അധികം നേടി എണ്ണയ്‌ക്കാട്‌ ഗവ. യുപിഎസിലെ ആരാധ്യ എസ്‌ കുറുപ്പ്‌ വിജയിയായി. 13 പോയിന്റുമായി കടക്കരപ്പള്ളി ജിയുപിഎസിലെ വി വിനയ്‌ രത്‌നനും നീർക്കുന്നം എസ്‌ഡിവിജിയുപിഎസിലെ എസ്‌ ജെ ദേവനന്ദനും ടൈബ്രേക്കിലേക്ക്‌ കടന്നു. ടൈബ്രേക്കിലെ ആദ്യ ചോദ്യമായ പോക്‌സോ നിയമം നിലവിൽ വന്ന വർഷം ഏതെന്നതിന്‌ ശരിയുത്തരമായ 2012 എന്നെഴുതിയാണ്‌ ദേവനന്ദൻ രണ്ടാംസ്ഥാനം നേടിയത്‌. 
ടൈബ്രേക്കില്ലാത്ത ഏക മത്സരം ഹൈസ്‌കൂൾ വിഭാഗത്തിലായിരുന്നു. നാല്‌ റൗണ്ട്‌ അവസാനിച്ചപ്പോൾ 14 ശരിയുത്തരങ്ങളുമായി ആയുഷ്‌ ആർ കുമാർ വിജയിയായി. 13 പോയിന്റോടെ അമർനാഥ്‌ എം ബൈജു രണ്ടാമതും. രണ്ട്‌ ചോദ്യങ്ങൾക്ക്‌ ആർക്കും ശരിയുത്തരം നൽകാനായില്ല. 
ഹയർസെക്കൻഡറി വിഭാഗത്തിൽ 20 ചോദ്യങ്ങൾ അവസാനിച്ചപ്പോൾ ഒന്നും രണ്ടും സ്ഥാനത്തെത്തിയവർക്ക്‌ ഒരേ മാർക്കായിരുന്നു. എന്നാൽ 21–-ാമത്തെ ചോദ്യമായ ഐക്യരാഷ്‌ട്രസഭയുടെ ഭക്ഷ്യ കാർഷിക സംഘടനയുടെ ലോഗോയിൽ ഏത് ധാന്യത്തിന്റെ കതിരാണുള്ളത് എന്ന ചോദ്യത്തിന്‌ ഗോതമ്പ്‌ എന്ന്‌ ഉത്തരമെഴുതി കുട്ടമംഗലം എസ്‌എൻഡിപി എച്ച്‌എസ്‌എസിലെ കെ പി ആദിദേവ്‌ ഒന്നാമതെത്തുകയായിരുന്നു. മൂന്ന്‌ ചോദ്യങ്ങൾക്ക്‌ മത്സരാർഥികൾക്ക്‌ ഉത്തരം കണ്ടെത്താനായില്ല.
യുപി വിഭാഗത്തിൽ ആലപ്പുഴ ഗവ. മുഹമ്മദൻസ്‌ ഹയർസെക്കൻഡറി സ്‌കൂളിലെ അധ്യാപകൻ കെ കെ ഉല്ലാസ്‌, എച്ച്‌എസ്‌ വിഭാഗത്തിൽ വെള്ളിയാകുളം ഗവ.യുപിഎസിലെ വി സന്തോഷ്‌, എച്ച്‌എസ്‌എസ്‌ വിഭാഗത്തിൽ എസ്എൽ പുരം ഗവ. എച്ച്‌എസ്‌എസിലെ അധ്യാപകൻ  ഡോ.സുനിൽ മർക്കോസ് എന്നിവർ ക്വിസ്‌ മാസ്‌റ്ററായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top