23 December Monday
റീസൈക്കിൾ കേരള

പുനർനിർമാണത്തിന്‌ നാടുണരുന്നു

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020
ആലപ്പുഴ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് സമാഹരിക്കാൻ   ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന "റീസൈക്കിൾ കേരള’ ക്യാമ്പയിൻ ജനങ്ങൾ ഏറ്റെടുത്തു. പഴയപത്രവും ഉപയോഗശൂന്യമായ വസ്‌തുക്കളും മാത്രമല്ല ചക്കയും മാങ്ങയും നാളികേരവും ഉൾപ്പെടെയുള്ളവയും ശേഖരിക്കുന്നു. ഇത് വിൽപ്പന നടത്തി ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും.  
ചിത്രംവര, കിണർ ശുചീകരണം, വാഹനം വൃത്തിയാക്കൽ, പുരയിടം ശുചീകരിക്കൽ തുടങ്ങിയവ ചെയ്‌തും പണം കണ്ടെത്തുന്നുണ്ട്. നിരവധി പ്രമുഖർ ഇതിനോടകം തന്നെ ഈ ക്യാമ്പയിനിൽ പങ്കാളികളായി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശൻ,   വയലാർ ശരച്ചന്ദ്രവർമ, നാടകക‌ൃത്ത് ഫ്രാൻസിസ് ടി മാവേലിക്കര, ചലച്ചിത്ര സംവിധായകൻ കണ്ണൻ താമരക്കുളം, മജീഷ്യൻ സാമ്രാജ്, സജി ചെറിയാൻ എംഎൽഎ,  സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, കെഎസ്‌ഡിപി  ചെയർമാൻ സി ബി ചന്ദ്രബാബു, എ എം ആരിഫ് എംപി, ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ‌ ഡോ. കെ സി ജോസഫ്, മികച്ച കായിക  അധ്യാപകനുള്ള അവാർഡ് നേടിയ കെ കെ പ്രതാപൻ തുടങ്ങിയവർ പങ്കാളികളായി. 
മജീഷ്യൻ സാമ്രാജ് ബൈക്കാണ്‌ നൽകിയത്‌. കായംകുളം ചിറക്കടവം സ്വദേശി എട്ടാം ക്ലാസ്‌ വിദ്യാർഥിനി ജാസ്‌മിൻ സൈക്കിളും കായംകുളം ക‌ൃഷ്‌ണപുരം അമ്മു വിജയൻ കരകൗശലവസ്‌തുക്കളും മാവേലിക്കര ഓലകെട്ടിയമ്പലം ബിന്ദു റെജി സ്‌കൂട്ടറും മകൻ ജീവൻ സൈക്കിളും കൈമാറി. കറ്റാനം സ്വദേശി രാമചന്ദ്രൻപിള്ള പുതിയതായി വാങ്ങിയ എയർ കൂളർ നൽകി. 
കോമളപുരം, ഐക്യഭാരതം മേഖലാ കമ്മിറ്റികൾ ചേർന്ന്‌ വേറിട്ട രീതിയിലാണ് ക്യാമ്പയിൻ നടത്തിയത്.‌ കോമളപുരത്ത് പത്രക്കെട്ടുകൾ നൽകിയവർക്ക്‌ പച്ചക്കറിത്തൈകൾ വിതരണംചെയ്‌തു. ജില്ലാ സെക്രട്ടറി ആർ രാഹുൽ‌ ഉദ്‌ഘാടനംചെയ്‌തു.
മാവേലിക്കര തെക്കേക്കരയിലെ രക്തസാക്ഷി കുറത്തികാട് ഇടത്തറയിൽ വി അജിത്തിന്റെ അമ്മ നളിനി ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷറർ ജി വിഷ്‌ണുവിന് പത്രക്കെട്ടുകൾ കൈമാറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top