22 December Sunday
അപേക്ഷിച്ചത് നിരാക്ഷേപ പത്രത്തിന്

അദാലത്ത്‌ അനുഗ്രഹമായി, 
ഗീതമ്മയുടെ 1.76 ലക്ഷം എഴുതിത്തള്ളി

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2024
 
ആലപ്പുഴ
മകളുടെ വിവാഹ ആവശ്യത്തിനായി സ്ഥലം വിൽക്കാൻ നിരാക്ഷേപപത്രത്തിനായെത്തിയ കുത്തിയതോട് സ്വദേശി ഗീതമ്മക്ക്‌ തദ്ദേശ അദാലത്ത്‌ അനുഗ്രഹമായി. 12 വർഷം മുമ്പ്‌ സർക്കാരിൽനിന്ന്‌ ധനസഹായം ലഭിച്ചിട്ടും ഭവനനിർമാണം നടത്തിയില്ല എന്ന കാരണത്താൽ തിരിച്ചടയ്ക്കേണ്ട തുകയും പലിശയും ചേർത്തുള്ള 1,76,249 രൂപ എഴുതിത്തള്ളാൻ മന്ത്രി എം ബി രാജേഷ് ഉത്തരവിട്ടു. ഇത്രയും പഴക്കമുള്ള, സമാനമായ പരാതികളിൽ സംസ്ഥാനതലത്തിൽ നിയോഗിക്കുന്ന സമിതി പരിശോധിച്ച് ആവശ്യമായ ഇളവ് അനുവദിക്കുന്ന നിലയിൽ പൊതുനിർദേശം നൽകുമെന്നും മന്ത്രി അറിയിച്ചു.
12 വർഷം മുമ്പാണ് ഇഎംഎസ് ഭവനപദ്ധതി പ്രകാരം രണ്ടുഗഡുവായി ഗീതമ്മയ്ക്ക് 52,500 രൂപ അനുവദിച്ചത്. തറ നിർമാണം പൂർത്തിയായെങ്കിലും, ഭർത്താവിന്റെ രോഗമുൾപ്പെടെയുള്ള കാരണങ്ങളാൽ വീടിന്റെ പണി തുടരാനായില്ല. ഇതിനാൽ ലഭിച്ച തുക തിരിച്ചടയ്ക്കാൻ നോട്ടീസ് ലഭിച്ചു. നിലവിൽ തിരിച്ചടയ്ക്കേണ്ട തുക പലിശയായ 1,20,749 രൂപ ഉൾപ്പെടെ 1,76,249 രൂപയായി വർധിച്ചു. നിർധന കുടുംബം ഇപ്പോഴും ചെറിയ കൂരയിലാണ് താമസം. 
ലൈഫ് ഭവന പദ്ധതിയിൽ നിലവിൽ നാലു ലക്ഷമാണ് ഭവന നിർമാണത്തിന് അനുവദിക്കുന്നത്. നിലവിലേതുമായി താരതമ്യം ചെയ്യുമ്പോൾ ചെറിയ തുകയാണ് 12 വർഷം മുമ്പ്‌ അനുവദിച്ചിരുന്നത്.      കടുത്ത സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്ന കുടുംബത്തിന് മേൽ ഒന്നേമുക്കാൽ ലക്ഷം രൂപയുടെ അധികബാധ്യത കൂടുതൽ ദരിദ്രാവസ്ഥയിലേക്കും കടക്കെണിയിലുമെത്തിക്കുമെന്നുള്ളത്‌ പരിഗണിച്ചാണ് ഇളവ് നൽകാൻ നിർദേശം പുറപ്പെടുവിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top