ആലപ്പുഴ
ചെസ് ചാമ്പ്യൻഷിപ്പുകളിൽ തുടർവിജയങ്ങളുടെ ത്രില്ലിലാണ് ഈ പതിനാറുകാരി. 2023ൽ 15 വയസിന് താഴെ പെൺകുട്ടികളുടെ വിഭാഗത്തിൽ സംസ്ഥാന ചാമ്പ്യനായ റിതികയാണ് ഇക്കുറി ജില്ലാ തലത്തിൽ 19 വയസിന് താഴെ വിജയിച്ചത്. സംസ്ഥാന സീനിയർ ഗേൾസ് സ്‌കൂൾ ഗെയിംസിൽ (19 വയസിന് താഴ) ചാമ്പ്യൻകൂടിയാണ്. അമ്പരപ്പിക്കുന്ന നീക്കങ്ങളിലൂടെ എതിരാളിയെ കുഴക്കി പോയിന്റുകൾ നേടുന്ന ആർ റിതികയെന്ന മിടുമിടുക്കിയുടെ വിജയരഹസ്യം കഠിനാധ്വാനം.
‘എട്ടാം വയസിൽ സ്‌കൂളിലൊരു ചെസ് മത്സരം വന്നു. അന്നെനിക്ക് ചെസിനെപ്പറ്റി ഒന്നും അറിയില്ലാരുന്നു. പക്ഷേ കണ്ടപ്പോൾ ഒരുപാട് താൽപ്പര്യം തോന്നി. പഠിക്കാനും തീരുമാനിച്ചു. മത്സരശേഷം അച്ഛനോട് പറഞ്ഞുതരാൻ ആവശ്യപ്പെട്ടു. അച്ഛനാണ് എന്റെ ആദ്യഗുരു’–- റിതിക പറഞ്ഞു. പഠനത്തിനൊപ്പം ചെസ് പരിശീലനത്തിനും മൂന്നുമുതൽ നാല് മണിക്കൂർവരെ റിതിക മാറ്റിവയ്‌ക്കാറുണ്ട്. ആര്യാട് ഗവ. സ്‌കൂളിൽ പ്ലസ്‌വൺ വിദ്യാർഥിനിയാണ്.
മാതാപിതാക്കളായ അവലൂക്കുന്ന് കൊറ്റംകുളങ്ങര കോവിലകത്ത് ഹൗസിൽ ശ്രീജ ശേഖറും ആർ രാകേഷും റിതികയ്‌ക്ക് എല്ലാ പിന്തുണയും നൽകി ഒപ്പമുണ്ട്. കോട്ടയത്ത് സഞ്‌ജയ് എസ് പിള്ള എന്ന അധ്യാപകനാണ് പരിശീലിപ്പിക്കുന്നത്. സഹോദരി നികിത ഏഴാം സ്ഥാനം നേടി. ഏഴ് വയസിന് താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ സംസ്ഥാന ചാമ്പ്യനാണ് നികിത. ബിലീവേഴ്‌സ് ചർച്ച് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..