21 October Monday

സമരപുളകിതം സ്‍മൃതികുടീരങ്ങള്‍...

സ്വന്തം ലേഖകർUpdated: Monday Oct 21, 2024
അമ്പലപ്പുഴ/ആലപ്പുഴ/മാരാരിക്കുളം
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ തങ്കലിപികളാൽ എഴുതിച്ചേർത്ത ഐതിഹാസികമായ പുന്നപ്ര–-വയലാർ പോരാട്ടത്തിന്റെ 78–-ാം രക്തസാക്ഷി വാർഷിക വാരാചരണത്തിന്‌ തുടക്കംകുറിച്ച്‌ പുന്നപ്രയിലും വലിയചുടുകാട്ടിലും മാരാരിക്കുളത്തും ചെങ്കൊടി ഉയർന്നു. സി എച്ച്‌ കണാരന്റെ 52–-ാം ചരമവാർഷിക അനുസ്‌മരണ സമ്മേളനങ്ങളും നടന്നു. പുന്നപ്ര സമരഭൂമിയിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ്‌ ഇ കെ ജയനും വലിയചുടുകാട്‌ രക്തസാക്ഷി മണ്ഡപത്തിൽ പി കെ മേദിനിയും മാരാരിക്കുളത്ത്‌ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസറും രക്തപതാക ഉയർത്തി. 
പുന്നപ്രയിൽ സ്ഥാപിക്കാനുള്ള  കൊടിമരം പുന്നപ്ര തെക്ക് പഞ്ചായത്തിലെ ആദ്യകാല കമ്യൂണിസ്‌റ്റ്‌ പ്രവർത്തകൻ ഏഴാം വാർഡ് ആദിച്ചംപറമ്പിൽ കരുണാകരന്റെ സ്‌മരണാർഥം മകൻ ബാബുക്കുട്ടനിൽനിന്ന്‌ വാരാചരണ കമ്മിറ്റി സെക്രട്ടറി എ ഓമനക്കുട്ടൻ ഏറ്റുവാങ്ങി പുന്നപ്ര കിഴക്ക് ലോക്കൽ സെക്രട്ടറി ആർ രജിമോന് കൈമാറി. വി കെ ബൈജു, എ പി ഗുരുലാൽ, കെ ജഗദീശൻ, കെ എം ജുനൈദ്, കെ മോഹൻകുമാർ, എം ഷീജ, പി ജി സൈറസ്, എൻ പി വിദ്യാനന്ദൻ, രാജേഷ് എന്നിവരുൾപ്പെടെ നൂറുകണക്കിന് പേർ ഇരുചക്രവാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ കൊടിമരം സമരഭൂമിയിലെത്തിച്ചു.
സമരഭൂമിയിലെ രക്തസാക്ഷി മണ്ഡപത്തിന്‌ മുന്നിൽ ഉയർത്താനുള്ള രക്തപതാക സിപിഐ എം തോട്ടപ്പള്ളി ലോക്കൽ അംഗമായിരുന്ന ഐമനം വീട്ടിൽ സുബ്രഹ്മണ്യന്റെ സ്‌മരണാർഥം ഭാര്യ  വിജയലക്ഷ്‌മിയിൽനിന്ന് എച്ച് സലാം എംഎൽഎ ഏറ്റുവാങ്ങി കെ അശോകന് കൈമാറി. അശോകനിൽനിന്ന് സിപിഐ മണ്ഡലം സെക്രട്ടറിയറ്റംഗം പി സുരേന്ദ്രൻ ഏറ്റുവാങ്ങി. 
സി ഷാംജി, വി സി മധു, എസ് മായാദേവി, എം സോമൻ, കെ കൃഷ്‌ണമ്മ, അജ്മൽ ഹസൻ, ആർ ശ്രീകുമാർ, ടി എസ് ജോസഫ്, എസ് കുഞ്ഞുമോൻ, പ്രശാന്ത് എസ് കുട്ടി, എ എസ് സുദർശനൻ, പി അരുൺകുമാർ, എസ് ഹാരിസ്, നിജ അനിൽകുമാർ, വൈ പ്രദീപ്, പ്രഭ ശുഭദേവ്, പി അഞ്‌ജു, എൻ എ ഷംസുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ തോട്ടപ്പള്ളി വടക്കേക്കരയിൽനിന്ന് ദേശീയപാതവഴി സമരഭൂമിയിലെത്തിച്ചു. ഇരുജാഥകൾക്കും വിവിധ കേന്ദ്രങ്ങളിൽ ആവേശോജ്വല വരവേൽപ്പ്‌ നൽകി. തുടർന്ന്‌ സി എച്ച് അനുസ്‌മരണ സമ്മേളനത്തിൽ എ ഓമനക്കുട്ടൻ, ഇ കെ ജയൻ എന്നിവർ അനുസ്‌മരണപ്രഭാഷണം നടത്തി. കെ എം ജുനൈദ് അധ്യക്ഷനായി. പി ജി സൈറസ് സ്വാഗതം പറഞ്ഞു. ‘പുന്നപ്ര–-വയലാറിന്റെ സമകാലിക പ്രസക്തി’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ പിന്നാക്ക വികസന കോർപറേഷൻ ചെയർമാൻ കെ പ്രസാദ് ഉദ്ഘാടനംചെയ്‌തു. ഡോ. മൈക്കിൾ സെബാസ്‌റ്റ്യൻ അധ്യക്ഷനായി. വി മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി. സി വാമദേവ്, എ പി ഗുരുലാൽ എന്നിവർ സംസാരിച്ചു. മുദ്ര കലാസമിതിയുടെ കൈകൊട്ടിക്കളിയും അരങ്ങേറി. സി എച്ച് കണാരൻ ദിനത്തിൽ രാവിലെ ഇരു കമ്യൂണിസ്‌റ്റ്‌ പാർടികളുടെയും പ്രവർത്തകർ, വർഗബഹുജന സംഘടനാ പ്രവർത്തകർ, ബഹുജനങ്ങൾ എന്നിവർ ഏരിയയിലെ പ്രധാന കേന്ദ്രങ്ങളിലും ജങ്ഷനുകളിലും പതാകയുയർത്തി. 
