22 December Sunday
പുന്നപ്ര –- വയലാർ വാരാചരണം

രണസ്‌മാരകങ്ങളിൽ ചെങ്കൊടി ഉയർന്നു

സ്വന്തം ലേഖകൻUpdated: Monday Oct 21, 2024

പുന്നപ്ര - വയലാർ സമരത്തിന്റെ 78-ാം വാർഷിക വാരാചരണത്തിന്റെ ഭാഗമായി ആലപ്പുഴ വലിയ ചൂടുകാട് രക്തസാക്ഷി മണ്ഡപത്തിൽ വിപ്ലവ ഗായിക പി കെ മേദിനി പതാക ഉയർത്തുന്നു

 
ആലപ്പുഴ
 പുന്നപ്ര – -വയലാർ വീരേതിഹാസത്തിന്റെ 78–-ാം വാർഷിക വാരാചരണത്തിന്‌ ഉജ്വല തുടക്കം. ദിവാൻഭരണത്തിനും രാജവാഴ്‌ചയ്‌ക്കുമെതിരെയും പ്രായപൂർത്തി വോട്ടവകാശത്തിനും ജനാധിപത്യത്തിനും വേണ്ടിയും പോരാടി മരിച്ച രണധീരരുടെ ബലികുടീരങ്ങളിൽ ചെങ്കൊടി ഉയർന്നു. ഐതിഹാസികമായ സമരത്തിന്റെ സ്‌മരണകളുയർത്തി 27 വരെ  വിവിധ പരിപാടികൾ നടക്കും. സിപിഐ എം, സിപിഐ ആഭിമുഖ്യത്തിലുള്ള വാരാചരണ കമ്മിറ്റികളുടെ നേതൃത്വത്തിലാണ്‌ പരിപാടികൾ. സിപിഐ എം സമുന്നത നേതാവ്‌ സി എച്ച്‌ കണാരൻ അനുസ്‌മരണദിനവും ഞായറാഴ്‌ച ആചരിച്ചു. 
തൊഴിലിടങ്ങളിലും വിവിധ കേന്ദ്രങ്ങളിലും രാവിലെ പതാക ഉയർത്തലോടെയാണ്‌ വാരാചരണത്തിന്‌ തുടക്കമായത്‌. പുന്നപ്ര – -വയലാർ രക്തസാക്ഷികൾ അന്ത്യവിശ്രമംകൊള്ളുന്ന വലിയചുടുകാട്‌ രക്തസാക്ഷി മണ്ഡപത്തിൽ വിപ്ലവഗായിക പി കെ മേദിനിയും പുന്നപ്ര രക്തസാക്ഷി മണ്ഡപത്തിനുമുന്നിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ്‌ ഇ കെ ജയനും മാരാരിക്കുളത്ത്‌ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസറും പതാക ഉയർത്തി. വയലാറിൽ ഉയർത്താനുള്ള പതാകയുമായുള്ള ജാഥ മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽനിന്ന്‌ പ്രയാണമാരംഭിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റയംഗം സി ബി ചന്ദ്രബാബു പതാക എം കെ ഉത്തമന്‌ കൈമാറി. തിങ്കളാഴ്‌ച പകൽ 11ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ വയലാറിലും വൈകിട്ട്‌ ആറിന്‌ മേനാശേരിയിൽ എൻ ജി രാജനും പതാക ഉയർത്തും. വയലാറിൽ പതാക ഉയർത്തലിനുശേഷം ചേരുന്ന സമ്മേളനത്തിൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ്‌ സുജാത, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്‌ തുടങ്ങിയവർ സംസാരിക്കും. 
പുന്നപ്ര ദിനമായ 23ന്‌ വൈകിട്ട്‌ ആറിന്‌ സമരഭൂമിയിൽ ചേരുന്ന സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്യും. 25നാണ്‌ മേനാശേരിദിനം. 26ന്‌ മാരാരിക്കുളം പൊലീസ്‌ സ്‌റ്റേഷന്‌ സമീപം  ചേരുന്ന അനുസ്‌മരണ സമ്മേളനം സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി ഉദ്‌ഘാടനംചെയ്യും. വയലാർദിനമായ 27ന്‌ രാവിലെ വലിയചുടുകാട്‌, മേനാശേരി എന്നിവിടങ്ങളിൽനിന്ന്‌ വയലാർ ബലികുടീരത്തിലേക്ക്‌ -ദീപശിഖാറിലേ ആരംഭിക്കും. പകൽ 11ന്‌ ദീപശിഖകൾ രക്തസാക്ഷി മണ്ഡപത്തിൽ സ്ഥാപിക്കും. പകൽ മൂന്നിന്‌ വയലാർ രാമവർമ അനുസ്‌മരണ സാഹിത്യസമ്മേളനം. വൈകിട്ട്‌ അഞ്ചിന്‌ ചേരുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം, സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ടി എം തോമസ്‌ ഐസക്‌, സി എസ്‌ സുജാത, മന്ത്രിമാരായ സജി ചെറിയാൻ, കെ രാജൻ, പി പ്രസാദ്‌, പി പി സുനീർ എംപി തുടങ്ങിയവർ സംസാരിക്കും. തുടർന്ന്‌ കെപിഎസിയുടെ നാടകം ഒളിവിലെ ഓർമകൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top