ആലപ്പുഴ
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്തനിവാരണ തയ്യാറെടുപ്പും കാര്യശേഷിയും വർധിപ്പിക്കാൻ പമ്പാ നദീതട ജില്ലകളിൽ റീ ബിൽഡ് കേരള പ്രോഗ്രം ഫോർ റിസൾട്ട്സ് പദ്ധതിയുടെ ഭാഗമായി കില, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ജില്ലാ ദുരന്തനിവാരണ അതോറിറ്റി എന്നിവരുടെ നേതൃത്വത്തിൽ മോക്ക്ഡ്രില്ലുകൾ സംഘടിപ്പിക്കും.
പ്രാഥമിക ഘട്ടത്തിൽ ജില്ലയിൽ ചമ്പക്കുളം, നെടുമുടി, കൈനകരി, പുളിങ്കുന്ന്, ആലപ്പുഴ നഗരസഭ എന്നീ തദ്ദേശസ്ഥാപനങ്ങളെ ഉൾപ്പെടുത്തിയുള്ള മോക്ക് ഡ്രിൽ പരിശീലനം 25ന് ചമ്പക്കുളം പഞ്ചായത്തിൽ ഒന്നാം വാർഡിലെ നെടുമുടി ബോട്ട് ജെട്ടിക്ക് സമീപം പകൽ 2.30ന് നടത്തും. വെള്ളപ്പൊക്ക പ്രതിരോധ തയ്യാറെടുപ്പുകളെ ലക്ഷ്യമിട്ട് നടത്തുന്ന ഈ മോക്ക്ഡ്രില്ലുകളുടെ ആസൂത്രണ യോഗം തിങ്കളാഴ്‌ച ചമ്പക്കുളം പഞ്ചായത്തിൽ ചേർന്നു.
ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി ജി ജലജകുമാരി അധ്യക്ഷയായി. കുട്ടനാട് തഹസിൽദാർ പി ഡി സുധി, ഡെപ്യൂട്ടി കലക്‌ടർ പ്രേംജി, കില അസിസ്‌റ്റന്റ് പ്രൊഫ. മോനിഷ് ജോസ്, ജില്ലാ ഹസാർഡ് അനലിസ്‌റ്റ് ചിന്തു, കുട്ടനാട് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ പ്രദീപ് എന്നിവർ സംസാരിച്ചു. നെടുമുടി, പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റ് ജനപ്രതിനിധികൾ, വിവിധ വില്ലേജ് ഓഫീസർമാർ, പൊലീസ്, ഫയർ ആൻഡ് സേഫ്റ്റി, കെഎസ്ആർടിസി, കെഎസ്ഡബ്ല്യുടിഡി, ആരോഗ്യം, വിദ്യാഭ്യാസം, മോട്ടോർ വാഹന വകുപ്പ്, കെഎസ്ഇബി, വാട്ടർ അതോറിറ്റി തുടങ്ങിയവയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..