05 December Thursday

തദ്ദേശ സ്ഥാപനങ്ങളിൽ ഇനി 
കൂട്ടുപലിശയില്ല

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024
ആലപ്പുഴ
തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്ന കുടിശ്ശികകൾക്ക്‌ ഇനിമുതൽ കൂട്ടുപലിശ ഉണ്ടാവി]ല്ല. ആലപ്പുഴയിൽ നടന്ന അദാലത്തിൽ ചേർത്തല സ്വദേശി ടി എം ദാസൻ നൽകിയ പരാതിയിലാണ്‌ ഈ തീരുമാനം. വസ്തുനികുതി, വാടക എന്നിവയുടെ കുടിശ്ശിക കൂട്ടുപലിശ നിരക്കിലാണ്‌ ഈടാക്കിയിരുന്നത്‌. ഇതിനാണ്‌ അവസാനമായത്‌. ഇനി സംസ്ഥാനത്താകെ ക്രമപലിശ മാത്രമാകും ഈടാക്കുക. കുടിശ്ശികയിൽ രണ്ട് ശതമാനം പലിശ ചുമത്തി കുടിശ്ശികയ്ക്കൊപ്പം ചേർത്ത് അടുത്ത മാസം പലിശയ്ക്ക് മുകളിൽ വീണ്ടും പലിശ ചുമത്തുന്ന രീതിയാണ്‌ ഇതുവരെ തുടർന്നിരുന്നത്‌.  
ഭവനനിർമാണം പൂർത്തിയാകാത്തതിനാൽ 12 വർഷം മുമ്പ്‌ നൽകിയ സർക്കാർ ധനസഹായം പലിശയും ചേർത്ത്‌ തിരിച്ചടയ്‌ക്കണമെന്ന്‌ കാണിച്ച്‌ ലഭിച്ച കത്തുമായാണ്‌ കുത്തിയതോട് സ്വദേശി ഗീതമ്മ എത്തിയത്‌. പരാതി പരിഗണിച്ച മന്ത്രി 1,76,249 രൂപയും എഴുതിത്തള്ളാൻ ഉത്തരവിട്ടു. സമാനമായ പരാതികളിൽ സംസ്ഥാനതലത്തിൽ നിയോഗിക്കുന്ന സമിതി പരിശോധിച്ച് ആവശ്യമായ ഇളവ് അനുവദിക്കുന്ന നിലയിൽ പൊതുനിർദേശം നൽകാനും തീരുമാനമായി. 
ദേശീയപാത സർവീസ് റോഡിലേക്ക്‌ പ്രവേശിക്കാൻ അനുമതിയില്ലെന്ന കാരണത്തിൽ അഞ്ച് സെന്റിൽ താഴെ ഭൂമിയുള്ളവരുടെ കെട്ടിട നിർമാണ പെർമിറ്റ് ഇനി തടയില്ല. തീരദേശ പരിപാലന നിയമത്തിന്റെ പരിധിയിൽപ്പെട്ടതും അനുമതി വാങ്ങാതെ നിർമിച്ചതുമായ കെട്ടിടം ക്രമവൽക്കരിക്കുന്നതിന്‌ സമയ പരിധി നീട്ടി നൽകാൻ പരിസ്ഥിതി വകുപ്പിനോട് ശുപാർശ ചെയ്യും. അദാലത്തിൽ സമാന ആവശ്യമടങ്ങിയ ആറ് പരാതികൾ ലഭിച്ചു. ഇവ പരിശോധിച്ച ശേഷമാണ് വീടുകൾക്ക് സമയപരിധി നീട്ടി നൽകുന്ന കാര്യം പരിഗണിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top