വലിയ ചുടുകാട് ബലികുടീരങ്ങൾക്ക്‌ മുന്നിൽ പി കെ മേദിനി ചെങ്കൊടി ഉയർത്തി. രക്തപതാക രക്തസാക്ഷി കാട്ടൂർ ജോസഫിന്റെ വസതിയിൽ ചേർന്ന ചടങ്ങിൽ കൈമാറി. കാട്ടൂർ ജോസഫിന്റെ മകൻ സിൽവസ്‌റ്ററിന്റെ ഭാര്യ റോസമ്മ സിൽവസ്‌റ്റർ താലൂക്ക് വാരാചരണ കമ്മിറ്റി സെക്രട്ടറി പി കെ സദാശിവൻപിള്ളയ്‌ക്ക്‌ പതാക കൈമാറി. അനുസ്‌മരണ സമ്മേളനത്തിൽ വി ടി അജയകുമാർ അധ്യക്ഷനായി. പി പി ചിത്തരഞ്‌ജൻ എംഎൽഎ, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, പി വി സത്യനേശൻ, കെ ആർ ഭഗീരഥൻ, കെ ഡി മഹീന്ദ്രൻ, കെ ജി രാജേശ്വരി, പി രഘുനാഥ്, ദീപ്തി അജയകുമാർ, ജി കൃഷ്‌ണപ്രസാദ്, ആർ ജയസിംഹൻ, വി എസ് ശിവക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കാട്ടൂർ ജോസഫിന്റെ ചെറുമകൻ ജോസ്‌മോൻ പതാക ഏറ്റുവാങ്ങി വാദ്യമേളങ്ങളുടെ അകമ്പടിയോടെ വലിയചുടുകാട്ടിൽ എത്തിച്ചു.
 ബീച്ച് വാർഡിൽ രക്തസാക്ഷി കാക്കരിയിൽ കരുണാകരന്റെ വീട്ടിൽ സഹോദരീപുത്രി ഉഷ  വാരാചരണ കമ്മിറ്റി മേഖല പ്രസിഡന്റ്‌ പി പി പവനന് കൈമാറിയ രക്തപതാക പ്രകടനമായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ വലിയ ചുടുകാട്ടിൽ എത്തിച്ചു. തുടർന്നുചേർന്ന സി എച്ച്‌ കണാരൻ അനുസ്‌മരണ സമ്മേളനത്തിൽ വി എസ്‌ മണി അധ്യക്ഷനായി. നേതാക്കളായ കെ അനിൽകുമാർ, ടി ജെ ആഞ്ചലോസ്‌, പി പി ചിത്തരഞ്‌ജൻ എംഎൽഎ, അജയ്‌ സുധീന്ദ്രൻ, പി പി പവനൻ, ആർ സുരേഷ്‌, പി കെ സദാശിവൻപിള്ള, ആർ അനിൽകുമാർ, കെ കെ ജയമ്മ, പി കെ ബൈജു തുടങ്ങിയവർ സംസാരിച്ചു.  
മാരാരിക്കുളത്ത് സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ പതാക ഉയർത്തി. മാരാരിക്കുളം രക്തസാക്ഷി മണ്ഡപത്തിൽ ഉയർത്താനുള്ള പതാക മുഹമ്മയിൽനിന്നും കൊടിക്കയർ കണിച്ചുകുളങ്ങരയിൽനിന്നും ബാനർ മാരാരിക്കുളത്തുനിന്നും ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പ്രകടനമായി എത്തിച്ചു. തുടർന്ന്‌ ചേർന്ന സി എച്ച് കണാരൻ അനുസ്‌മരണ സമ്മേളനം ആര്‍ നാസര്‍ ഉദ്ഘാടനംചെയ്‌തു. വാരാചരണ കമ്മിറ്റി പ്രസിഡന്റ് കെ ബി ബിമൽറോയ് അധ്യക്ഷനായി. സെക്രട്ടറി എസ് രാധാകൃഷ്‌ണൻ, പി പി ചിത്തരഞ്‌ജന്‍ എംഎൽഎ, ജി വേണുഗോപാല്‍, പി വി സത്യനേശൻ, ദീപ്തി അജയകുമാര്‍, വി ജി മോഹനന്‍, ആർ ജയസിംഹൻ, പ്രഭാമധു തുടങ്ങിയവർ സംസാരിച്ചു.
പള്ളിപ്പുറം ഒറ്റപ്പുന്നയിൽ സി എച്ച് അനുസ്മരണയോഗത്തിൽ എ കെ അഷ്റഫ്, എ എം ആരിഫ്, ബി വിനോദ്, പി ആർ റോയ്, കെ എസ് ബാബു എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top