ആലപ്പുഴ
കയർ മേഖലയ്ക്ക് കുതിപ്പേകാൻ ഏഴു സംഘങ്ങൾ കൂടി ആധുനികവൽക്കരിച്ചു. ആലപ്പുഴ കയർ പ്രോജക്ടിലൂടെ തണ്ണീർമുക്കം, കൊക്കോതമംഗലം, പ്രിയദർശിനി (വനിത), പൂത്തോട്ട, വേളോർവട്ടം, ആയിരംതൈയിൽ, കഞ്ഞിക്കുഴി സംഘങ്ങളാണ് 4.9 കോടി ചെലവിൽ സംസ്ഥാന സർക്കാർ ആധുനികവത്‌കരിച്ചത്. സംസ്ഥാന കയർ മെഷീനറി മാനുഫാക്‌ചറിങ് കമ്പനി ലിമിറ്റഡാണ് അത്യാധുനിക കയർ ഉൽപ്പാദന യന്ത്രങ്ങൾ നിർമിച്ചുനൽകിയത്. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പദ്ധതിയുടെ ഭാഗമായാണ് ഇവ പ്രവർത്തനസജ്ജമാക്കുന്നത്.
ഷെഡ് ഉൾപ്പടെ 10 ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീനുകൾ സ്ഥാപിച്ചുകൊണ്ട് ഏഴ് ഫാക്ടറി സമുച്ചയങ്ങൾ സ്ഥാപിച്ചു. കെട്ടിടം ഉൾപ്പടെ ഒരു സംഘത്തിന് 70 ലക്ഷം രൂപയാണ് ചെലവ്. ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീനുകൾ കൂടാതെ അൺബൺഡിലിങ് മെഷീനുകൾ, ചകിരി വൃത്തിയാക്കുന്ന വില്ലോയിങ് മെഷീനുകൾ, കയർ ചുറ്റിയെടുക്കുന്ന മെഷീനുകൾ, സ്‌പൂളിങ് മെഷീൻ എന്നിവ ഉൾക്കൊള്ളുന്നതാണ് ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീന്റെ ഒരു ഫാക്ടറി സമുച്ചയം.
ഒരു സംഘത്തിൽ പ്രതിദിനം ശരാശരി 3.5 ടൺ കയർ ഉത്പാദനം ഇതിലൂടെ സാധ്യമാകും. ഏഴു സംഘങ്ങളിലായി ആകെ 24.5 ടൺ കയർ ഉത്പാദനം സാധ്യമാകും. 120 തൊഴിലാളികൾക്ക് സ്ഥിരം തൊഴിൽ കിട്ടും.
മാഗ്‌നറ്റിക് ലൂം
ഇന്നും തടി കൊണ്ടുള്ള ലൂം മെഷീനുകൾ ഉപയോഗിച്ചാണ് കയർഉൽപ്പന്നങ്ങൾ നിർമിക്കുന്നത്. ഇവയ്‌ക്ക് വിദേശത്ത് ഉൾപ്പെടെ വിപണിയുണ്ട്. എന്നാൽ വലിയ തോതിൽ ഉൽപ്പാദിപ്പിക്കാനാകില്ല എന്നതാണ് തടി ലൂമിന്റെ പോരായ്‌മ. ഇത് മറികടക്കാനായി സംസ്ഥാന കയർ മെഷീനറി മാനുഫാക്‌ചറിങ് കമ്പനി ലിമിറ്റഡ് പുതുതായി മാഗ്‌നറ്റിക് ലൂം വികസിപ്പിച്ചെടുത്തു. കുറഞ്ഞ ചെലവിൽ മികച്ച ഉൽപ്പാദനമാണ് മെഷീൻ ഉറപ്പാക്കുന്നത്. മാർക്കറ്റിൽ നിലവിൽ ലഭ്യമായിട്ടുള്ള യന്ത്രങ്ങളുടെ അപേക്ഷിച്ച് നാലിലൊന്ന് വില മാത്രമാണ് ഇതിനാവുക. ഒരാൾക്ക് തനിയെ ഉപയോഗിക്കാവുന്ന മെഷീൻ വീടുകളിലും സ്ഥാപിക്കാനാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..