22 November Friday
കാർത്തികപ്പള്ളി ഏരിയ സമ്മേളനം സമാപിച്ചു

ലോകം ശ്രമിക്കുന്നത് കേരള മാതൃക പിന്തുടരാൻ: തോമസ് ഐസക്‌

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024

​സിപിഐ എം കാർത്തികപ്പള്ളി ഏരിയ സമ്മേളനത്തിന്റെ പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം 
ഡോ. ടി എം തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്നു

കാർത്തികപ്പള്ളി 
തെരഞ്ഞെടുപ്പിന് മുൻപ് നാന്നൂറിലധികം സീറ്റുകൾ നേടുമെന്ന്‌ പറഞ്ഞ ബിജെപിയെ ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാതാക്കിയത്‌ സിപിഐ എം മുന്നോട്ട് വച്ച രാഷ്ട്രീയ പാർടികളുടെ ജനാധിപത്യ ഐക്യമെന്ന് കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക്. കാർത്തികപ്പള്ളി ഏരിയ സമ്മേളനത്തിന്റെ സമാപനം കുറിച്ചുള്ള പൊതുസമ്മേളനം കാർത്തികപ്പള്ളി ജങ്ഷനിലെ സീതാറാം യെച്ചൂരി നഗറിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
മൂന്നാംതവണയും എൽഡിഎഫ് സർക്കാരിന്റെ വരവിനായി പ്രവർത്തിക്കണം. ദക്ഷിണാഫ്രിക്ക പോലും സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതി, വാർധക്യ പെൻഷൻ പദ്ധതിയെല്ലാം അത്ഭുതത്തോടെ നോക്കിക്കാണുന്നു. കേരളമാതൃക പിന്തുടരാനാണ് ലോകം ശ്രമിക്കുന്നത്. സംസ്ഥാനത്തെ ഭൗതിക സാഹചര്യങ്ങൾ വർധിപ്പിച്ച്‌ വ്യാവസായിക വിപ്ലവത്തിന് അടിത്തറ പാകുകയാണ് സർക്കാർ. സാധാരണ വീട്ടിലെ കുട്ടികൾക്ക് വളർന്നുവരുന്ന സാങ്കേതികവിദ്യ അന്യമാകരുതെന്ന ലക്ഷ്യത്തോടെ വീടുകളിലേക്ക് കെ ഫോൺ എത്തിച്ചു. വരുംതലമുറയ്ക്ക് സ്വന്തം നാട്ടിൽ തന്നെ വിദ്യാഭ്യാസ യോഗ്യതയനുസരിച്ചുള്ള ജോലി ലഭിക്കാൻ സർക്കാർ മുൻകൈയെടുക്കുന്നു. 65,000 കോടി മുതൽമുടക്കിൽ ദേശീയപാത വികസനം സംസ്ഥാനത്ത് നടപ്പാക്കിയതും എൽഡിഎഫ് സർക്കാരിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇച്ഛാശക്തി കൊണ്ടാണ്. ഇതിന് കിഫ്‌ബി വഴിയൊരുക്കി. ഇത്തരത്തിൽ മാതൃകാപരമായ സംസ്ഥാനത്തെ തകർക്കാനാണ് ബിജെപിയും കോൺഗ്രസും ശ്രമിക്കുന്നത്. 1000 കോടി വായ്‌പയെടുക്കാനുള്ള സിഐജിയുടെ അപേക്ഷ പോലും കേന്ദ്രം വൈകിപ്പിക്കുന്നു. തെരഞ്ഞെടുപ്പിന് മുൻപ് ഈ പണം കൊണ്ട് കേരളത്തിൽ വികസനം ഉണ്ടാകരുതെന്നാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇതിലൂടെ വെറുപ്പിന്റെ കടകൾ തുറക്കുകയാണ് ബിജെപി. ബിജെപിക്ക് കേരളത്തിൽ ആകെ ലഭിച്ച ഒരു സീറ്റ്‌ കോൺഗ്രസിന്റെ ദാനമാണെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിന്റെ ഭാഗമായി ചിങ്ങോലി എൻടിപിസി ജങ്ഷനിൽനിന്ന്‌ ആരംഭിച്ച ചുവപ്പുസേന മാർച്ചും പ്രകടനവും കാർത്തികപ്പള്ളി ജങ്ഷനിൽ സമാപിച്ചു. തുടർന്ന്, ഡോ. ടി എം തോമസ് ഐസക്  ചുവപ്പുസേനയുടെ സല്യൂട്ട് സ്വീകരിച്ചു. കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി കെ വിജയകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം എം സത്യപാലൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എൻ സജീവൻ, എം സുരേന്ദ്രൻ, ടി കെ ദേവകുമാർ, കാർത്തികപ്പള്ളി ഏരിയ കമ്മിറ്റി അംഗങ്ങളായ വി കെ സഹദേവൻ, ബി രാജേന്ദ്രൻ, ടി എസ് താഹ, ടി സുരേന്ദ്രൻ, എ എം നൗഷാദ് എന്നിവർ സംസാരിച്ചു.സ്വാഗതസംഘം ചെയർമാൻ പ്രൊഫ. കെ പി പ്രസാദ് സ്വാഗതവും ഏരിയ കമ്മിറ്റി അംഗം കെ ശ്രീകുമാർ നന്ദിയും പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top