അരൂർ
നിയമക്കുരുക്കുകളാൽ ഉദ്യോഗസ്ഥതലത്തിൽ പരിഹരിക്കാൻ കഴിയാതിരുന്ന അരൂർ ഒന്നാംവാർഡ് കടവിൽ പറമ്പിൽ പ്രദീപിന്റെ അപേക്ഷയിൽ ആശ്വാസ നടപടിയുമായി തദ്ദേശ അദാലത്ത്. ലൈഫ് ഭവന പദ്ധതിയുടെ സഹായത്തോടെ പുതുതായി പൂർത്തിയാക്കിയ വീടിന് നമ്പർ ലഭിക്കാത്തതിനാൽ മാസങ്ങളായി വിവിധ ഓഫീസുകൾ കയറിയിറങ്ങുകയായിരുന്നു. അവസാന പ്രതീക്ഷയുമായാണ് പ്രദീപ് മന്ത്രിയുടെ അദാലത്തിൽ എത്തിയത്.
അതിരുകളിൽനിന്ന് ചട്ടപ്രകാരമുള്ള ദൂരം പാലിച്ചില്ലെന്ന കാരണത്താലാണ് പ്രദീപിന് വീട്ടുനമ്പർ ലഭിക്കാതിരുന്നത്. അദാലത്തിൽ അപേക്ഷ പരിഗണിച്ച മന്ത്രി പരമ്പരാഗത മത്സ്യത്തൊഴിലാളിയാണെന്നതും വളരെ ചെറിയ പ്ലോട്ടിൽ ലൈഫ് പദ്ധതിയുടെ ആനുകൂല്യത്തോടെ വീട് നിർമിച്ചതും കണക്കിലെടുത്ത് കെട്ടിട നമ്പർ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ സെക്രട്ടറിക്ക് നിർദേശം നൽകുകയായിരുന്നു.
മന്ത്രിയുടെ ഉത്തരവ് കിട്ടിയതോടെ ഉദ്യോഗസ്ഥർക്ക് പ്രശ്‌നം പരിഹരിക്കാൻ കഴിഞ്ഞു. മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിൽ സന്തോഷവും നന്ദിയും അറിയിച്ചാണ് പ്രദീപ് വേദിയിൽനിന്ന് മടങ്ങിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..