അരൂർ
വൻതോതിൽ എംഡിഎംഎയുമായി യുവാക്കൾ അരൂർ പൊലീസിന്റെ പിടിയിലായി. കൊല്ലം പട്ടാഴി ഒന്നാം കൊല്ലന്റെ കിഴക്കിയത് അർഷാദ് ഇബ്നു നാസർ (29), കൊല്ലുകളി കിഴക്കേതിൽ ദർവീഷ് ജാഫർ സൈനുദ്ദീൻ (20), മാവേലിക്കര ചെട്ടികുളങ്ങര 17–-ാംവാർഡ് കണ്ണമംഗലം സൗത്ത് അരയക്കാട്ടുതറയിൽ സോനു (19) എന്നിവരെയാണ് അറസ്റ്റുചെയ്‌തത്. അരൂർ എസ്എച്ച്ഒ പി എസ് ഷിജുവിന്റെ നേതൃത്വത്തിൽ ഡൻസാഫ് ടീമും അരൂർ പൊലീസും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് ഇവരെ എരമല്ലൂർ പിള്ളമുക്ക് ജങ്‌ഷന് സമീപത്തുനിന്ന് പിടികൂടിയത്. മാർക്കറ്റിൽ മൂന്നുലക്ഷം രൂപയോളം വില വരുമെന്ന് പൊലീസ് പറഞ്ഞു.
വിദേശത്ത് ജോലി ചെയ്യുന്ന അർഷാദ് ബംഗളൂരുവിൽനിന്ന് എംഡിഎംഎ ശേഖരിച്ച് കേരളത്തിലെ സ്വകാര്യ കോളേജുകളിലും ഹോസ്റ്റലുകളിലും വിൽപ്പന നടത്താൻ പെരുമ്പാവൂരെ സ്വകാര്യ ആർട്സ് ആൻഡ് സയൻസ് കോളേജിൽ പഠിക്കുന്ന ദർവീഷിനെയും സോനുവിനെയും കൂടെ കൂട്ടി. 24.82 ഗ്രാം എംഡിഎംഎ ബംഗളൂരുവിൽനിന്ന് ശേഖരിച്ച് ദർവീഷിനെയും സോനുവിനെയും ബൈക്കിൽ കയറ്റി എറണാകുളത്തുനിന്ന് കൊല്ലത്തേക്ക് പോകുമ്പോഴാണ് എരമല്ലൂരിൽനിന്ന് പിടിയിലായത്. എസ്ഐമാരായ എസ് ഗീതുമോൾ, പി ടി സാജൻ, എസ്‌സിപിഒ രശോബ്, സിപിഒ ലിജു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ്‌ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..