21 December Saturday
ചേർത്തല പൊലിമ കരപ്പുറം കാഴ്‌ചകൾ തുടങ്ങി

കർഷകരെ പിന്തുണയ്‌ക്കേണ്ടത് നാടിന്റെ ആവശ്യം: സ്‌പീക്കർ

സ്വന്തം ലേഖകൻUpdated: Saturday Dec 21, 2024

ചേർത്തല പൊലിമ കരപ്പുറം കാർഷിക കാഴ്‌ചകൾ സെന്റ്‌ മൈക്കിൾസ്‌ കോളേജ്‌ അങ്കണത്തിൽ 
സ്‌പീക്കർ എ എൻ ഷംസീർ ഉദ്‌ഘാടനംചെയ്യുന്നു

 
ചേർത്തല
നഷ്‌ടപ്പെട്ട കാർഷികസംസ്‌കാരം കേരളം വീണ്ടെടുക്കുന്നതിന്റെ സൂചനയാണ്‌ എങ്ങും പ്രകടമാകുന്നതെന്ന്‌ സ്‌പീക്കർ എ എൻ ഷംസീർ. ജനങ്ങളുടെ ജീവൻ നിലനിർത്തുന്ന കർഷകരെ പിന്തുണയ്‌ക്കേണ്ടത് നാടിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ചേർത്തല നിയോജകമണ്ഡലത്തിന്റെ സമഗ്ര കാർഷികവികസനം ലക്ഷ്യമാക്കി സെന്റ്‌ മൈക്കിൾസ്‌ കോളേജ്‌ അങ്കണത്തിൽ തുടങ്ങിയ ചേർത്തല പൊലിമ കരപ്പുറം കാഴ്‌ചകൾ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
അൽപ്പമാത്രമുള്ള ഭൂമിപോലും കൃഷിക്ക്‌ പ്രയോജനപ്പെടുത്തുന്ന പ്രവണത വ്യാപകമാകുന്നു. യുവജനങ്ങൾ കൃഷിയിലേക്ക്‌ കൂടുതലായി എത്തുന്നു. കാലാവസ്ഥാ വ്യതിയാനം സൃഷ്‌ടിക്കുന്ന പ്രത്യാഘാതങ്ങളിൽനിന്ന്‌ രക്ഷനേടാൻ കാർഷിക സർവകലാശാലയും കൃഷിപഠനകേന്ദ്രങ്ങളും കഠിനപരിശ്രമം നടത്തണം. കേരളചരിത്രം കർഷകസമരങ്ങളുടെ ചരിത്രം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി പി പ്രസാദ് അധ്യക്ഷനായി. മണ്ണിനോടുമല്ലിടുന്ന കർഷകനോട്‌ ചേർന്നുനിന്നാലേ നാടിന്റെ സമഗ്രവികസനം സാധ്യമാകൂവെന്ന് അദ്ദേഹം പറഞ്ഞു. കാർഷികരംഗത്ത്‌ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ജനകീയപദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്നും പ്രസാദ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, വൈസ്‌പ്രസിഡന്റ്‌ എൻ എസ്‌ ശിവപ്രസാദ്‌, മുതിർന്ന കർഷകൻ ആനന്ദൻ അഞ്ചംതറ എന്നിവർ മുഖ്യാതിഥികളായി. സ്വാഗതസംഘം ചെയർമാൻ വി ജി മോഹനൻ സ്വാഗതംപറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഗീത ഷാജി, കെ ഡി മഹേന്ദ്രൻ, നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ, ഉപാധ്യക്ഷൻ ടി എസ് അജയകുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ സിനിമോൾ സാംസൺ, ജെയിംസ് ചിങ്കുതറ, ഓമന ബാനർജി, ജി ശശികല, ടി എസ് ജാസ്‌മിൻ, കെഎൽഡിസി ചെയർമാൻ പി വി സത്യനേശൻ, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ പി എസ് ഷാജി, വി ഉത്തമൻ, സജിമോൾ ഫ്രാൻസിസ്, കൃഷി ഡയറക്‌ടർ അദീല അബ്‌ദുള്ള, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ സി അമ്പിളി, അഡീഷണൽ ഡയറക്‌ടർ ബിൻസി കെ എബ്രഹാം, ഡെപ്യൂട്ടി ഡയറക്‌ടർ സുജ ഈപ്പൻ, കോളേജ് മാനേജർ ഫാ. സെലസ്‌റ്റിൻ പുത്തൻപുരയ്‌ക്കൽ എന്നിവർ സംസാരിച്ചു.
മുന്നോടിയായി മായിത്തറയിൽനിന്ന്‌ കോളേജ്‌ അങ്കണത്തിലേക്ക്‌ വർണാഭമായ ഘോഷയാത്ര നടന്നു. മണ്ഡലത്തിലെ ഏഴ്‌ പഞ്ചായത്തുകളും നഗരസഭയും കാർഷികഗ്രൂപ്പുകളും അണിനിരന്നു.  29 വരെയാണ് നവീന കാഴ്‌ചകളും ചർച്ചകളും കലാവിരുന്നും ഒരുക്കിയുള്ള മേള. കാർഷികപ്രദർശനം, സെമിനാറുകൾ, ഡിപിആർ ക്ലിനിക്കുകൾ, ബിടുബി മീറ്റ് തുടങ്ങിയവയുണ്ടാകും. പ്രവേശനം സൗജന്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top