ചേർത്തല
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അഴിമതി നടത്തിയ കോൺഗ്രസ് പഞ്ചായത്തംഗത്തെ അയോഗ്യമാക്കാൻ ചേന്നംപള്ളിപ്പുറം പഞ്ചായത്ത് യോഗം ശുപാർശചെയ്‌തു. ക്രിമിനൽ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. 16–-ാം വാർഡംഗം നൈസി ബെന്നിക്കെതിരെയാണ് നടപടി.
വാർഡിലെ തട്ടാംപറമ്പ്–-പുലിപ്ര ഷാലിമാർ റോഡ് നിർമാണത്തിലാണ് അഴിമതി. മസ്‌റ്റർറോളിൽ ഉൾപ്പെടുകയും തൊഴിൽചെയ്യാത്തതുമായ തൊഴിലാളികളുടെ വ്യാജ ഒപ്പിട്ട് അക്കൗണ്ടിലെത്തിയ പണം കൈക്കലാക്കിയെന്നാണ് കണ്ടെത്തൽ. മറ്റ് തൊഴിലാളികളെ കബളിപ്പിച്ച് പണം കൈപ്പറ്റിയെന്നും തെളിഞ്ഞു.
ഗുരുതര ക്രമക്കേടിലൂടെ കൈപ്പറ്റിയ പണം ഓബുഡ്‌സ്‌മാൻ ഉത്തരവ് പ്രകാരം പലിശസഹിതം 25,849 രൂപ നൈസി പഞ്ചായത്ത് ഓഫീസിലടച്ചു. ഈ സാഹചര്യത്തിലാണ് എൽഡിഎഫ് നിലപാടനുസരിച്ച് പഞ്ചായത്ത് കമ്മിറ്റി തുടർനടപടിയിലേക്ക് കടന്നത്. അഴിമതി തെളിഞ്ഞ സാഹചര്യത്തിൽ നൈസിയെ അയോഗ്യയാക്കാനാണ് നടപടി.
ക്രിമിനൽ നിയമനടപടിക്ക് ജില്ലാ പൊലീസ് മേധാവിക്ക് പരാതിനൽകാൻ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. മുൻ സെക്രട്ടറി ഉൾപ്പെടെ ഉദ്യോഗസ്ഥർക്ക് തട്ടിപ്പിൽ പങ്കുണ്ടോയെന്ന് പരിശോധിക്കാനും തീരുമാനിച്ചു. മഹാത്മാഗാന്ധിയുടെ നാമഥേയത്തിലെ പദ്ധതി കോൺഗ്രസുകാരി അഴിമതിക്ക് ഉപയോഗിച്ചതിനെതിരെ എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധ ധർണ നടത്തി. പഞ്ചായത്ത് ഓഫീസ് അങ്കണത്തിലെ ഗാന്ധിപ്രതിമയ്‌ക്ക് മുന്നിലായിരുന്നു പ്രതിഷേധം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..