കാർത്തികപ്പള്ളി
ആറാട്ടുപുഴ പഞ്ചായത്തിലെ കടൽഭിത്തി നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് സിപിഐ എം കാർത്തികപ്പള്ളി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പ്രദേശത്ത് പലഭാഗങ്ങളിലും കടൽഭിത്തി ഇല്ലാത്തതിനാൽ ശക്തമായ കടലാക്രമണവും ദുരിതവുമാണ് ജനങ്ങൾ അനുഭവിക്കുന്നത്. വിവിധ പ്രദേശങ്ങളിലെ മയക്കുമരുന്ന് ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക, മത്സ്യത്തൊഴിലാളികളുടെയും കയർതൊഴിലാളികളുടെയും കൈവശഭൂമിക്ക് പട്ടയം നൽകുക, മുതുകുളം കമ്യൂണിറ്റി ഹെൽത്ത് സെന്റർ 24 മണിക്കൂറും പ്രവർത്തനക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
ബുധൻ രാവിലെ ചർച്ചകൾക്ക് ഏരിയ സെക്രട്ടറി വി കെ സഹദേവനും ജില്ലാ സെക്രട്ടറി ആർ നാസറും മറുപടി പറഞ്ഞു. തുടർന്ന് പുതിയ ഏരിയ കമ്മിറ്റിയെയും സെക്രട്ടറിയെയും ജില്ലാ സമ്മേളന പ്രതിനിധികളായി 17 പേരെയും തെരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എം സത്യപാലൻ, കെ എച്ച് ബാബുജാൻ, എച്ച് സലാം എംഎൽഎ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എൻ സജീവൻ, എം സുരേന്ദ്രൻ, ടി കെ ദേവകുമാർ എന്നിവർ പങ്കെടുത്തു. പി എ അഖിൽ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം ട്രഷറർ എ എം നൗഷാദ് നന്ദി പറഞ്ഞു.
വ്യാഴം പകൽ മൂന്നിന് ചിങ്ങോലി എൻടിപിസി ജങ്ഷനിൽനിന്ന് ചുവപ്പുസേന മാർച്ചും പ്രകടനവും ആരംഭിക്കും. നാലിന് കാർത്തികപ്പള്ളി ജങ്‌ഷനിലെ സീതാറാം യെച്ചൂരി നഗറിൽ നടക്കുന്ന പൊതുസമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനംചെയ്യും.
കെ വിജയകുമാർ ഏരിയ സെക്രട്ടറി
കെ വിജയകുമാർ സെക്രട്ടറിയായി 21 അംഗ ഏരിയ കമ്മിറ്റിയെ കാർത്തികപ്പള്ളി ഏരിയ സമ്മേളനം തെരഞ്ഞെടുത്തു. ഏരിയ കമ്മിറ്റിയംഗങ്ങൾ: വി കെ സഹദേവൻ, ടി എസ് താഹ, ആർ ഗോപി, ബി രാജേന്ദ്രൻ, ആർ വിജയകുമാർ, കെ എൻ തമ്പി, എം ആനന്ദൻ, ടി സുരേന്ദ്രൻ, ബി കൃഷ്‌ണകുമാർ, എം കെ വേണുകുമാർ, എൻ ദേവാനുജൻ, പി കെ ഗോപിനാഥൻ, കെ എസ് ഷാനി, ജി ബിജുകുമാർ, പി എ അഖിൽ, എം ശിവപ്രസാദ്, ടി ആർ വത്സല, ജോൺ ചാക്കോ, കെ ശ്രീകുമാർ, കെ രഘു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..