വയലാർ
വർഗീയതക്കെതിരെ രാജ്യത്ത് ബദൽ രാഷ്‌ട്രീയം ഉയർത്തിപ്പിടിക്കുന്നത് പിണറായി വിജയൻ സർക്കാരാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം സജിചെറിയാൻ പറഞ്ഞു. വയലാർ രക്തസാക്ഷിമണ്ഡപത്തിൽ പതാക ഉയർത്തലിന് മുന്നോടിയായി ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ സർക്കാരിനെയും തകർക്കാനും സംസ്ഥാനത്ത് നടക്കുന്ന എല്ലാ വികസനപ്രവർത്തനങ്ങളെ ഇല്ലായ്‌മ ചെയ്യാനും ഗൂഢാലോചന നടക്കുന്നു. ഇതെല്ലാം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് പ്രസ്ഥാനത്തെയും സർക്കാരിനെയും ശക്തിപ്പെടുത്തണം.
ചൂഷണത്തിനും അടിച്ചമർത്തലിനും വിധേയമായവരുടെ വികാരവിസ്‌ഫോടനമാണ് പുന്നപ്ര വയലാർ സമരം. സ്വാതന്ത്ര്യത്തിന് ശേഷം 1957 വരെ കോൺഗ്രസ് അധികാരത്തിൽ ഇരുന്നെങ്കിലും തെരഞ്ഞെടുപ്പിലൂടെ ഇഎംഎസ് സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് ജന്മിത്വം അവസാനിപ്പിച്ച് ഭൂപരിഷ്‌കരണവും വിദ്യാഭ്യാസ പരിഷ്‌കാരവും നടപ്പാക്കിയത്.
അവകാശങ്ങൾ നേടാൻ തൊഴിലാളികൾക്ക് സമരംചെയ്യാൻ അവകാശം ഉറപ്പാക്കി. പിന്നീട് ഇടതുപക്ഷം അധികാരത്തിൽ വന്നപ്പോഴെല്ലാം കേരളത്തിൽ വലിയ മാറ്റങ്ങൾക്ക് അനുകൂലമായ നടപടികൾ സ്വീകരിച്ചു. സാക്ഷരതാപ്രസ്ഥാനവും ജനകീയാസൂത്രണവും ഉദാഹരണങ്ങളാണ്.
പുന്നപ്ര–-വയലാർ സമരത്തെ ഒറ്റിക്കൊടുത്തവരാണ് കേരളത്തിലെ പ്രതിപക്ഷം. അവർ വിമോചനസമരത്തിലൂടെയും അടിയന്തരാവസ്ഥയിലൂടെയും ഇടതുപക്ഷത്തെ തകർക്കാൻ ശ്രമിച്ചു. ആലപ്പുഴയിലെ തൊഴിലാളി പ്രസ്ഥാനങ്ങളും കമ്യൂണിസ്റ്റ് പാർടിയും കേരളത്തിനും ഇന്ത്യയ്‌ക്കും മാതൃകയാണ്. പുന്നപ്ര–-വയലാർ രക്തസാക്ഷികൾ ഉയർത്തിയ ആശയങ്ങളും മുദ്രാവാക്യങ്ങളും കാലികപ്രസക്തിയുള്ളതാണ്. ജാതി–-മത ഭിന്നതകൾ സൃഷ്‌ടിച്ച് ഭരണാധികാരം നിലനിർത്തുന്ന സംഘപരിവാർ നീക്കം ചെറുക്കാൻ ജനങ്ങളെ യോജിപ്പിച്ച് അണിനിരത്തുകയാണ് പുന്നപ്ര–-വയലാർ രക്തസാക്ഷികളുടെ പിൻമുറക്കാരുടെ കടമയെന്നും സജി ചെറിയാൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..